കല്ലേറ്റുംകര നിപ്മനു അഭിമാന നേട്ടം; മികച്ച ഒക്യുപേഷണല്‍ തെറാപ്പി ഗ്രാഡുവേറ്റ് ആയി നിപ്മറിലെ റിഥാ അഷ്കര്‍ തെരെഞ്ഞെടുക്കപ്പെട്ടു

റിഥാ അഷ്കര്‍.
ഇരിങ്ങാലക്കുട: ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്സ് അസോസിയേഷന് നടത്തിയ ദേശീയ മത്സരങ്ങളില്‍ 2024 ലെ മികച്ച ഒക്യുപേഷണല്‍ തെറാപ്പി ഗ്രാഡുവേറ്റ് ആയി നിപ്മറിലെ റിഥാ അഷ്കര്‍ തെരെഞ്ഞെടുക്കപ്പെട്ടു. ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്സ് അസോസിയേഷന് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരപരീക്ഷയില്‍ മികച്ച വിജയം നേടിയാണ് റിഥാ അഷ്കര്‍ 2024 ലെ മികച്ച ഒക്യുപേഷണല്‍ തെറാപ്പി ഗ്രാഡുവേറ്റ് ആയി തെരെഞ്ഞെടുക്കപ്പെട്ടത്.
മലപ്പുറം ചെറുകോട് വണ്ടൂര്‍ മധുരക്കാരിയന് വീട്ടില്‍ അഷ്കര്‍-അഫ്സ ദമ്പതികളുടെ മകളാണ് റിഥാ അഷ്കര്‍. ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്സ് അസോസിയേഷന് ദേശീയ മത്സരങ്ങളില്‍ സംഘഗാനം, സംഘ നൃത്തം, തെരുവ് നാടകം, ഫാഷന്‍ ഷോ എന്നീ ഇനങ്ങളിലും നിപ്മറിലെ ഒക്യുപേഷണല്‍ ബിരുദ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം നേടി. കൂടാതെ മികച്ച ഡിലീഗേറ്റ് അവാര്‍ഡും നിപ്മര്‍ കരസ്തമാക്കിയിട്ടുണ്ട്. ഗോവയില്‍ വച്ച് ഫെബ്രുവരി 21 മുതല്‍ 23 വരെ നടന്ന ആള് ഇന്ത്യാ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് അസ്സിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 16 ഒക്യുപേഷണല്‍ തെറാപ്പി കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 1000ല്‍ അധികം ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ 62 മത് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യയിലെ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളുടെ ഏക പ്രൊഫഷണല്‍ സംഘടനയാണ് ആള് ഇന്ത്യ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന്. നിപ്മര്‍ നടത്തുന്ന നാലര വര്‍ഷ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി കോഴ്സിന് ആള് ഇന്ത്യ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്സ് അസോസിയേഷന്റെയും ലോക ഒക്യുപേഷണല്‍ തെറാപ്പി ഫെഡറേഷന്റെയും അംഗീകരമുണ്ട്. ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്സ് അസോസിയേഷന് ദേശീയ മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച നിപ്മറിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിനന്ദിച്ചു.