കുട ചൂടി വന്ന് ക്ഷേത്രക്കവര്‍ച്ച; കൊല്ലംസ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് നജിമുദ്ദീന്‍ 48 മണിക്കൂറിനുള്ളില്‍ പിടിയില്‍
അന്തിക്കാട്: അന്തിക്കാട് എറവ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയെ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റുചെയ്തു. കൊല്ലം അയത്തില്‍ സ്വദേശി പുത്തന്‍വിള വീട്ടില്‍ നജിമുദ്ദീനെയാണ്(52) തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. കെ.ജി.സുരേഷും സംഘവും അറസ്റ്റു ചെയ്ത്. ബുധനാഴ്ച രാത്രി പഴയന്നൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഏറെ നേരത്തെ പരിശോധനയില്‍ ഒളിപ്പിച്ചു വച്ചിരുന്ന മോഷ്ടിച്ച പണവും പോലീസ് കണ്ടെത്തി. ഇത് അമ്പലത്തിലെ ഓഫീസ് റൂമും ഭഗവതിയുടെ നടയിലെ ഭണ്ഡാരവും പൊളിച്ചെടുത്ത പണവുമാണെന്ന് ഇയാള്‍ സമ്മതിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്തിക്കാട് എറവ് ശ്രീകൃഷ്ണ ക്ഷേത്രത്തിലും തൊട്ടടുത്ത മൃഗാശുപത്രിയിലും മോഷണം നടന്നത്. വിവരമറിഞ്ഞ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെജി സുരേഷും എസ് ഐ കെ.അജിത്തും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും പരിശോധന നടത്തിയിരുന്നു.
ലഭ്യമായ തെളിവുകള്‍ ശേഖരിച്ചും സംശയത്തിലുള്ള പ്രതികളെക്കുറിച്ചും പോലീസ് സംഘം നടത്തിയ മികവുറ്റ അന്വേഷണമാണ് നാല്പത്തെട്ടു മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചത്. അറസ്റ്റിലായ നജിമുദ്ദീന്‍ നിരവധി മോഷണ കേസ്സുകളില്‍ പ്രതിയാണ്. സിസി ടിവിയില്‍ മുഖം പതിയാതിരിക്കാന്‍ കുട മറച്ച് പിടിച്ചായിരുന്നു കവര്‍ച്ച നടത്തിയത്. ജയിലിലായിരുന്ന ഇയാള്‍ ഒക്ടോബര്‍ മധ്യത്തോടെയാണ് ജാമ്യത്തിലിറങ്ങിയത്. അന്തിക്കാട് എസ്.ഐ. കെ.അജിത്ത്, വി.എസ്.ജയന് ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ ഇ.എസ്.ജീവന്, സി.പി.ഒ കെ.എസ്.ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.