മരിച്ച ഭര്‍ത്താവിന്റെ സ്വത്ത് ആവശ്യപ്പെട്ട് ഭാര്യ നല്കിയ ഹര്‍ജി കോടതി തള്ളി
ഇരിങ്ങാലക്കുട: ഭര്‍ത്താവ് മരിച്ചശേഷം സ്വത്ത് ആവശ്യപ്പെട്ട് ഭര്‍ത്തൃ മാതാവിനെതിരേ നല്കിയ ഹര്‍ജി കോടതി തള്ളി. ഇരിങ്ങാലക്കുട കുടുംബ കോടതിയാണ് ഹര്‍ജി തള്ളിയത്. ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷനിലെ അഭിഭാഷകനായിരുന്ന സത്ഗുണന്‍ 2013ല്‍ മരിച്ചതിനെ തുടര്‍ന്ന് ഭാര്യ ജലജയാണ് ഭര്‍ത്തൃമാതാവിന്റെ പേരിലുള്ള സ്വത്ത് ആവശ്യപ്പെട്ട് കുടുംബകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ജലജയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണംകൊണ്ട് വാങ്ങിയ വസ്തുക്കളില്‍ ഭര്‍ത്തൃമാതാവിനെ ബിനാമിയാക്കിയതാണെന്നും അതിനാല്‍ അവരുടെ പേരിലുള്ള വഹകള്‍ തനിക്കവകാശപ്പെട്ടതാണെന്നും കാണിച്ചാണ് കുടുംബകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
എന്നാല്‍, ജലജ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് ഭര്‍ത്തൃമാതാവ് സുലോചന കോടതിയില്‍ ഹാജരായി ആക്ഷേപം നല്കി. പരാതിക്കാരിയുടെ വാദങ്ങള്‍ ശരിയല്ലെന്നും മകന് സത്ഗുണന്‍ ജലജയ്ക്ക് 16 പവന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിനല്‍കിയാണ് വിവാഹം കഴിച്ചതെന്നും വിവാഹസമയം ജലജയുടെ കുടുംബാംഗങ്ങള്‍ കോടതിയില്‍നിന്ന് റവന്യൂറിക്കവറി നടപടികള്‍ നേരിട്ടിരുന്നതായും കോടതിയില്‍ വ്യക്തമാക്കി. കേസിന്റെ നടപടികള്‍ക്കിടയില്‍ ജലജ മറ്റൊരു വിവാഹം കഴിച്ചിരുന്നു. വിചാരണയ്ക്കിടയില്‍ ഭര്‍ത്തൃമാതാവ് സുലോചന മരിച്ചെങ്കിലും ഭര്‍ത്താവിന്റെ സഹോദരങ്ങളെ കക്ഷിചേര്‍ത്ത് ജലജ കേസ് തുടര്‍ന്ന് നടത്തുകയായിരുന്നു. ജലജയുടെ വാദങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും നിരീക്ഷിച്ച കുടുംബകോടതി ജഡ്ജ് ഡി. സുരേഷ്കുമാര്‍ ഹര്‍ജി തള്ളുകയായിരുന്നു. എതിര് കക്ഷികള്‍ക്കുവേണ്ടി അഡ്വക്കേറ്റുമാരായ പി.വി. ഗോപകുമാര്‍ മാമ്പുഴ, കെ.എം. അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ ഹാജരായി.