തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവം; നാളെ മുതല്‍ 21 വരെ ഇരിങ്ങാലക്കുടയില്‍
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ വച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ബാലകൃഷ്ണന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം നാളെ മുതല്‍ 21 വരെ ഇരിങ്ങാലക്കുടയില്‍ നടക്കും. നാളെ രാവിലെ 9.30ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സിനിമാതാരം ജയരാജ് വാര്യര്‍ കലാമേള ഉദ്ഘാടനം ചെയ്യും. സബ് കളക്ടര്‍ അഖില്‍ വി. മേനോന് ഐഎഎസ്, സാഹിത്യ അക്കാദമി വൈസ് ചെയര്മാന് അശോകന് ചരുവില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. 21ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഐഎഎസ് ഉദ്ഘാടനം ചെയ്യും.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നിന്നാരംഭിക്കുന്ന സ്വര്‍ണകപ്പ് വഹിച്ചുള്ള ഘോഷയാത്ര അഞ്ചിന് പ്രധാനവേദിയായ ടൗണ്‍ ഹാളില്‍ സമാപിക്കും. 22 വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ 8500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ജനറല്‍ കണ്‍വീനറും വിദ്യാഭ്യാസ ഉപഡയറക്ടറുമായ പി.എം. ബാലകൃഷ്ണന് അറിയിച്ചു. മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ആണ് പ്രധാനവേദി. കൂടാതെ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഗേള്‍സ് സ്കൂള്‍, സെന്റ് മേരീസ് സ്കൂള്‍, ഡോണ്‍ബോസ്കോ സ്കൂള്‍ തുടങ്ങിയവയാണ് മറ്റു വേദികള്‍.
നാഷണല്‍ സ്കൂളിലും അറബിക് കലോത്സവം ഗവണ്മെന്റ് എല്‍പി സ്കൂളിലുമായി സംസ്കൃതോത്സവം നടക്കും. സംഘാടകസമിതി പ്രോഗ്രാം കമ്മിറ്റി ഓഫീസുകള്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഭക്ഷണം ഗായത്രി ഹാളിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്. പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എം. ബാലകൃഷ്ണന്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി. ഷൈല, വൈസ് ചെയര്മാന് എ.സി. സുരേഷ്, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ഷിജി ശങ്കര്‍ (പ്രോഗ്രാം), സി.പി. ജോബി (മീഡിയ), പി.ടി. സെമിറ്റോ (പബ്ലിസിറ്റി), സി.വി. സ്വപ്ന (റിസപ്ഷന്) എന്നിവര്‍ പങ്കെടുത്തു.
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; പന്തലുകളൊരുങ്ങി
ഇരിങ്ങാലക്കുട: മുപ്പത്താറാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ വച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ബാലകൃഷ്ണന് നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി. ഷൈല അധ്യക്ഷത വഹിച്ചു. സിനിമാതാരം നീരജ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു. സ്റ്റേജ് പന്തല്‍ കണ്‍വീനര്‍ പിഎം. സാദിഖ്, എ.സി. സുരേഷ് വാര്യര്‍, സി.പി. ജോബി, പി.ടി. സെമിറ്റോ, പ്രധാനാധ്യാപിക സിസ്റ്റര്‍ സുദപ, പ്രിന്‍സിപ്പല്‍ ലിജോ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി റൂറല്‍ പോലീസ്
ഇരിങ്ങാലക്കുട: കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ഓരോ ദിവസവും ഡ്യൂട്ടിക്കായി 100 പോലീസുദ്യോഗസ്ഥരെ വീതം നിയോഗിക്കും. സാധ്യതയുള്ള തിരക്കും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ആവശ്യമാണെങ്കില്‍ കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. സുരക്ഷ ക്രമീകരണങ്ങള്‍ തൃശൂര്‍ റൂറല്‍ ജില്ലാ കണ്ട്രോള് റൂം, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസ് എന്നിവയുടെ മേല്‍നോട്ടത്തില്‍ നിരീക്ഷിക്കും. പാര്‍ക്കിംഗിനായി പ്രത്യേകം നിയോഗിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
റോഡരികിലോ ഗതാഗത തടസമുണ്ടാക്കുന്ന വിധത്തിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വേദികളിലും പരിസരത്തും അനാവശ്യമായി കൂട്ടംകൂടി നിന്ന് തിക്കും തിരക്കും സൃഷ്ടിക്കുന്നത്ഒഴിവാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലും അഡീഷണല്‍ എസ്പി ടി.എസ്. സിനോജ്, ഡിവൈഎസ്പി മാരായ പി.ആര്. ബിജോയ് (സ്പെഷ്യല്‍ ബ്രാഞ്ച്), സി.എല്‍. ഷാജു (ഇരിങ്ങാലക്കുട), എം.ക. ഷാജി (ഇരിങ്ങാലക്കുട എസ്എച്ച്ഒ) എന്നിവരുടെ മേല്‍നോട്ടത്തിലുമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.


വിഭവ സമാഹരണം നടത്തി; ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
കലയുടെയും ദേശത്തിന്റെയും പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന സ്വാഗതഗാനവുമായി 36-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ആലാപനത്തില്‍ 36 ഗായകര്‍ അണിനിരക്കും
വീഥികള്‍ പാടി സ്വാഗതം; ഇരിങ്ങാലക്കുടയില്‍ കലയുടെ കുട ഇന്നു നിവരും
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍: സംസ്കാരസാഹിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു