ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ സ്നേഹസംഗമം 2024 നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ പരിസരപ്രദേശത്തുള്ള സ്പെഷല്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍, ഹോം സ്റ്റേ സ്ഥാപനത്തില്‍ താമസിക്കുന്ന കുട്ടികള്‍ ഉള്‍പ്പടെ 450 കുട്ടികള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനും കലാവിരുന്നുകള്‍ ആസ്വദിക്കുവാനും ഡോണ്‍ബോസ്കോ കൂട്ടായ്മ നേതൃത്വംനല്‍കിയ സ്നേഹസംഗമം 2024ല്‍ വേദിയൊരുങ്ങി. ഡോണ്‍ ബോസ്കോ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സലേഷ്യന്‍ കോ ഓപ്പറേറ്റേര്‍സ്, ആത്മ ഗ്രൂപ്പ്, മതബോധന അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, യൂത്ത് സെന്റര്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രോഗ്രാം ഹൈക്കോടതി ജസ്റ്റിസ് ഹരിശങ്കര്‍ വി.മേനോന് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് സന്ദേശംനല്കി. ഡോണ്‍ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടകുന്നേല്‍ അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്റ് സെബി മാളിയേക്കല്‍ ആശംസകള്‍നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ ഒ.എസ്. വര്‍ഗീസ് സ്വാഗതവും സലേഷ്യന്‍ കോ ഓര്‍ഡിനേറ്റര്‍ ജയിംസ് ആട്ടൂക്കാരന്‍ നന്ദിയുംപറഞ്ഞു.