പ്രശസ്ത സാഹിത്യ നിരൂപകന് പ്രഫ. മാമ്പുഴ കുമാരന് അന്തരിച്ചു
ഇരിങ്ങാലക്കുട: പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രഫ. മാമ്പുഴ കുമാരന് (91) അന്തരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം കിഴക്കേ നട എംജി റോഡില്‍ വരദ വീട്ടിലായിരുന്നു താമസം. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. കൊടകര ശാന്തി ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 2021 ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 1961 മുതല്‍ 1988 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ മലയാള വിഭാഗം അധ്യാപകനായിരുന്നു.
പാലക്കാട് വിക്ടോറിയ കോളജിലും സേവനമനുഷ്ടിച്ചീട്ടുണ്ട്. ക്രൈസ്റ്റ് കോളജില്‍ മലയാളം വിഭാഗം തലവനായിരുന്നു അദേഹം. തിരുവിതാംകൂര്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ പെറ്റി ഓഫീസറായിരുന്ന ആലപ്പുഴ പെരുമ്പള്ളം കരയില്‍ എസ്. കുഞ്ഞികൃഷ്ണന് നായരുടെയും എറണാകുളം ദേശത്ത് കിഴക്കേതയ്യില്‍ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1933 ല്‍ ജനിച്ചു.
1956 ല്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് കോളജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തിയ അഖിലകേരള പ്രസംഗ മത്സരത്തില്‍ എറണാകുളം മഹാരാജസ് കോളജില്‍ എം.എ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഒന്നാംസമ്മാനവും ഗോള്‍ഡ് മെഡലും നേടി. 1993 ല്‍ മോലിയേയില് നിന്ന് ഇബ്സനിലേക്ക് എന്ന കൃതിക്ക് എന്‍. കൃഷ്ണ പിള്ള ഫൗണ്ടേഷന്റെ പുരസ്കാരം നേടി. 1962 ല്‍ തസിതമുഡന് (ഏകാങ്കം), പരമശുദ്ധന്‍ (കഥ) എന്നിവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
വളരെക്കാലം മാതൃഭൂമി വാരികയില്‍ ഗ്രന്ഥ നിരൂപകനായിരുന്നു. വിവിധ ആനുകാലികങ്ങളില്‍ കവിത, ലേഖനം, ഹാസ്യകവിത, ഹാസ്യലേഖനങ്ങള്‍ എന്നിവ തൂലികാനാമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി. സര്‍ഗദര്‍ശനം, അനുമാനം, മോലിയേയില് നിന്ന് ഇബ്സനിലേക്ക്, വാക്കും പൊരുളും, ഉള്‍ക്കാഴ്ചകള്‍, സംസ്കാരത്തിന്റെ അടയാളങ്ങള്‍, നാടകദര്‍ശനം, 2024 ല്‍ പ്രസിദ്ധീകരിച്ച സ്മൃതി മുദ്രകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
നല്ലൊരു പ്രഭാഷകന്‍ എന്ന നിലയിലും പേരെടുത്തിരുന്നു. ചാലക്കുടി ഗവ. ഹൈസ്കൂള്‍ പ്രധാന അധ്യാപികയായിരുന്ന പരേതയായ പി.വി. രുഗ്മണിയാണ് ഭാര്യ. മക്കള്‍: മിനി (റിട്ട. അധ്യാപിക, വിഎച്ച്എസ്എസ് കാറളം), ജയകുമാര്‍ (ബിസിനസ് ലൈന്‍ മാനേജര്‍, ഫ്യുഗ്രോ കമ്പനി, മുംബൈ), അഡ്വ. ഗോപകുമാര്‍ (ഇരിങ്ങാലക്കുട). മരുമക്കള്‍: അഡ്വ. ശശികുമാര്‍, സ്മിത (മുംബൈ), സ്മിത (അധ്യാപിക, ശാന്തിനികേതന്‍ സ്കൂള്‍). സംസ്കാരം ഇന്ന് രാവിലെ 11 ന് സ്വവസതിയില്‍.
നിലച്ചു… അരനൂറ്റാണ്ടിലേറെ മലയാള സാഹിത്യത്തെ സ്നേഹിച്ച പ്രതിഭ
ഇരിങ്ങാലക്കുട: വിടവാങ്ങിയ പ്രഫ. മാമ്പുഴ കുമാരന് അരനൂറ്റാണ്ടോളം മലയാള നിരൂപണശാഖയില്‍ നിറഞ്ഞ് നിന്ന വ്യക്തിത്വമാണ്. ഒരു കാലഘട്ടത്തോടൊപ്പം സഞ്ചരിക്കുവാന്‍ ആഗ്രഹിച്ചിരുന്ന സാഹിത്യകാരനായിരുന്നു അദ്ദേഹം. തന്റെ അധ്യാപനരംഗത്ത് വലിയൊരു സുഹൃത്ത് വലയം സൃഷ്ടിച്ചിരുന്നു. ക്രൈസ്റ്റ് കോളജില്‍ ജോലി ലഭിച്ചതോടയാണ് ഇരിങ്ങാലക്കുടയില്‍ താമസമാക്കിയത്.
27 വര്‍ഷകാലം ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായിരുന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവരുമായുള്ള സൗഹൃദം ജീവിതത്തില്‍ അവസാനം വരെ കാത്തു സൂക്ഷിച്ചു. നവീനമായ ആശയങ്ങള്‍ ആനന്ദത്തോട സ്വീകരിക്കുകയും അവ തന്റെ എഴുത്തുകളില്‍ പുറംലോകത്തെത്തിക്കുകയും ചെയ്തിരുന്നു. മാമ്പുഴയിലെ പ്രൈമറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, കാഞ്ഞിരമറ്റം യുപി സ്കൂളില്‍ അപ്പര്‍പ്രൈമറിയും മുളന്തുരിത്തി എച്ച്എസില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജില്‍ ബിഎ കഴിഞ്ഞ് ഒന്നരവര്‍ഷം പാലക്കാട് കോളജില്‍ മലയാളം ജൂനിയര്‍ ലക്ച്ചററായി കുറച്ചു ാള്‍ ഹൈസ്കൂളിലും പഠിപ്പിച്ചു.
1958 60 കാലഘട്ടത്തില്‍ എറണാകുളം മഹാരാജാസില്‍ നിന്നും എംഎ പാസായി. ആറ് മാസക്കാലം കൊച്ചി സാന്താക്രൂസ് ഹൈസ്കൂളില്‍ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. 1949 മുതല്‍ കവിതകളെഴുതി തുടങ്ങി. 1950 ല്‍ മനോരമ ബാലപംക്തിയിലും തുടര്‍ന്ന് കേരളഭൂഷണം വാരാന്തപ്പതിപ്പിലും എഴുതിതുടങ്ങി. 1962 മുതല്‍ 64 വരെ മലയാളം എക്സ്പ്രസില്‍ യാജ്ഞ വല്ക്യന് എന്ന തൂലികനാമത്തില്‍ കളിയും കാര്യവും എന്ന പംക്തി കൈകാര്യം ചെയ്തു. പാക്കനാര്‍ മാസികയില്‍ ഫലിത കവിതകളും ഫലിത ലേഖനങ്ങളും ഇടയ്ക്ക് ചൂരുക്കമായി കവിതകളും എഴുതി.
കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം നേടിയ അവസരത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി മുന്‍ സഹപ്രവര്‍ത്തകര്‍ ആദരിച്ചിരുന്നു. മലയാളം, ഹിന്ദി, സംസ്കൃതം, ലത്തീന്‍ വിഭാഗങ്ങളിലെ അധ്യാപക കൂട്ടായ്മയാണു സമാദരണത്തില് പങ്കെടുത്തത്. ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പലും മലയാള വിഭാഗം മുന്‍ അധ്യക്ഷനുമായ ഫാ. ജോസ് ചുങ്കന്‍, മലയാള വിഭാഗം മുന്‍ അധ്യാപകന് ഫാ. ജോര്‍ജ് പാലമറ്റം, ഹിന്ദി വിഭാഗം മുന്‍ അധ്യക്ഷന്‍ കെ.കെ. ചാക്കോ, സംസ്കൃത വിഭാഗം മുന്‍ അധ്യക്ഷന്‍ പി.സി. വര്‍ഗീസ്, മലയാള വിഭാഗം മുന്‍ അധ്യകഷന് വി.എ. വര്‍ഗീസ്, ക്രൈസ്റ്റ് കോളജ് മുന്‍ പിആര്‍ഒയും മലയാള വിഭാഗം മുന്‍ അധ്യക്ഷനുമായ ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ഹിന്ദി വിഭാഗം അധ്യക്ഷ ഷീബ വര്‍ഗീസ് തുടങ്ങിയവരായിരുന്നു അന്ന് ചടങ്ങില്‍ പങ്കെടുത്തത്.
മാമ്പുഴ മാഷ് ആയിരങ്ങളില്‍ ആശയങ്ങളുടെ വിത്തിട്ട എന്റെ ഗുരു: മന്ത്രി ഡോ. ബിന്ദു
ഒരു തപസ്വിയെ പോലെ അക്ഷരങ്ങളെ ഉപാസിച്ച സാഹിത്യസ്നേഹിയാണ് മാമ്പുഴ കുമാരന് മാഷിന്റെ വിയോഗത്തിലൂടെ മറയുന്നതെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.
ഇരിങ്ങാലക്കുടയുടെ സാംസ്കാരികമേഖലയില്‍ ആറു പതിറ്റാണ്ടിലേറെ കാലം പ്രചോദനാത്മകമായ സാന്നിദ്ധ്യമായി തുടര്‍ന്ന സമാദരണീയ വ്യക്തിത്വമാണ് മാഷ്. അദ്ധ്യാപകനെന്ന നിലയിലും നിരൂപകന് എന്ന നിലയിലും പ്രഭാഷകന്‍ എന്ന നിലയിലുമെല്ലാം ആയിരങ്ങളുടെ മനസ്സില്‍ ഈ പ്രതിഭാശാലി ആശയങ്ങളുടെ വിത്തെറിഞ്ഞു. പുരസ്കാരങ്ങളോ അംഗീകാരങ്ങളോ ഒന്നും വിഷയമായിരുന്നില്ല നിസ്വാര്‍ത്ഥമായ സാഹിതീസപര്യയുടെ ആള്‍രൂപമായിരുന്ന മാഷിന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
വ്യക്തിപരമായി ഗുരുവും പിതൃസമാനനും ആയിരുന്നുവെന്നും മന്ത്രി അനുസ്മരിച്ചു. അടുത്ത സുഹൃത്തിന്റെ അച്ഛനാണദ്ദേഹം. സ്കൂള്‍കോളേജ് കാലത്ത് എന്നും സന്ദര്‍ശിച്ചിരുന്ന വീടായിരുന്നു അത്. പുസ്തകങ്ങള്‍ മുറികളില്‍ നിറയുമ്പോള്‍ വീണ്ടും പുസ്തകമുറിയുണ്ടാക്കി സ്ഥലം കണ്ടെത്തിയിരുന്ന ആ വീടിന്റെ അന്തരീക്ഷം തനിക്കും പ്രയോജനപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.
ആദ്യം സാഹിത്യ അക്കാദമിയില്‍ പരിപാടിക്ക് കൊണ്ടുപോയത് മാഷായിരുന്നു. തന്റെ എഴുത്തിനെക്കുറിച്ച് ഏറ്റവും പ്രോത്സാഹനജനകമായി സംസാരിച്ചിട്ടുള്ളയാളും മാഷായിരുന്നു മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു.