വേനലിലും വെള്ളക്കെട്ട്, പടിയൂര്‍ കൂത്തുമാക്കല്‍, മേനാലി പ്രദേശങ്ങളില്‍ ദുരിതം
എടതിരിഞ്ഞി: വേനലിലും വെള്ളക്കെട്ടിലാണ് പടിയൂര്‍ പഞ്ചായത്തിലെ ചില സ്ഥലങ്ങള്‍. കെഎല്‍ഡിസി കനാലിലെ കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചതോടെ പടിയൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ കൂത്തുമാക്കല്‍, മേനാലി പ്രദേശങ്ങളാണ് വെള്ളക്കെട്ടിലായത്. കെഎല്‍ഡിസി കനാലിനോട് ചേര്‍ന്നുള്ള പ്രദേശത്തെ വീടുകളും താഴ്ന്ന പ്രദേശങ്ങളുമാണ് ഈ വേനലിലും വെള്ളക്കെട്ട് ഭീഷണിയിലായത്. പഞ്ചായത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് കാക്കാത്തുരുത്തി, മേനാലി മേഖലകള്‍. പ്രളയത്തിലും മുന്‍ വര്‍ഷങ്ങളിലുണ്ടായ കാലവര്ഷങ്ങളിലും ഏറ്റവും കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയത് കനാലിനോടു ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശങ്ങളിലാണ്. വര്‍ഷംതോറും കനോലി കനാലില്‍നിന്ന് ഉപ്പുവെള്ളം കടക്കാതിരിക്കാന്‍ കൂത്തുമാക്കല്‍ ഷട്ടര്‍ അടയ്ക്കുന്നതോടെയാണ് പ്രശ്നം. 16 ഷട്ടറുകളാണ് കൂത്തുമാക്കലിലുള്ളത്. ചിമ്മിനി, മുപ്ലിയം മുതലായ സ്ഥലങ്ങളില്‍ നിന്ന് കെഎല്‍ഡിസി കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഷട്ടറില്‍ വന്നു നില്‍ക്കുന്നതാണ് പ്രശ്നകാരണമെന്ന് പഞ്ചായത്തംഗം കെ.എം. പ്രേമവത്സന്‍ പറഞ്ഞു. ഒന്നാം വാര്‍ഡിലെ ഈ രണ്ട് പ്രദേശങ്ങളിലെ ഇരുപതോളം വീടുകളാണ് വെള്ളക്കെട്ട് ഭീഷണിയിലുള്ളത്. വീട്ടുമുറ്റം വരെ വെള്ളംകയറിയ അവസ്ഥയിലാണ്. ഇനിയും വെള്ളം കയറിയാല്‍ ജനങ്ങളെ വീടുകളില്‍നിന്ന് മാറ്റി പാര്പ്പിക്കേണ്ടിവരുമെന്ന് പഞ്ചായത്തംഗം പറഞ്ഞു. കാലങ്ങളായി ഇതാണ് സ്ഥിതി. ഈ അവസ്ഥയ്ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം കെ.എം. പ്രേമവത്സന്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.