ചേലക്കടവ് പ്രദേശത്തെ വീടുകള്‍ പൊളിച്ചുനീക്കാന്‍ വൈകുന്നതില്‍ ചേലക്കടവ് നിവാസികളുടെ പ്രതിഷേധം
ഇരിങ്ങാലക്കുട: നഗരസഭ രണ്ടാം വാര്‍ഡില്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടുള്ള ചേലക്കടവ് പ്രദേശത്തെ വീടുകള്‍ പൊളിച്ചു നീക്കാന്‍ വൈകുന്നതില്‍ ചേലക്കടവ് നിവാസികളുടെ പ്രതിഷേധം. നഗരസഭ യോഗം തന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടും പൊളിച്ചു നീക്കുന്ന നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് ചേലക്കടവ് നിവാസികള്‍ നഗരസഭ ചെയര്‍പേഴ്സന്റെ മുന്നില്‍ എത്തിയത്.
അനധികൃതമായി നിലകൊള്ളുന്ന വീടുകള്‍ ലഹരി മാഫിയയുടെ വില്പന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞുവെന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് പേരെയാണ് വീടുകളില്‍ വൈകുന്നേരങ്ങളില്‍ തമ്പടിച്ചവര്‍ അക്രമിച്ചതെന്നും രാത്രി ഇതു വഴി നടക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ചേലക്കടവില്‍ നിന്നും എത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ കൗണ്‍സില്‍ നടപടികള്‍ സ്വീകരിച്ച് വരികയായിരുന്നുവെന്നും ഇതിനിടയില്‍ വീടുകള്‍ പൊളിച്ച് നീക്കുന്ന നടപടിയില്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ സന്തോഷ് ബോബന്റെ നേതൃത്വത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതി നല്‍കിയവരുടെ ഹീയറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് വിശദീകരിച്ചു.

രണ്ടു വര്‍ഷമായി ഇക്കാര്യം ഉന്നയിച്ചു വരികയാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ രാജി കൃഷ്ണകുമാറും ഇതു സംബന്ധിച്ച് നിരവധി തവണ സെക്രട്ടറിയോട് സൂചിപ്പിച്ചിട്ടുണ്ടെന്ന് നാലാം വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമസും കൂടുതല്‍ സാവകാശം ഇനി അനുവദിക്കാന്‍ കഴിയില്ലെന്ന് 39 ാം വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. ഷാജുവും പറഞ്ഞു. പോലീസ് നിഷ്ക്രിയമാണെന്നും വീടുകള്‍ പൊളിച്ചു നീക്കുന്നതു വരെ സ്ഥലത്ത് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഉറപ്പ് ലഭിക്കാതെ തങ്ങള്‍ മടങ്ങുകയില്ലെന്നും പ്രതിഷേധക്കാര്‍ ആവര്‍ത്തിച്ചു.
പരാതി നല്‍കിയവരുടെ ഹീയറിംഗ് നടപടികള്‍ അടുത്ത ദിവസം തന്നെ പൂര്‍ത്തിയാക്കുമെന്നും രണ്ട് വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചതിന് ശേഷം ഈ മാസം 12 നകം മുഴുവന്‍ വീടുകളും പൊളിച്ച് നീക്കുമെന്ന് നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് സ്ഥലത്ത് എത്തി ഉറപ്പ് നല്കിയ ശേഷമാണ് സമരക്കാര്‍ മടങ്ങിയത്. കൗണ്‍സിലര്‍മാരായ അമ്പിളി ജയന്, ആര്‍ച്ച അനീഷ് , സ്മിത കൃഷ്ണകുമാര്‍, വിജയകുമാരി അനിലന്‍, പൊതു പ്രവര്‍ത്തകരായ കെ സി ജെയിംസ്, ഷിയാസ് പാളയംങ്കോട്ട് എന്നിവരും ചേലക്കടവ് നിവാസികളോടൊപ്പം ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട പോലീസും സ്ഥലത്ത് എത്തിയിരുന്നു.

ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം
കലോല്‍സവത്തിന് തിരി തെളിഞ്ഞു, ശുദ്ധമായ ഹൃദയത്തില്‍ മാത്രമേ കല വരികയുള്ളൂ- ജയരാജ് വാര്യര്‍
റവന്യൂ ഇ- സാക്ഷരതാ ക്ലാസ് നടത്തി
മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്