ഭക്തിസാന്ദ്രം; ആയിരങ്ങളെ സാക്ഷിയാക്കി സംഗമേശന് ചാലക്കുടി കൂടപ്പുഴ കടവില്‍ ആറാട്ട്
ഇരിങ്ങാലക്കുട: ഭക്തിയുടെ നിറവില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചാലക്കുടി കൂടപ്പുഴ സംഗമേശന്റെ ആറാട്ട്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്ന് പരിവാരസമേതം ആറാട്ടിനെഴുന്നള്ളിയ സംഗമേശന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചാലക്കുടി കൂടപ്പുഴ കടവില്‍ ആറാട്ട് നടത്തിയത്. പള്ളിവേട്ട കഴിഞ്ഞ് വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ മണ്ഡപത്തില്‍ പള്ളിക്കുറിപ്പില്നിന്ന് മംഗളനാദത്തോടും ശംഖനാദത്തോടെയും വിളിച്ചുണര്‍ത്തി പശുവിനെ കണികാണിച്ച് പ്രഭാതകര്‍മങ്ങള്‍ക്കു ശേഷം പുതിയ പട്ടുടയാടകളണിയിച്ച് തിരുവാഭരണവും ചന്ദനവും ചാര്‍ത്തി. വൈഷ്ണവമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് സംഗമേശ്വരന്റെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്.
ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ തിങ്ങി നിറഞ്ഞ ഭക്തരെ സാക്ഷി നിര്‍ത്തി ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചു. വലിയ ബലികല്ലില് ബലി തൂവി, കൊടിമരത്തിന് പ്രദക്ഷിണം ചെയ്ത് കയ്യിലേന്തിയ വിഗ്രഹവുമായി മേല്‍ശാന്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സംഗമേശ്വര ചൈതന്യത്തെ തിടമ്പിലേയ്ക്കാവാഹിച്ച് ആനപ്പുറത്ത് കയറ്റി കിഴക്കേ ഗോപുര കവാടം വഴി പുറത്തേക്ക് ഇറങ്ങി. കിഴക്കെ നടയില്‍ പോലീസ് ആചാരപ്രകാരമുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. വടകുറുമമ്പക്കാവ് ദുര്‍ഗാദാസന്‍ ഭഗവാന്റെ തിടമ്പേറ്റി. തിരുവമ്പാടി ഗോപീകണ്ണനും കുളക്കാടന്‍ കുട്ടികൃഷ്ണനും അകമ്പടിയായി. ചാലക്കുടി കൂടപ്പുഴ ആറാട്ടു കടവിലേക്ക് പുറപ്പെട്ട ഭഗവാനെ നൂറുകണക്കിന് ആളുകള്‍ അനുഗമിച്ചു. രാവിലെ ഇരിങ്ങാലക്കുടയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട എഴുന്നള്ളിപ്പ് കൂടപ്പുഴ ആറാട്ടു കടവില്‍ എത്തിച്ചേര്‍ന്ന് ഉച്ചതിരിഞ്ഞ് 12.50 ഓടെയാണ് ആറാട്ട് നടന്നത്. പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ നടന്ന പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ മകന് ഋഷികേശ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം തിടമ്പ് ഏന്തിക്കൊണ്ട് മൂന്ന് പ്രാവശ്യം പുഴയില്‍ മുങ്ങി ആറാട്ടു നടത്തിയപ്പോള്‍ ഭക്തജനങ്ങള്‍ ആര്‍പ്പുവിളികളോടെ ആറാട്ടില്‍ പങ്കെടുത്ത് നിര്‍വൃതി നേടി. ഉരുളിയില്‍ തിടമ്പ് വെച്ചാണ് സംഗമേശ്വരന്റെ ആറാട്ടു നടത്തിയത്. ഭഗവാനൊപ്പം ശരണം വിളികളോടെ ഭക്തര്‍ ആറാട്ട് മുങ്ങി. ആറാട്ടിന് ശേഷം കൂടപ്പുഴ എന്‍എസ്എസ് കരയോഗത്തിന്റെ നേത്യത്വത്തില്‍ പ്രസാദ വിതരണം നടന്നു. സനീഷ്കുമാര് എംഎല്‍എ, ചാലക്കുടി നഗരസഭ െയര്‍മാന്‍ അഡ്വ. എബി ജോര്‍ജ്ജ്, ദേവസ്വം ചെയര്മാന് അഡ്വ. കെ.എ. ഗോപി, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മേല്‍ശാന്തി പുത്തില്ലത്ത് ആനന്ദന് നമ്പൂതിരി, പരികര്മി മണക്കാട് പരമേശ്വരന് നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് മഞ്ഞള്‍പൊടി കൊണ്ട് അഭിഷേകവും പൂജയും നടത്തിയ ശേഷം മഞ്ഞള്‍പൊടി ഭക്തജനങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ഭക്തജനങ്ങള്‍ക്ക് കഞ്ഞിയും പുഴുക്കും പപ്പടവും മാങ്ങക്കറിയും വിതരണം ചെയ്തു. വൈകീട്ട് 7.30 ന് ഠാണ ജംഗ്ഷനില്‍ നിന്നും പഞ്ചാരിമേളത്തോടെ സ്വീകരിക്കുകയും ആല്‍ത്തറയില്‍ നിന്നും പഞ്ചവാദ്യത്തോടെയും കുട്ടംകുളം ജംഗ്ഷനില്‍ നിന്നും പാണ്ടിമേളത്തോടെയും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു. പഞ്ചവാദ്യത്തിന് പല്ലാവൂര്‍ ശ്രീധരന് മാരാരും പാണ്ടിമേളത്തിന് രാജീവ് വാര്യരും നേതൃത്വം നല്കി. ആല്ത്തറക്കല് നിന്നും ക്ഷേത്രത്തിലേക്ക് ശങ്കരന് കുളങ്ങര ഉദയന്‍ ഭഗവാന്റെ തിടമ്പേറ്റി.
കൂടല്‍മാണിക്യം ക്ഷേത്രോത്സത്തിന് സമാപ്തികുറിച്ച് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിലേയ്ക്ക് ആറാട്ടിന് എഴുന്നള്ളിയ സംഗമേശന് പോലീസ് റോയല്‍ സല്യൂട്ട് നല്കുന്നു.