പരിതാപകരം; പുല്ലൂരിലെ കുടുംബശ്രീ കിയോസ്കിന്റെ അവസ്ഥ, അടഞ്ഞു കിടന്നിട്ട് രണ്ടു വര്‍ഷമായി

പുല്ലൂര്‍ പുളിഞ്ചോട്ടില്‍ അടച്ചിട്ടിരിക്കുന്ന കുടുംബശ്രി സിഡിഎസ് നിര്‍മിച്ച കിയോസ്ക്.
പുല്ലൂര്‍: ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് മുരിയാട് പഞ്ചായത്തിലെ പുല്ലൂരില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കുടുംബശ്രീ നിര്‍മിച്ച കിയോസ്ക് തുറക്കാനാകാതെ നശിക്കുന്നു. പുല്ലൂര്‍ പുളിഞ്ചോട്ടില്‍ വഴിയാത്രക്കാര്‍ക്കായി നിര്‍മിച്ച കിയോസ്കസാണ് രണ്ടു വര്‍ഷമായി അടച്ചിട്ടിരിക്കുന്നത്. കുടുംബശ്രീ ജില്ലാമിഷന്റെ ഫണ്ട് ഉപയോഗിച്ച് രണ്ടുവര്‍ഷം മുമ്പ് രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് ഇത് നിര്‍മിച്ചത്. ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് കുടുംബശ്രീ ഇത്തരം കിയോസ്ക് സ്ഥാപിച്ചിട്ടുള്ളത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി ഉപജീവനത്തിനായി ഒരു കുടുംബശ്രീ അംഗത്തിനാണ് ഇത് നോക്കി നടത്താനായി നല്‍കിയിരുന്നത്.
കുടുംബശ്രീ അംഗങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന ഉത്പന്നങ്ങള്‍ക്കൊപ്പം നോക്കിനടത്താന്‍ ചുമതലപ്പെട്ട കുടുംബശ്രീ അംഗം സ്വന്തമായി നിര്‍മിച്ചിരുന്ന സാധനങ്ങളുമാണ് ഇതുവഴി വിറ്റിരുന്നത്. എന്നാല്‍ ഇതിനെതിരേ കുറച്ചുപേര്‍ പിഡബ്ല്യുഡിക്ക് പരാതി നല്‍കിയതോടെയാണ് അടച്ചിടേണ്ടി വന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാല്‍ എത്രയും വേഗം സ്ഥാപനം മാറ്റാന്‍ നിര്‍ദേശിച്ച് പിഡബ്ല്യുഡി നോട്ടീസ് നല്‍കിയതോടെയാണ് കിയോസ്ക് അടച്ചിടേണ്ടിവന്നത്. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ മറ്റെവിടെയെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നുവെങ്കിലും നടപ്പിലായില്ല.
