കുടിവെള്ളം മുട്ടിച്ചുള്ള വികസനം ആര്‍ക്കുവേണ്ടി; രൂക്ഷ വിമര്‍ശനവുമായി കൗണ്‍സിലര്‍മാര്‍

മാപ്രാണം ബ്ലോക്ക് ജംഗ്ഷനില്‍ റോഡുവികസനത്തിനായി പൊളിച്ച സ്ഥലത്ത് പൈപ്പുപൊട്ടി വെള്ളം കെട്ടികിടക്കുന്നു.
കുടിവെള്ള പ്രശ്നം; നഗരസഭ ചെയര്‍പേഴ്സണ്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കെഎസ്ടിപി അധികൃതര്‍ എത്തിയില്ല
ഇരിങ്ങാലക്കുട: കുടിവെള്ളം മുട്ടിച്ചാണോ വികസനം നടത്തേണ്ടത്, എന്നുള്ളതായിരുന്നു ഇന്നലെ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ ചോദ്യം. മൂന്നു മാസത്തിലധികമായി വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ കഷ്ടപ്പാട് നാം അറിയണം അതിനുപരിഹാരം കാണണം എന്നുള്ളതായിരുന്നു ഇന്നലെ നടന്ന യോഗത്തില്‍ ഉയര്‍ന്നുവന്നത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡു വികസന പ്രവര്‍ത്തികള്‍ നടക്കുന്നതു മൂലം നഗരസഭ പ്രദേശത്ത് പ്രത്യേകിച്ച് പഴയ പൊറത്തിശേരി മേഖലയില്‍ കുടിവെള്ള വിതരണം താറുമാറായിരിക്കുകയാണ്.
ഇക്കാര്യത്തില്‍ കൗണ്‍സിലര്‍മാരില്‍ നിന്നും പരാതികള്‍ ഉയര്‍ന്നതോടെയാണ് തിങ്കളാഴ്ച്ച കെഎസ്ടിപി അധികൃതരും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും ഉള്‍പ്പടെയുള്ളവരും പങ്കെടുക്കുന്ന യോഗം വിളിച്ചത്. തിങ്കളാഴ്ച അസൗകര്യമാണെന്നറിയിച്ചതോടെ യോഗം ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ കെഎസ്ടിപി അധികൃതര്‍ എത്തിയിരുന്നില്ല. പകരം പ്രൊജക്ട് മാനേജര്‍ റെജി പോള്‍ ആണ് യോഗത്തില്‍ എത്തിയത്. യോഗത്തില്‍ കെഎസ്ടിപി അധികൃതര്‍ എത്താതിരുന്നത് രൂക്ഷവിമര്‍ശനത്തിനിടയാക്കി.
വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരായ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.ജെ. സുനില്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സജിതഭായ് എന്നിവര്‍ യോഗത്തിനെത്തിയിരുന്നു. കെഎസ്ടിപിയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ആരുംതന്നെ പങ്കെടുക്കാത്തതില്‍ കൗണ്‍സിലര്‍മാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊതുജനങ്ങളുടെ വികാരം മനസിലാക്കണമെന്നും ഫോണ്‍വിളിച്ചാല്‍ പോലും ധിക്കാരപരമായ സമീപനമാണ് കെഎസ്ടിപി ഉദ്യോഗസ്ഥരുടേതെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ കെഎസ്ടിപി പ്രൊജക്ട് മാനേജര്‍ റെജി പോള്‍ യോഗം ആരംഭിച്ച് അല്പസമയത്തിനകം ഇറങ്ങിപോയി. കുടിവെള്ള വിതരണത്തില്‍ പരിപൂര്‍ണ ഉത്തരവാദിത്വം വാട്ടര്‍ അഥോറിറ്റിക്കാണെന്ന എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ അഭിപ്രായം ഏറെ ബഹളങ്ങള്‍ക്ക് ഇടവെച്ചു. ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ കക്കാട്ട് ക്ഷേത്രം വരെയുള്ള ഭാഗം പൈപ്പിടുവാന്‍ മൂന്നുമാസം കാത്തിരിക്കേണ്ട അവസ്ഥയുണ്ടായി. യോഗത്തില്‍ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിസഹായവസ്ഥ തുറന്നു പറഞ്ഞു.
റോഡ് പണിക്കായി കെഎ്സ്ടിപി നിര്‍ദേശിക്കുമ്പോള്‍ മാത്രമാണ് വാട്ടര്‍ കണക്ഷന് വിഛേദിക്കുന്നതുള്‍പ്പടെയുള്ള പണികള്‍ ചെയ്യാറുള്ളത്, പലപ്പോഴും മുന്‍കൂട്ടി വിവരങ്ങള്‍ അറിയിക്കാറില്ല. ക്രൈസ്റ്റ് കോളജ് ജംഗ്ഷനില്‍ പണി ആരംഭിക്കുന്നത് ആ ദിവസം രാവിലെയാണ് അറിയുന്നത്, മുന്‍കൂട്ടി അറിഞ്ഞാല്‍ ബദല്‍ സംവിധാനത്തിനു ശ്രമിക്കാമായിരുന്നു. ബ്ലോക്ക് ജംഗ്ഷനില്‍ കെഎസ്ടിപി സ്ഥാപിച്ച് പുതിയ പൈപ്പ് പൈപ്പുകളിലേക്ക് കണക്ഷന് മാറ്റിനല്‍കുന്ന പ്രവര്‍ത്തനം ഇന്നാരംഭിക്കുമെന്നും അഞ്ച് ദിവസത്തിനകം പണിപൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
മറ്റു നിര്‍ദേശങ്ങള്‍
* പൈപ്പിട്ട സ്ഥലങ്ങളില്‍ വാട്ടര്‍ കണക്ഷന് നല്‍കുന്നതിന് സംവിധാനമൊരുക്കണം.
യോഗത്തില്‍ പങ്കെടുക്കാത്തതില്‍ കെഎസ്ടിപി അധികൃതരോട് വിശദീകരണം ആവശ്യപ്പെടണം.
*പൂതംകുളം ഷോപ്പിംഗ് കോംപ്ലക്സിലേക്കുള്ള വാട്ടര്‍ കണക്ഷന് പുനഃസ്ഥാപിക്കണം.
*റോഡുപണിയുടെ ഭാഗമായി ഗതാഗതം തിരിച്ചുവിടുന്ന വഴികളുടെ പിപാലനം കെഎസ്ടിപിക്കാണെന്ന് വ്യക്തമാക്കണം.
*കുടിവെള്ള വിതരണ പൈപ്പുകള്‍ സുഗമമാക്കിയ ശേഷമേ ഇനി റോഡുകള്‍ പൊളിക്കുവാന്‍ അനുവദിക്കേണ്ടതുള്ളൂ.
*വികസനത്തിന് എതിരല്ല. പക്ഷേ, കുടിവെള്ള വിതരണം നീണ്ടുപോയാല്‍ *സമരപരിപാടികളുമായി രംഗത്തിറങ്ങണം.
*മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണെയും വിളിക്കണമായിരുന്നു
ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധ സമരം
കുടിവെള്ള വിതരണം താറുമാറാക്കുന്ന കെഎസ്ടിപി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ഇന്ന് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കും. മാപ്രാണം ബ്ലോക്ക് ജംഗ്ഷനില്‍ രാവിലെ 10നാണ് സമരം.