കെട്ടുചിറയില്‍ ഇത്തവണയും സ്ലൂയിസ് മണ്ണിട്ടടയ്ക്കണം
ബജറ്റില്‍ പ്രഖ്യാപിച്ച 15 കോടി പദ്ധതി യാഥാര്‍ഥ്യമായില്ല
പടിയൂര്‍: പടിയൂര്‍ കെട്ടുചിറയില്‍ നിലവിലുള്ള സ്ലൂയിസിലെ ചോര്‍ച്ചമൂലം പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ ഈ വര്‍ഷവും മണ്ണിട്ട് അടയ്ക്കണം. ബജറ്റില്‍ പ്രഖ്യാപിച്ച 15 കോടിയുടെ സ്ലൂയിസ് കം ബ്രിഡ്ജ് ഇനിയും യാഥാര്ഥ്യമാകാത്തതിനാലാണിത്. 2005 ലാണ് മതിലകം പുഴയില്‍നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാനും പടിയൂര്‍, പൂമംഗലം, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെ കൃഷി, കുടിവെള്ളം തുടങ്ങിയവയ്ക്കുമായി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് കെട്ടുചിറ പാലത്തില്‍ മൂന്ന് ഷട്ടറുകള്‍ സ്ഥാപിച്ചത്. കോസ്റ്റ് ഫോര്‍ഡ് ആയിരുന്നു നിര്‍മാണം. എന്നാല്‍ വേഗത്തില്‍ പണി തീര്‍ക്കാന്‍ പാലത്തിന്റെ അരികിലുണ്ടായിരുന്ന സ്ലോട്ടുകളില്‍ ഷട്ടറുകള്‍ സ്ഥാപിച്ചതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഷട്ടറുകള്‍ക്ക് അടിയിലൂടേയും അരികിലൂടേയും ഉപ്പുവെള്ളം കയറാന്‍ തുടങ്ങിയതോടെ പ്രശ്നപരിഹാരത്തിന് വര്‍ഷംതോറും മണ്ണിട്ട് അടയ്ക്കേണ്ട അവസ്ഥയിലായി.
ഓരോ വര്‍ഷവും ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരത്തിലോ കെട്ടുചിറ കെട്ടിയാല്‍ മാത്രമേ ഈ പഞ്ചായത്തുകളിലെ കൃഷി ആരംഭിക്കാന്‍ സാധിക്കൂ. ഇപ്പോള്‍ പടിയൂര്‍ പഞ്ചായത്താണ് കെട്ടുചിറയില്‍ മണ്ണിട്ട് ഉപ്പുവെള്ളഭീഷണി ഒഴിവാക്കുന്നത്. ഇതിനുപുറമേ വെള്ളം കൂടുന്ന സമയത്ത് മണ്ണുനീക്കി ഷട്ടര്‍ ഉയര്‍ത്തിവേണം വെള്ളം ഒഴുക്കികളയാന്‍. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂമംഗലം പടിയൂര്‍ കോള്‍മേഖലയുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികളുടെ കൂട്ടത്തില്‍ കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ് നര്‍മിക്കാന്‍ 15 കോടി വകയിരുത്തിയത്. വളരെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ പ്രഖ്യാപനത്തെ കണ്ടിരുന്നത്. എന്നാല്‍ വര്‍ഷം നാല് പിന്നിട്ടിട്ടും പ്രഖ്യാപനം മാത്രമല്ലാതെ ഒരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മൂന്ന് പഞ്ചായത്തുകളെ ബാധിക്കുന്ന വിഷയമായതിനാല്‍ വര്‍ഷംതോറും മണ്ണിട്ട് ചോര്‍ച്ച തടയുന്നത് അവസാനിപ്പിക്കാന്‍ കെട്ടുചിറ റെഗുലേറ്റര്‍ കം ബ്രിഡ്ജ് എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നാണ് കര്‍ഷകരുടേയും ജനങ്ങളുടേയും ആവശ്യം. നിലവില്‍ മൂന്ന് ഷട്ടറുകള്‍ ഉള്ള സ്ഥാനത്ത് കൂടുതല്‍ ഷട്ടറുകള്‍ സ്ഥാപിക്കുകയും മൂന്നെണ്ണം റെഗുലേറ്റ് ചെയ്യാനും ബാക്കിയുള്ളവ റിസര്‍വായി വയ്ക്കാനും സൗകര്യമൊരുക്കുകയും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അതോടൊപ്പം കൂടുതല്‍ കുതിരശക്തിയുടെ ഒരു മോട്ടോര്‍ സ്ഥാപിച്ചാല്‍ അധികജലം, ഷട്ടറുകള്‍ തുറക്കാതെ പുറത്തേക്ക് പമ്പുചെയ്യാനും ഷട്ടറുകള്‍ തുറക്കുമ്പോഴുള്ള ഉപ്പുവെള്ളഭീഷണി ഒഴിവാക്കാനും കഴിയുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.