ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം….

കൂടല്‍മാണിക്യത്തില്‍ ഉത്സവത്തിനുള്ള ആനച്ചമയങ്ങള്‍ അവസാന മിനിക്കുപണിയില്.
സ്വര്‍ണ ശോഭയേറും നെറ്റിപ്പട്ടങ്ങള്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള പകല്‍ ശീവലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും തലയുയര്ത്തിനില്ക്കുന്ന കൊമ്പന്മാര്ക്ക് ഏഴഴകാണ് നെറ്റിപ്പട്ടങ്ങള്‍. പകല്‍ ശീവേലിക്ക് സൂര്യപ്രകാശവും രാത്രി എഴുന്നളിപ്പിന് തീ പന്തങ്ങളുടെ വെളിച്ചവും നെറ്റിപ്പട്ടങ്ങള്‍ക്ക് സ്വര്ണശോഭയേറും. ഒരു നെറ്റിപ്പട്ടത്തില്‍ മാത്രം ചെറുതും വലുതുമായി എണ്ണായിരത്തിന് മുകളില്‍ കുമിളകളുണ്ടാവും. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന അഞ്ച് വലിയ ആനകളും രണ്ട് ഉള്ളാനകളും ഉള്‍പ്പടെ ഏഴ് ആനകള്‍ക്ക് തനി തങ്കത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടങ്ങളാണ് ഉപയോഗിക്കുന്നത്.
കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കുടയുടെ അലകും മകുടവും വെണ്‍ചാമരത്തിന്റെ പിടിയും സ്വര്‍ണനിര്‍മിതമാണ്. മറ്റ് പത്ത് ആനകള്‍ക്ക് മേല്‍ത്തരം വെള്ളിചമയങ്ങളാണ് ഉപയോഗിക്കുന്നത്. സ്വന്തം സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കൂ എന്ന ചിട്ടയുള്ള കൂടല്‍മാണിക്യത്തില്‍ സ്വര്‍ണകോലവും സ്വര്‍ണത്തിലുള്ള അഞ്ച് വലിയ നെറ്റിപ്പട്ടങ്ങളും ഉള്ളാനകള്ക്കുള്ള രണ്ട് ചെറിയ നെറ്റിപ്പട്ടങ്ങളും പത്ത് വെള്ളി നെറ്റിപ്പട്ടങ്ങളും ദേവസ്വത്തിന് സ്വന്തമായിട്ടുണ്ട്. കോലത്തില്‍ ഭഗവാന്റെ രൂപമുള്ള ഗോളികയും തിടമ്പ് വെക്കുന്നതിനുള്ള സ്ഥലവും കഴിഞ്ഞാല്‍ ബാക്കി ഭാഗം സ്വര്‍ണപൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ നെറ്റിപ്പട്ടങ്ങളിലുള്ള ഗോളികകള്, വട്ടക്കിണ്ണം, കൂമ്പന്‍ കിണ്ണം, എടക്കിണ്ണം, ചന്ദ്രക്കല, നാഗപടം, അരുക്കവടികള്‍, വിവിധ വലുപ്പത്തിലുള്ള ഏഴുതരം ചുണ്ടങ്ങകള്‍ എന്നിവയെല്ലാം തന്നെ തനി സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്തതാണ്. ഒന്നും തന്നെ പ്ലേറ്റിംഗ് അല്ല. തിടമ്പേറ്റുന്ന ആനയുടെ കുട, അലക്കുകള്‍, വെഞ്ചാമരത്തിന്റെ പിടി എന്നിവയും സ്വര്‍ണനിര്‍മിതമാണ്. കോലത്തിന് മുകളില്‍ സ്വര്ണമകുടവുമുണ്ട്. നെറ്റിപ്പട്ടങ്ങള്‍ പുതിയ പട്ടുനൂലും പട്ടും ഉപയോഗിച്ച് കച്ചയും തുന്നിച്ചേര്‍ത്ത് ഭംഗിയാക്കി.
വിസ്മയം തീര്‍ക്കാന്‍ മാരിവില്ലഴകില്‍ വര്‍ണകുടകളും ചന്തം വിരിച്ച് വെഞ്ചാമരവും…..
അപ്പൂപ്പന്താടി പോലെ വെളുവെളുത്ത, പതുപതുത്ത ചാമരങ്ങള്‍ വീശുന്നതു കാണാന്‍ തന്നെ എന്തു ചന്തം! തൊട്ടുനോക്കാന്‍ മോഹം തോന്നിപ്പിക്കുന്ന ചാമരങ്ങള്‍ പ്രൗഢിയുടെ ചിഹ്നമാണ്. ഗജവീരന്മാര്ക്ക് അണിയാന സ്വര്‍ണകോലവും വെള്ളിപിടികളോടു കൂടിയുള്ള വെണ്‍ചാമരങ്ങളും പീലിയുടെ ഭംഗി പൂര്‍ണമായും ആവാഹിച്ച ആലവട്ടങ്ങളും കഴുത്തിലും കൈകളിലും അണിയുന്ന മണികളും തയ്യാറായി. ഭഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് പച്ചക്കുടയാണ് ഒരുക്കിയിട്ടുള്ളത്. ഗജവീരന്മാരുടെ കഴുത്തിലണിയാനുള്ള മണികള്‍ കോര്‍ക്കുന്നതിനുള്ള വട്ടകയറും എഴുന്നള്ളിക്കുന്ന ആനക്കായി വിവിധ വര്‍ണത്തിലുള്ള കുടകളും തയാറായിട്ടുണ്ട്. കീഴേടമായ അയ്യങ്കാവിലേക്കല്ലാതെ ചമയങ്ങള്‍ നല്‍കുകയോ വാങ്ങുകയോ ഇവിടെ പതിവില്ല.
ചമയങ്ങളൊരുക്കുന്നത് കുന്നത്തങ്ങാടി പുഷ്കരനും സംഘവും
ഗജകേസരികള്‍ അണിയുന്ന തങ്കമേലങ്കികള് മേടവെയിലേറ്റ് വെട്ടിതിളങ്ങുമ്പോള്‍ എത്ര ഉത്സവപ്രേമികള്‍ അതിനായി അധ്വാനിച്ചവരെ ഓര്‍ക്കും എന്നാണ് ചമയങ്ങളൊരുക്കുന്ന പുഷ്കരന് പറയുന്നത്. ഒരു മാസത്തിലേറെ സമയമെടുത്താണ് അരിമ്പൂര്‍ കുന്നത്തങ്ങാടി പുഷ്ക്കരനും സംഘവും ഉത്സവത്തിനായുള്ള ചമയങ്ങളൊരുക്കിയത്. 30 വര്‍ഷമായി ഈ പണിയിലേര്‍പ്പെട്ടിരിക്കുന്ന പുഷ്ക്കരന്‍ തന്റെ അച്ഛനായ കുട്ടപ്പനില്‍ നിന്നാണ് ഈ വിദ്യ കൈവശമാക്കിയത്. പുഷ്കരന്റെ മുത്തച്ഛനും ആനകള്‍ക്കുള്ള ചമയങ്ങളൊരുക്കുകയായിരുന്നു പണി. കൂടല്‍മാണിക്യം ക്ഷേത്രത്തിനു പറമേ പള്ളത്താംകുളങ്ങര, ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലുള്ള ക്ഷേത്രങ്ങളിലും പുഷ്ക്കരന്‍ ആനച്ചമയങ്ങളൊരുക്കിയിരുന്നു.
മുന്നൊരുക്കം ശക്തം; പഴുതടച്ച് സുരക്ഷയുമായി പോലീസ്
സുരക്ഷയൊരുക്കുന്നത് 1350 പോലീസ് ഉദ്യോഗസ്ഥര്‍. സുരക്ഷയ്ക്കായി ഡ്രോണ്‍ നിരീക്ഷണവും
ഇരിങ്ങാലക്കുട: ക്ഷേത്ര പരിസരത്തും ഇരിങ്ങാലക്കുട ടൗണിലും അസാധാരണമായ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ക്രമസമാധാന പാലനത്തിനായി വിവിധ മേഖലകള്‍ തിരിച്ച് 1350 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഭക്തജനങ്ങള്‍ക്ക് സുഗമമായി ഉത്സവം കണ്ട് മടങ്ങുന്നതിനും നഗരത്തില്‍ ഗതാഗത തടസമില്ലാതെയിരിക്കുന്നതിനും കനത്ത സുരക്ഷാ സംവിധാനമാണ് തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം ഒരുക്കിയിരിക്കുന്നത്.
ഉത്സവത്തിന് എത്തുന്ന സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കുമായും പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിച്ചുകൊണ്ട് പിങ്ക് പോലീസിന്റെ സേവനം ലഭയമാക്കിയിട്ടുണ്ട്. പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി ക്ഷേത്രപരിസരമാകെ ഡ്രോണ്‍ ഉള്‍പ്പടെയുള്ള നിരീക്ഷണ സംവിധാനവും മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. അമ്പലവും, പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ഇതോടൊപ്പം ബൈക്ക് പെട്രോളിങ്ങും, കണ്ട്രോള് റൂം വാഹന പെട്രോളിങ്ങും പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന പാര്‍ക്കിംഗിനായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അനധികൃത പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. പാര്‍ക്കിംഗ് സൗകര്യങ്ങളുടെ അപാകതകള്‍ റൂറല്‍ പോലീസിന്റെ മൊബൈലും ബൈക്ക് പെട്രോളിംഗ് സംവിധാനവും നിരീക്ഷിക്കുന്നതാണ്.
ആനകളെ കൃത്യമായി പരിപാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും, പ്രത്യേക ശ്രദ്ധ നല്കി ജനസുരക്ഷ ഉറപ്പു വരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനത്തിന് പുറമേ, 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലന്‍സ് സംവിധാനവും, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
