കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്ത്
കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്ത് 16ന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍;
പരിഗണിക്കുന്നത് 22 വിഷയങ്ങളിലുള്ള പരാതികള്‍
ഇരിങ്ങാലക്കുട: പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് മുകുന്ദപുരം താലൂക്കില്‍ 16ന് നടക്കും. 22 ഓളം വിഷയങ്ങളില്‍ വരുന്ന പരാതികള്‍ പരിഗണിക്കുന്ന അദാലത്ത് 16ന് രാവിലെ പത്തിന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ആരംഭിക്കും. ജില്ലയിലെ മൂന്ന് മന്ത്രിമാര്‍ അദാലത്തിന് നേത്യത്വം നല്‍കും. ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകളുടെ കാലതാമസം, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍, സാമൂഹ്യസുരക്ഷാ പദ്ധതികളിലെ കുടിശിക, പരിസ്ഥിതി മലിനീകരണം, അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, വന്യജീവി ആക്രമണം, റേഷന്‍ കാര്‍ഡുകള്‍, കൃഷി നാശം, ഭക്ഷ്യ സുരക്ഷ, ഭിന്നശേഷിക്കാരുടെ പുനരധിവാസം, വ്യവസായ സംരംഭങ്ങള്‍ അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുകയെന്ന് ഇത് സംബന്ധിച്ച് താലൂക്ക് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. ഓണ്‍ലൈനിലൂടെ നേരത്തെ ലഭിച്ച പരാതികളുടെ റിപ്പോര്‍ട്ടുകള്‍ സഹിതം ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ അദാലത്തില്‍ എത്തിച്ചേരണം. അന്നേ ദിവസം നേരിട്ട് തരുന്ന പരാതികളും പരിഗണിക്കുമെന്നും അദാലത്ത് സ്ഥിരം സംവിധാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, തഹസില്‍ദാര്‍ കെ. ശാന്തകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ ടീം, ആമ്പുലന്‍സ്, എന്‍എസ്എസ് വിദ്യാര്‍ഥികള്‍ എന്നിവയുടെ സേവനം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയര്‍മാനും ആര്‍ഡിഒ കണ്‍വീനറും തഹസില്‍ദാര്‍ കോ ഓര്‍ഡിനേറ്ററുമായി അദാലത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.