കഥകളി പ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാരാവുകള്‍; ഞായറാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കഥകളിയില്‍ വേഷമിടും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്പെഷ്യല്‍ പന്തലില്‍ ഏഴുദിവസത്തെ കഥകളിക്ക് തുടക്കമായി. ക്ഷേത്രത്തിനു പുറത്ത് സംഗമ വേദിയിലും കഥകളി അവതരിപ്പിക്കുന്നുണ്ട്. സംഗമപുരിയിലെത്തുന്ന കഥകളി പ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാരാവുകളാണ്. കൂടല്‍മാണിക്യ ക്ഷേത്രോത്സവം കഥകളി പ്രേമികളുടെ ഉത്സവം കൂടിയാണ്. ഇനിയുള്ള ഏഴു രാത്രികള്‍ പ്രഗത്ഭരായ കലാകാരന്മാര് അണിനിരക്കുന്ന കഥകളിയാണു അരങ്ങേറുന്നത്.
വിളക്കിനുശേഷം രാത്രി 12 മുതല്‍ പുലര്‍ച്ചെവരെ നീളുന്ന ഏഴുദിവസത്തെ കഥകളി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ പ്രത്യേകതയാണ്. കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ ഇത്തവണ മന്ത്രി ഡോ.ആര്. ബിന്ദുവിന്റെ കഥകളിയും. മന്ത്രി ദമയന്തിയായി വേഷമിടുന്ന നളചരിതം ഒന്നാംദിവസം കഥകളി ഞായറാഴ്ച രാത്രി ഏഴിന് സംഗമം വേദിയില്‍ അരങ്ങേറും. ഉത്തരാസ്വയംവരം, പ്രഹ്ളാദ ചരിതം, സംഗമേശ മഹാത്മ്യം, ദക്ഷയാഗം, സന്താനഗോപാലം, കിരാതം, ലവണാസുരവധം, കല്യാണസൗഗന്ധികം, സീതാസ്വയംവരം, നളചരിതം ഒന്നാംദിവസം, നളചരിതം രണ്ടാം ദിവസം, ശ്രീരാമപട്ടാഭിഷേകം എന്നിവയാണു ഈ വര്‍ഷം അവതരിപ്പിക്കുന്ന കഥകള്‍.
ആദ്യത്തെ ആറുദിവസം കഥ ഏതായാലും വലിയവിളക്കു ദിവസം ശ്രീരാമപട്ടാഭിഷേകം അവതരിപ്പിക്കുന്നത് നൂറിലധികം വര്‍ഷമായി നിലനില്‍ക്കുന്ന നിഷ്ഠയാണ്. കലാനിലയം ഗോപി, കലാമണ്ഡലം വൈശാഖ്, കലാനിലയം അനില്‍കുമാര്‍, കലാനിലയം വാസുദേവപണിക്കര്‍, കലാനിലയം മനോജ്, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്, കലാനിലയം സുന്ദരന്‍, കലാമണ്ഡലം വിജയകുമാര്‍, ഡോ. സദനം കൃഷ്ണന്‍കുട്ടി, കലാമണ്ഡലം ഷണ്മുഖന്, കലാനിലയം രാഘവന്, കലാനിലയം രാജീവന്, സൂരജ്, യദു കൃഷ്ണന്, പ്രദീപ് രാജ, തൃപ്പയ്യ പീതാംബരന്, ഡോ.ആര്. ബിന്ദു എന്നിവരാണ് വേഷമിടുന്നത്. കലാമണ്ഡലം മനേഷ്, നെടുമുടി മധുസൂദനപണിക്കര്‍, ചെറുതുരുത്തി മുരളി, ഇരിങ്ങാലക്കുട അനിയന്, ഊരകം നാരായണന് നായര്‍ എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കും.