സംഗമഗ്രാമ മാധവന്റെ പേരില്‍ ഇരിങ്ങാലക്കുടയില്‍ ഗണിതശാസ്ത്ര പഠനകേന്ദ്രം; സംഗമഗ്രാമ മാധവന്റെ ഭവനം മന്ത്രി ആര്. ബിന്ദു സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: ഗണിതശാസ്ത്രത്തില്‍ ഇന്ത്യയുടെ തനത് സംഭാവനയര്‍പ്പിച്ച സംഗമഗ്രാമ മാധവന്റെ പേരില്‍ ഗണിതശാസ്ത്ര പഠനകേന്ദ്രം സ്ഥാപിക്കുന്നതിനു മുന്നോടിയായി സംഗമഗ്രാമ മാധവന്റെ ഭവനം മന്ത്രി ഡോ. ആര് ബിന്ദു സന്ദര്‍ശിച്ചു. ഗണിതശാസ്ത്ര പ്രതിഭയുടെ ജന്മദേശമായ ഇരിങ്ങാലക്കുട കല്ലേറ്റുംകരയില്‍ അദ്ദേഹം താമസിച്ചിരുന്നതായി കരുതുന്ന ഇരിഞ്ഞാടപ്പിള്ളി മനയിലും ഗണിതശാസ്ത്ര ഗവേഷണം നടത്തിയിരുന്ന ക്ഷേത്രത്തിലുമായിരുന്നു സന്ദര്‍ശനം. ഇവയോട് ചേര്‍ന്നാകും ഗണിതശാസ്ത്ര പഠനകേന്ദ്രമുയരുക. ഒരു ഗണിതശാസ്ത്ര പഠനകേന്ദ്രം എന്ന നിലയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമെല്ലാം ആഴത്തിലുള്ള അവഗാഹം പകര്‍ന്നു നല്കുന്ന വിധത്തിലുള്ള കേന്ദ്രമാണ് ലക്ഷ്യമിടുന്നതെന്ന് സന്ദര്‍ശനവേളയില്‍ മന്ത്രി ബിന്ദു പറഞ്ഞു. അദ്ദേഹത്തിന് ഉചിതമായ സ്മാരകം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായി ബന്ധപ്പെട്ടാണ് പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്.
ഇതിനായി ബജറ്റില്‍ പ്രത്യേക തുകയും നീക്കിവച്ചിട്ടുണ്ട്. ബി.സി എട്ടു മുതല്‍ എ.ഡി പതിനെട്ടു വരെയുള്ള നൂറ്റാണ്ടുകളില്‍ ലോക ഗണിതശാസ്ത്രത്തിന് ഇന്ത്യ അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇവരില്‍ പ്രഥമസ്ഥാനീയനാണ് കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് എന്ന് ലോകം വിശേഷിപ്പിക്കുന്ന ഗുരുശിഷ്യപരമ്പര സ്ഥാപിച്ച സംഗമഗ്രാമ മാധവന്. ലോക പ്രസിദ്ധ ഗണിതശാസ്ത്രജ്ഞന് ജെയിംസ് ഗ്രിഗറിയുടെ ആചാര്യനായി അറിയപ്പെടുന്ന സംഗമഗ്രാമ മാധവന്, ത്രികോണമിതി, ജ്യാമിതി, കാല്‍ക്കുലസ് എന്നിവയുടെ രൂപീകരണത്തിലും പങ്കുവഹിച്ചതായി ഗണിതശാസ്ത്രസമൂഹം വിലയിരുത്തുന്നു. ഈ വര്‍ഷം തന്നെ കേന്ദ്രത്തിന്റെ പ്രവര്‍ത്തി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.