ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മൃഗസംരക്ഷണ ഫോറസ്റ്റ് വകുപ്പുകളും ആന സ്ക്വാഡും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പും ഫോറസ്റ്റ് വകുപ്പും ആന സ്ക്വാഡും. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പി.ഡി. സുരേഷിന്റെ നേതൃത്വത്തില്‍ ആനകളുടെ പരിശോധന നടത്തി. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം ആരോഗ്യ പരിശോധന നടത്തിയ ശേഷം മാത്രമാണ് ഫിറ്റ്നസ് നല്‍കുന്നത്. മൂന്നുദിവസം കൂടുമ്പോള്‍ ആനകളെ പരിശോധനയ്ക്ക് വിധേയമാക്കും. ഉത്സവ ദിവസങ്ങളില്‍ ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകും. ആനകളുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുന്നളളിപ്പ് വിവരങ്ങള്‍, മദകാലം എന്നിവ വിലയിരുത്തും. ശാരീരിക പരിശോധനകളും ഇതോടനുബന്ധിച്ച് നടത്തും. പാപ്പാന്മാരുടെ വിവരങ്ങളും ആനകളുമായുള്ള സമ്പര്‍ക്കവും വിലയിരുത്തും. ആദ്യ ദിനത്തില്‍ പതിനഞ്ചോളം ആനകളെയാണ് പരിശോധിച്ചത്. തൃശൂര്‍ പൂരം ചടങ്ങുകളില്‍ പങ്കെടുത്ത പല്ലാട്ട് ബ്രഹ്മദത്തന്, പാറന്നൂര്‍ നന്ദന്, മച്ചാട് ജയറാം, ചൈത്രം അച്ചു എന്നിവ അടക്കം പതിനഞ്ച് ആനകളെയാണ് ആദ്യ ദിനത്തില്‍ പരിശോധിച്ചത്. ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും കമ്മിറ്റി കര്‍ശനമായി പാലിക്കും. മദപ്പാടുള്ളതോ, നീരുള്ളതോ, വികൃതികളോ, മുന്‍ കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ളതോ ആയ ആനകളെ ഒഴിവാക്കുന്നുണ്ട്. ദേവസ്വം കൊട്ടിലാക്കല്‍ പറമ്പിലാണ് ആനകളുടെ പരിശോധന നടത്തുന്നത്. മൃഗഡോക്ടര്‍മാരും ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുമാണ് പരിശോധനാ സംഘത്തിലുള്ളത്. മദപ്പാട് കാലം, ശരീരത്തിലെ ഒലിക്കുന്ന വ്രണങ്ങള്‍, മുറിവുകള്‍, പൊതുആരോഗ്യം, അനുസരണ എന്നിവ പ്രധാനമായും ഉറപ്പുവരുത്തും. പാപ്പാന്മാരുടെ ലൈസന്‍സ്, ആനയുടെ ഇന്‍ഷുറന്‍സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും. ആനയ്ക്കും പൊതുജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന രേഖകള്‍ ആനയുടമകള്‍ ഹാജരാക്കണം. ആനകളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോഴോ പോകുമ്പോഴോ ആളുകള്‍ ആനകളുടെ അടുത്തേക്ക് പോകുവാനോ, സ്പര്‍ശിക്കുവാനോ സാധിക്കാത്തവിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സമയം പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദങ്ങള്‍ക്കുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. പി. സതീഷ്കുമാര്‍, ഡോ. ടി.എ. ബാബുരാജ്, ഡോ. കിരണ്‍ മേനോന്, ഡോ. സിജോ ജോസഫ്, ഡോ. ശിവദാസ്, ഫോറസ്റ്റ് ഓഫീസര്‍ സെബാസ്റ്റ്യന്‍, മറ്റ് ഉദ്യോഗസ്ഥരായ എം.എസ്. ഷാജി, കെ.ബി. ശോഭ ബാബു, ടി.കെ. അരുണകുമാര്‍, കെ.വി. ഗിരീഷ്, രവി ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്കി.