മാലാഖമാര്‍ക്ക് കൈത്താങ്ങായി’ടെമോസ്’ ഓട്ടോമാറ്റിക് ടെംപറേച്ചര്‍ സ്കാനര്‍
രോഗലക്ഷണങ്ങള്‍ പരിശോധിക്കുന്നതിനു ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ‘ടെമോസ്’ ഓട്ടോമാറ്റിക് ടെംപറേച്ചര്‍ സ്കാനര്‍ വികസിപ്പിച്ചെടുത്തു. വിവിധ രാജ്യങ്ങളിലായി കോവിഡ്-19 മൂലം നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൈത്താങ്ങുവുന്നതിനു വേണ്ടിയാണു ഇതു വികസിപ്പിച്ചെടുത്തത്. രോഗലക്ഷണങ്ങള്‍ പരിശോധിക്കുന്നതിനു നിലവില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണു തെര്‍മല്‍ സ്കാനിംഗ്. പ്രധാനമായും ആശുപത്രികളില്‍ നഴ്സുമാരാണു ഇതിന്റെ സഹായത്തോടെ രോഗലക്ഷണം നിര്‍ണയിക്കുന്നത്. അതിനാല്‍ ഇതു ഉപയോഗിക്കുന്നതിലൂടെ സമ്പര്‍ക്കംമൂലം രോഗം പടരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ പ്രശനം പരിഹരിച്ചുകൊണ്ടു ‘ടെമോസ്’ ഓട്ടോമാറ്റിക് ടെംപറേച്ചര്‍ സ്കാനര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണു ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും.
കോളജിന്റെ എഡ്യുക്കേഷണല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര ‘ടെമോസ്’ ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലോക്ക് ഡൗണ്‍ കലമായിട്ടു പോലും ഈ സാമൂഹ്യ വിപത്തിനെ നേരിടുന്നതിനു ഇത്തരമൊരു ആശയം പ്രകടിപ്പിച്ചതു കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ജെയിന് വര്‍ഗീസായിരുന്നു. ഇതു തയാറാക്കുന്നതിനായി വിദ്യാര്‍ഥികളായ തോമസ് ആന്റണി, കെ.ടി. ഫെബിന്, നവനീത് പി. ഷൈന്‍, അമിത് വിനായക്, ഫ്രെഡിന് ജോ ആന്‍സ്, റിയോ ബിജോയ്, സാമുവല്‍ ആന്റണി എന്നിവരും ചേര്‍ന്നിരുന്നു. ഇതോടൊപ്പം ഇലക്ട്രിക്കല്‍ വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും പൂര്‍ണപിന്തുണ ഇവര്‍ക്കു ലഭിച്ചിരുന്നു. സാങ്കേതിക തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനായും അധ്യാപകര്‍ ഇവരോടൊപ്പമുണ്ടായിരുന്നു. കോളജ് അധികൃതരുടെ പ്രോത്സാഹനവും ‘ടെമോസി’ന്റെ വിജയത്തിന്റെ പിന്നിലുണ്ട്.