കോടംകുളം പുളിക്കലച്ചിറ പാലം വീണ്ടും പ്രതീക്ഷയില്‍, പുതിയ രൂപരേഖയ്ക്ക് അംഗീകാരം
പായമ്മല്‍: പടിയൂര്‍ പൂമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒലുപ്പൂക്കഴ കോടംകുളം റോഡിലെ പുളിക്കലച്ചിറ പാലം പുനര്‍നിര്‍മിക്കുന്നതിന് രൂപരേഖയായി. പിഡബ്ല്യൂഡി രൂപരേഖാ വിഭാഗം ഉയരം കുറഞ്ഞ രീതിയില്‍ തയാറാക്കിയിരിക്കുന്നതിന് പടിയൂര്‍ പൂമംഗലം ഗ്രാമപഞ്ചായത്തുകള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പാലത്തിന്റെ രൂപരേഖയ്ക്കനുസരിച്ചുള്ള സാധ്യതാ റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കി നല്കി അംഗീകാരം ലഭിച്ചാല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പിഡബ്ല്യൂഡി ബ്രിഡ്ജസ് വിഭാഗം. പാലം പുനര്‍നിര്‍മിക്കുന്നതിന് നേരത്തെതന്നെ ഒരു കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പുതിയ കണക്കനുസരിച്ച് ഇതിലും കൂടുതല്‍ തുക വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നാലമ്പല തീര്‍ഥാടനകാലത്ത് പായമ്മല്‍ ശത്രുഘ്ന ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഭക്തരുടെ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് ഇതുവഴിയാണ്. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തേയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തേയും ബന്ധിപ്പിക്കുന്ന പടിയൂര്‍ പൂമംഗലം കോള്‍പ്പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന തോടിന് കുറുകെയാണ് പാലം നില്‍ക്കുന്നത്. 2018ലും 19ലും ഉണ്ടായ പ്രളയത്തില്‍ പാലത്തിന്റെ താഴെയുള്ള ഭാഗത്തെ വീതി കുറവുമൂലം വെള്ളം ഒഴുകിപ്പോകാതെ തടഞ്ഞുനിന്നത് പ്രദേശത്തെ മുഴുവന്‍ വെള്ളക്കെട്ടിലാഴ്ത്തിയിരുന്നു. കാലപ്പഴക്കം വന്ന പാലത്തിലൂടെ നാലമ്പല തീര്‍ഥാടന കാലത്ത് പാലം അപകടത്തില്‍ എന്ന ബോര്‍ഡ് വെച്ചാണ് വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നത്.