റോഡ് നിർമ്മാണ പദ്ധതിക്ക് ഓസ്ട്രേലിയൻ സഹകരണമാവശ്യപ്പെട്ട് ചൈന;സംശയം പ്രകടിപ്പിച്ച് ഓസ്ട്രേലിയ
ഡാര്വിന് : റോഡ് നിര്‍മ്മാണ പദ്ധതികള്‍ക്ക് ഓസ്ട്രേലിയയുടെ സഹകരണമാവശ്യപ്പെട്ട് ചൈന. ഓസ്ട്രേലിയയിലെ ചൈന അംബാസഡര്‍ ആണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഓര്‍ഗനൈസേഷനില്‍ സഹകരിക്കാന്‍ രാജ്യത്തോട് ആവശ്യപ്പെട്ടത്. പദ്ധതിയില്‍ ഓസ്ട്രേലിയയ്ക്ക് വലിയ നേട്ടമുണ്ടാകുമെന്ന വാദമാണ് ചൈന മുന്നോട്ടുവെയ്ക്കുന്നത്.
ഡാര്‍വിനില്‍ നടന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് ഇന്‍ ഓസ്ട്രേലിയ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അംബാസഡര്‍ ചെംഗ് ജിംഗെ ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ സ്വതന്ത്ര വ്യാപാരം ഉയര്‍ത്തിപ്പിടിക്കാന്‍ ചൈന മറ്റ് രാജ്യങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ചെംഗ് ജിഗെ പറഞ്ഞു. ‘ഓസ്ട്രേലിയ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളുമായി സ്വതന്ത്ര,ബഹുരാഷ്ട്ര വ്യാപാരം വികസിപ്പിക്കാന്‍ ചൈന ആഗ്രഹിക്കുന്നു, ഇതായിരുന്നു ചെംഗ് ജിഗെയുടെ വാക്കുകള്‍. എന്നാല്‍ ഈ സംരംഭത്തില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് ലഭിക്കുന്ന നേട്ടം സംബന്ധിച്ച് ഓസ്ട്രേലിയയുടെ വിദേശകാര്യ വാണിജ്യ വകുപ്പ് സംശയം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വിജയം സുനിശ്ചിതമെന്നവകാശപ്പെട്ട് ഓസ്ട്രേലിയയുടെ വാദത്തെ ചെംഗ് നിരാകരിച്ചു. ”ഞങ്ങള്‍ ബിസിനസ്സ് ഇടപാടുകള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല. വ്യക്തമായ പദ്ധതികളോടെ വലുതോ ചെറുതോ ആയ ബെല്‍റ്റ് റോഡ് പദ്ധതികളില്‍ എല്ലാ രാജ്യങ്ങളും തുല്യമായ പങ്കാളിത്തത്തോടെ പരസ്പരം സഹകരിക്കാറുണ്ട് . ചെംഗ് ജിഗെ വ്യക്തമാക്കി.
ചൈനയും ഓസ്ട്രേലിയയും തമ്മിലുള്ള വാണിജ്യ നിക്ഷേപബന്ധത്തിന് പദ്ധതി സഹായിക്കുമെന്നും ചൈന അവകാശവാദമുന്നയിച്ചു. 2013 ല്‍ തന്നെ ചൈന ഈ പദ്ധതി മുന്നോട്ടുവെച്ചിരുന്നു. വാണിജ്യ അടിസ്ഥാനത്തില്‍ പുരാതന വ്യാപാര റൂട്ടുകളില്‍ ഏഷ്യയേയും യൂറോപ്പിനേയും ആഫ്രിക്കയേയും ബന്ധിപ്പിക്കുന്ന അടിസ്ഥാന സ്വകാര്യ ശൃംഖല കെട്ടിപ്പടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.