സ്കൂളില്‍ ഗ്രൗണ്ട് വികസനത്തിനു എതിരായുള്ള കെട്ടിടനിര്‍മാണത്തെ നിയമപരമായും ജനാധിപത്യപരമായും നേരിടും-സ്കൂള്‍ പിടിഎ
നിര്‍മാണം പൂര്‍ത്തിയായാലും ഇതിലേക്കു ഗതാഗത സംവിധാനമില്ല തങ്ങളെ വികസന വിരോധികളും കുറ്റവാളികളുമായി ചിത്രീകരിക്കുന്ന നഗരസഭ അധികാരികളുടെ നിലപാട് ഖേദകരം
ഇരിങ്ങാലക്കുട: ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗ്രൗണ്ടിന്റെ വികസനത്തെ തകര്‍ത്ത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിനു വേണ്ടി ആസ്ഥാനമന്ദിരം നിര്‍മിക്കാനുള്ള നഗരസഭയുടെ നീക്കത്തെ നിയമപരമായും ജനാധിപത്യപരമായും നേരിടുമെന്നു പിടിഎ. സ്കൂള്‍ ഗ്രൗണ്ട് സംരക്ഷിച്ചു കൊണ്ടു കെട്ടിടം നിര്‍മിക്കാന്‍ കഴിയുമെന്നു നഗരസഭ അധികൃതരെ ബോധ്യപ്പെടുത്തിയതാണ്. എല്ലാ കയേറ്റങ്ങളും തിരിച്ചുപിടിച്ചു 200 മീറ്റര്‍ സ്റ്റേഡിയം എന്നതാണു പിടിഎ ആഗ്രഹിക്കുന്നത്. സമചതുരാകൃതിയിലുള്ള കെട്ടിട നിര്‍മാണത്തിനു പകരം ദീര്‍ഘചതുരാകൃതിയില്‍ കെട്ടിടം നിര്‍മിച്ചാല്‍ ഗ്രൗണ്ടിന്റെ വികസനപദ്ധതികള്‍ക്കു തടസമാകില്ല.
തങ്ങളെ വികസന വിരോധികളും കുറ്റവാളികളുമായി ചിത്രീകരിക്കുന്ന നഗരസഭ അധികാരികളുടെ നിലപാട് ഖേദകരമാണെന്നും ഇവര്‍ പറഞ്ഞു. പിടിഎ പ്രസിഡന്റ് ടി.എ. നൗഷാദ്, വൈസ് പ്രസിഡന്റ് റെജി സെബാസ്റ്റ്യന്‍, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ജോസ് തെക്കേത്തല, സെക്രട്ടറി സി.പി. ഉണ്ണികൃഷ്ണന്, വികസനസമിതി മെമ്പര്‍ സണ്ണി കോമ്പാറക്കാരന്‍ എന്നിവര്‍ ഇതു സംബന്ധിച്ച് പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ആസ്ഥാനമന്ദിരം പണിയുന്നതിനു എതിര്‍പ്പില്ല, പക്ഷേ കായിക വികസനത്തെ തകര്‍ത്തു ആസ്ഥാന മന്ദിരം നിര്മിക്കുന്നതിനെയാണു എതിര്‍ക്കുന്നതെന്നു ഇവര്‍ വ്യക്തമാക്കി. കെട്ടിട നിര്‍മാണം തുടങ്ങിയാല്‍ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഹൈസ്കൂള്‍ വിഭാഗം കെട്ടിടത്തിന്റെ ഇടുങ്ങിയ വഴിയിലൂടെയും ഗ്രൗണ്ടിലൂടെയും കയറി മാത്രമേ വാഹനങ്ങള്‍ക്കു കെട്ടിട നിര്‍മാണസാമഗ്രികള്‍ എത്തിക്കാന്‍ കഴിയുകയുള്ളൂ.
നിര്‍മാണം പൂര്‍ത്തിയായാലും ഇതിലേക്കു ഗതാഗത സംവിധാനമില്ല. സ്കൂള്‍ ഗ്രൗണ്ട് നശിപ്പിക്കാതെ ഞവരികുളത്തിന്റെ സൈഡിലൂടെ റോഡിട്ട് നിയമപ്രകരം ഗ്രൗണ്ട് അളന്നു തിരിച്ചതിനുശേഷം മാത്രമേ 40 സെന്റിലെ കെട്ടിട നിര്‍മാണം ആരംഭിക്കാന്‍ പാടുള്ളൂവെന്നാണു പിടിഎയുടെ ആവശ്യം. സ്കൂളിന്റെ ഭാവി വികസന പ്രവര്‍ത്തനം കൂടി മുന്നില്‍ക്കണ്ട് ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണു ഉണ്ടാകേണ്ടതെന്നു പിടിഎ പറഞ്ഞു.