തൊമ്മാന കനാലിലെ താമരവളയംചിറയില് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബണ്ടുകെട്ടി
കരുവന്നൂര്‍: പുത്തന്‍തോട് കെഎല്‍ഡിസി കനാലിലേക്ക് നിര്‍മിച്ചിരിക്കുന്ന തൊമ്മാന കനാലിലെ താമരവളയംചിറയില് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബണ്ടുകെട്ടി. ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍.) പി.എ. വിഭൂഷണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജലവിഭവവകുപ്പ് ചിറ കെട്ടിയത്. ചിറയിലെ രണ്ട് കഴകളില് മണല്‍ച്ചാക്ക് ഇടാതെ, പലകകള്‍ മാത്രമിട്ട് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതെ നിലനിര്‍ത്തി. മറ്റ് കഴകളില് പലകകള്‍ക്കിടയില്‍ മണല്‍ച്ചാക്കുകളിട്ട് അടച്ചു. അടുത്തവര്‍ഷം ചിറ നിര്‍മാണത്തിന് മുമ്പായി നൂറുമീറ്റര്‍ കിഴക്കോട്ടുമാറിയുള്ള കടപുളിക്കടവിന് മുകളില്‍ ചിറ നിര്‍മിക്കാനാണ് തീരുമാനം. പദ്ധതിക്ക് അനുമതി ലഭിച്ചില്ലെങ്കില്‍ താല്കാലിക മണ്‍ചിറ നിര്‍മിക്കാനും യോഗത്തില്‍ ധാരണയായി. ഇതിനെത്തുടര്‍ന്നാണ് സമീപവാസികള്‍ പ്രതിഷേധം അവസാനിപ്പിച്ച് ചിറ കെട്ടാന്‍ അനുമതി നല്‍കിയത്. കരുവന്നൂര്‍പ്പുഴയുടെ വടക്കേ അതിര്‍ത്തി വല്ലച്ചിറ പഞ്ചായത്തിലും തെക്ക് ഇരിങ്ങാലക്കുട നഗരസഭ രണ്ടാം ഡിവിഷനിലുമാണ്. ജില്ലയിലെ വടക്കന്മേഖലയിലെ കൃഷിക്ക് വെള്ളം ലഭ്യമാക്കാന്‍ ഇതില്‍ പലകയും മണല്ച്ചാക്കുകളുമിട്ട് ബണ്ട് കെട്ടാനുള്ള നീക്കം സമീപവാസികള്‍ തടഞ്ഞതോടെയാണ് പ്രശ്നമായത്. ബണ്ട് കെട്ടുന്നതുമൂലം സമീപത്തെ കിണറുകളിലെ വെള്ളം ഉപയോഗ ശൂന്യമാകുന്നുവെന്നും പുഴയുടെ തിട്ട ഇടിയുമെന്നും ആരോപിച്ച് നാട്ടുകാര്‍ തടയുകയായിരുന്നു. ചിറ കെട്ടാനുള്ള നടപടി അനിശ്ചിതമായി നീളുന്നതിനിടെ ജില്ലയിലെ വടക്കന്‍ കോള്‍മേഖലയിലെ കൃഷിക്കായി ഇല്ലിക്കല്‍ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. 13,500 ഹെക്ടര്‍ വരുന്ന എട്ടുമന, അന്തിക്കാട്, ആലപ്പാട്, പുള്ള്, ഏനാമാവ്, ഇടിയഞ്ചിറ, മുല്ലശ്ശേരി, പാവറട്ടി തുടങ്ങിയ കോള്‍നിലങ്ങളിലേക്ക് നെല്‍കൃഷിക്ക് വെള്ളമെത്തിക്കാനാണ് ഇല്ലിക്കല്‍ റെഗുലേറ്റര്‍ ഷട്ടറുകളിട്ടത്. ഇതോടെ കാറളം, ചെമ്മണ്ട മേഖലകളില്‍പ്പെട്ട മൂവായിരത്തോളം ഏക്കര്‍ പാടത്തെ കൃഷി വെള്ളത്തിലാകുമെന്ന ആശങ്കയിലായിരുന്നു കര്‍ഷകര്‍. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നിവേദനങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ഇരുകരകളിലും താമസിക്കുന്നവരുടെ യോഗം വിളിച്ച് പ്രശ്നം ചര്‍ച്ചചെയ്തത്.