വനിതകള്ക്ക് സുരക്ഷിതമായ താമസം: ഇരിങ്ങാലക്കുടയില് ഷീ ലോഡ്ജ് ഇന്ന് തുറക്കും

പ്രവര്ത്തനോദ്ഘാടനത്തിന് ഒരുങ്ങുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ ഷീ ലോഡ്ജ്.
ഇരിങ്ങാലക്കുട: നഗരത്തില് വിവിധ ആവശ്യങ്ങള്ക്കെത്തുന്ന സ്ത്രീകള്ക്കും വിദ്യാര്ഥിനികള്ക്കും താമസിക്കാന് നഗരസഭ സ്ഥാപിച്ച സുരക്ഷിത താവളമായ ഷീ ലോഡ്ജിന്റെ പ്രവര്ത്തനോദ്ഘാടനം ഇന്നു നടക്കും. ഇരിങ്ങാലക്കുടയിലെ ത്തുന്ന വനിതകള്ക്ക് ഷീ ലോഡ്ജില് ദിവസമാസ വാടക നിരക്കുകളില് സുരക്ഷിതമായ താമസ സൗകര്യവും ഭക്ഷണവും ലഭിക്കും. നഗരസഭയുടെ സ്ത്രീ സൗഹൃദ പദ്ധതിയുടെ ഭാഗമായാണ് ആധുനിക സൗകര്യങ്ങളോടെ നഗരസഭാ കാര്യാലയത്തിന് തൊട്ടടുത്തായി ഷീ ലോഡ്ജ് നിര്മിച്ചിട്ടുള്ളത്.
നിര്മാണം പൂര്ത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്ഷം പിന്നിട്ടിട്ടും ഷീ ലോഡ്ജിന്റെ പ്രവര്ത്തനം ആരംഭിക്കാത്തതില് നഗരസഭാ കൗണ്സില് യോഗത്തില് നിരന്തരമായി പ്രതിഷേധം ഉയര്ന്നിരുന്നു. ഇതിനിടയില് ഷീ ലോഡ്ജ് ഏറ്റെടുക്കാന് ആളില്ലാതായതോടെ നഗരസഭ തന്നെ നേരിട്ട് നടത്താന് കൗണ്സില് യോഗത്തില് തീരുമാനിച്ചെങ്കിലും നടപടിയായില്ല. നടത്തിപ്പ് കുടുംബശ്രീക്ക് വിട്ടു നല്കണമെന്ന സിപിഎം കൗണ്സിലര്മാരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. തുടര്ന്ന് നടത്തിപ്പ് അവകാശം പുറമേക്ക് തന്നെ നല്കുകയായിരുന്നു.
ഏറെ വിവാദങ്ങള്ക്കും പ്രതിഷേധങ്ങള്ക്കും ഒടുവിലാണ് ഇപ്പോള് ഈ ഓണക്കാലത്ത് ഷീ ലോഡ്ജ് പ്രവര്ത്തനം ആരംഭിക്കുന്നത്. രണ്ട് നിലകളിലായി അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുള്ള 20 മുറികള് ലോഡ്ജിലുണ്ട്. രണ്ട് പ്രൊജക്റ്റുകളിലായി ബഹു വര്ഷ വനിതാ ഘടക പദ്ധതിയുടെ ഭാഗമായി 2,80,60,200 രൂപ വകയിരുത്തിയാണ് ഷീ ലോഡ്ജിന്റെ നിര്മാണം പൂര്ത്തീകരിച്ചിരിക്കുന്നത്. മൂന്ന് കിടക്കകള് ഉള്ള രണ്ട് മുറികളും രണ്ട് കിടക്കകള് ഉള്ള 18 മുറികളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അടുക്കള, ഡൈനിംഗ് ഹാള്, സ്റ്റോര് റൂം, റീഡിംഗ് റൂം, വെയിറ്റിംഗ് റൂം, പാര്ക്കിംഗ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.