ഇറച്ചി കൊടുത്ത വകയിലുള്ള പണം കിട്ടുന്നതിന് തട്ടുകടക്കാരനെ കടയില്‍ കയറി കുത്തി പരിക്കേല്പിച്ചു; പ്രതി അറസ്റ്റില്‍

നിഷാദ്.
ഇരിങ്ങാലക്കുട: ഇറച്ചികൊടുത്ത വകയിലുള്ള പണംകിട്ടുന്നതിനുവേണ്ടി തട്ടുകടക്കാരനെ കടയില്‍കയറി കുത്തിപ്പരിക്കേല്പിച്ചു. പ്രതി എടതിരിഞ്ഞി പോത്താനി സ്വദേശി കോച്ചുവീട്ടില് നിഷാദ്(37)നെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. കുത്തേറ്റ എടതിരിഞ്ഞി സ്വദേശി അണകുത്തിപറമ്പില്വീട്ടില് സിജേഷ്(46) ഇരിങ്ങാലക്കുട – കാട്ടൂര്‍ റോഡില്‍ ബിവറേജിനുസമീപം തട്ടുകട നടത്തുന്നുണ്ട്. എടതിരിഞ്ഞിയില്‍ ഇറച്ചിക്കച്ചവടം നടത്തുന്ന നിഷാദില്നിന്നു സിജേഷ് ഇറച്ചി വാങ്ങിയതിന് പണം കൊടുക്കാനുണ്ട്. ഈ പണം ചോദിച്ച് കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ നിഷാദ് തട്ടുകടയില്‍ എത്തുകയും സിജേഷുമായി തര്ക്കത്തിലാവുകയുമായിരുന്നു.
നിഷാദ് കത്തി ഉപയോഗിച്ച് സിജേഷിന്റെ വയറില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വയറിന് ഗുരുതരപരിക്കേറ്റ സിജേഷ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവില്‍പോയ നിഷാദിനെ എടതിരിഞ്ഞിയില്നിന്ന് ഇരിങ്ങാലക്കുട പോലീസ് പിടികൂടി. നിഷാദിന്റെ പേരില്‍ 2023ല്‍ കയ്പമംഗലം പോലീസ്സ്റ്റേഷനില്‍ ഒരു അടിപിടിക്കേസുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പക്ടര്‍ അനീഷ് കരീം, സബ് ഇന്‍സ്പെക്ടര്‍ ശ്രീധരന്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ.വി. ഉമേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, എം.ആര്. കൃഷ്ണദാസ്, രെജീഷ്, ശരത്ത്, ഫ്രെഡി റോയ് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.