രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ പടിയൂരില്‍ ഒരുക്കിയ മോക്ഡ്രില്‍ ശ്രദ്ധേയമായി
പടിയൂര്‍: പ്രളയസമയത്ത് നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ പടിയൂരില്‍ ഒരുക്കിയ മോക്ഡ്രില്‍ ശ്രദ്ധേയമായി. കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് ചുള്ളിപ്പാലത്തിനു സമീപമായിരുന്നു മോക്ഡ്രില്‍ സംഘടിപ്പിച്ചത്. വെള്ളപ്പൊക്കദുരന്തത്തില്പ്പെട്ട 60 പേരെ പ്രതീകാത്മകമായി രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചു. ചുള്ളിപ്പാലത്തിന് സമീപത്തെ വെള്ളം കയറിയ വീടുകളില്‍നിന്നും തുരുത്തുകളില്‍നിന്നും ഫയര്‍ഫോഴ്സിന്റെ റബ്ബര്‍ ഡിങ്കി ഉപയോഗിച്ച് 31 പേരെ മതിലകംകടവില് എത്തിക്കുകയും തുടര്‍ന്ന് ആംബുലന്‍സില്‍ ദുരിതാശ്വാസകേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. പടിയൂര്‍ സെയ്ന്റ് സെബാസ്റ്റ്യന്‍ സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കി നിര്‍ദേശങ്ങള്‍ നല്‍കുന്നതുവരെയുള്ള കര്യങ്ങളാണ് ക്യാമ്പില്‍ ആവിഷ്കരിച്ചത്. സ്റ്റേജിങ് ഏരിയ, മെഡിക്കല്‍ എയ്ഡ് പോസ്റ്റ്, റിലീഫ് ആന്‍ഡ് റെസ്ക്യൂ ക്യാംപ് എന്നിവ വളവനാല്‍ ഡോണ്‍ബോസ്കോ സ്കൂളില്‍ ആവിഷ്കരിച്ചു. ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനും വേണ്ടി പത്ത് പേര് അടങ്ങിയ ഐആര്‍എസ് ടീം ആണ് മോക്ഡ്രില്ലില്‍ പങ്കാളികളായത്. മുകുന്ദപുരം തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ്, പോലീസ്, സിവില്‍ ഡിഫന്‍സ്, ആപതാമിത്ര എന്നിവയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും പങ്കെടുത്തു.