കരുവന്നൂര്‍ ബംഗ്ലാവിലെ നഗരസഭാ കെട്ടിടം തകര്‍ച്ചാഭീഷണിയില്‍
കരുവന്നൂര്‍: ബംഗ്ലാവ് ജംഗ്്ഷനില്‍ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നഗരസഭ കെട്ടിടം തകര്‍ച്ചാഭീഷണിയില്‍. 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊറത്തിശേരി പഞ്ചായത്തായിരുന്ന കാലത്ത് നിര്‍മിച്ചതാണു ഈ കെട്ടിടം. കരുവന്നൂര്‍ പോസ്റ്റോഫീസ് അടക്കം 20 ഓളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ തുടരുന്നത്.
നിര്‍മാണത്തിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയ കെട്ടിടത്തിന്റെ മേല്‍ക്കൂര പഞ്ചായത്ത് ട്രസ് മേഞ്ഞിരുന്നു. ഈ ട്രസടക്കം ഇപ്പോള്‍ പകുതിയും പൊളിഞ്ഞ അവസ്ഥയിലാണ്. 2002 ല്‍ പൊറത്തിശേരി പഞ്ചായത്ത് ഇരിങ്ങാലക്കുട നഗരസഭയില്‍ ലയിപ്പിച്ചതിനുശേഷം യാതൊരുവിധ അറ്റകുറ്റപണികളും കെട്ടിടത്തില്‍ നടത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെപറ്റി പലതവണ നഗരസഭയില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ല. പദ്ധതിയില്‍ ഉള്‍പ്പെടുത്തി അറ്റകുറ്റപണികള്‍ക്കായി തുക മാറ്റിവെക്കണമെന്ന് നിരവധി തവണ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ലെന്നു ആരോപണമുണ്ട്.
കോണ്ക്രീറ്റുകള് അടര്ന്ന്് വീണുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ അറ്റകുറ്റപണികള്‍ തീര്‍ത്തില്ലെങ്കില്‍ വരാനിരിക്കുന്നത് ദുരന്തവാര്ത്തയായിരുക്കുമെന്ന് വ്യാപാരികളും നാട്ടുക്കാരും ഓര്‍മിപ്പിക്കുന്നു. നിരവധി തവണ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഇതുവരെയും നഗരസഭയുടെ ഭാഗത്തുനിന്നും നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.