കൂടല്‍മാണിക്യം ഉത്സവം; ഹൃദ്യമായി ഡോ. എന്‍.ജെ. നന്ദിനിയുടെ സംഗീതക്കച്ചേരി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് പ്രധാന വേദിയില്‍ ഡോ. എന്‍.ജെ. നന്ദിനിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സംഗീതക്കച്ചേരി ഹൃദ്യമായി. ജഗന് മോഹിനി രാഗത്തിലുള്ള ഖണ്ഡജാതി ത്രിപുട താളത്തിലുളള മല്ലാരിയോടു കൂടിയാണ് രണ്ടര മണിക്കൂര്‍ നീണ്ട കച്ചേരി ആരംഭിച്ചത്. തുടര്‍ന്ന് ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി യശശരീരനായ പാലാഴി നാരായണന്‍കുട്ടി മേനോന് എഴുതി ഗാനമൂര്ത്തി എന്ന രാഗത്തില്‍ ചിട്ടചെയ്ത ശ്രീ ഗണേശ എന്ന കൃതി അവതരിപ്പിച്ചു. വരാളി രാഗത്തിലുള്ള നീ പൊഗട എന്ന കീര്‍ത്തനവും കര്ണരഞ്ജിനിയിലുള്ള വാഞ്ച തോന്നുന എന്ന കീര്‍ത്തനവും കച്ചേരിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശങ്കരാഭരണമേ അഴയ് തോഡി വാടി കല്യാണി ദര്ബാറ്ക്ക് ചതുര് രാഗത്തിലുള്ള രാഗം താനും പല്ലവിയാണ് പ്രധാന ഇനമായി കച്ചേരിയില്‍ അവതരിപ്പിച്ചത്. കര്‍ണാടക സംഗീത ഗായികയായ ഡോ. നന്ദിനി സര്‍ക്കാരിന്റെ ചെമ്പൈ പുരസ്കാരം, ഇസായി ചുഡാര് പട്ടം, എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്പ് എന്നിവ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമടക്കം 900ത്തോളം കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ആകാശവാണിയില്‍ നിന്ന് എ ഗ്രേഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ സംഗീതജ്ഞ കൂടിയാണ്. നാഗസ്വരം ഇളം ചക്രവര്‍ത്തി നെന്മാറ ഡോ. എന്‍.ആര്. കണ്ണന്, മൃദംഗം ബോംബെ കെ.ബി. ഗണേഷ്, ഇടയ്ക്ക പി. നന്ദകുമാര്‍, തവില്‍ തിടനാട് അനു ജി. വേണുഗോപാല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
കൂടല്‍മാണിക്യ ഉത്സവം; നിറഞ്ഞ സദസില്‍ സംഗമം വേദിയും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ അവതരണത്തിനായി ക്ഷേത്രത്തിന് പുറത്ത് തെക്കേ നടയില്‍ സജീകരിച്ച സംഗമം വേദിയിലെ പരിപാടികള്‍ക്കും നിറഞ്ഞ സദസ്. ഉത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പുറത്ത് വേദി ഒരുക്കിയത്. തെക്കെനടയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലത്താണ് 1200 പേര്‍ക്ക് ഇരിക്കാവുന്ന താല്കാലിക സ്റ്റേജ് സജീകരിച്ചത്. ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ദേവസ്വം സ്റ്റേജിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. ദേവസ്വത്തിന്റെ മാണിക്യശ്രീ പുരസ്കാര ചടങ്ങ്, കേരള കലാമണ്ഡലത്തിന്റെ അംബ അംബിക അംബാലിക നൃത്തശില്പം, തിരുവാതിരക്കളി, നൃത്തന്യത്യങ്ങള്‍ അടക്കമുള്ള പരിപാടികളാണ് ഉത്സവത്തിന്റെ ആദ്യദിനങ്ങളില്‍ സംഗമം വേദിയില്‍ അരങ്ങേറിയത്. ഇന്ന് വൈകീട്ട് ഏഴിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അടക്കമുള്ള കലാകാരന്മാര് രംഗത്ത് വരുന്ന നളചരിതം കഥകളി, നാളെ രാത്രി എട്ടിന്് ചലച്ചിത്രതാരം നവ്യനായരുടെ നൃത്തന്യത്യങ്ങള്‍, മെയ് ഒമ്പതിന് പോണ്ടിച്ചേരി നാട്യഗ്രാമത്തില്‍ നിന്നുള്ള കളരി, തെയ്യം നൃത്ത ശില്പം തുടങ്ങിയ പരിപാടികളും സംഗമം വേദിയില്‍ അരങ്ങേറും. വിവിധോദ്ദേശ്യങ്ങള്‍ക്കായി സ്റ്റേജും ഓഡിറ്റോറിയവും പണി കഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്പോണ്‍സര്‍മാര്‍ തയ്യാറാണെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.