ശ്രീരാമപട്ടാഭിഷേകം കഥകളിക്ക് ഭരതവേഷം ഇടുന്നത് കലാനിലയം രാഘവനാശാന്
45-ാം തവണയാണ് ഭരതവേഷം ഇടുന്നത്, ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലെ ആദ്യ വിദ്യാര്‍ഥിയാണ് രാഘവനാശാന്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്ന് ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറുമ്പോള്‍ തുടര്‍ച്ചയായി 45-ാം വര്‍ഷവും ഭരതനായി അരങ്ങിലെത്തുന്നത് കലാനിലയം രാഘവനാണ്. കൂടല്‍മാണിക്യ ക്ഷേത്ര പ്രതിഷ്ഠ ഭരതനായതിനാല് തനിക്ക് ലഭിച്ചിരിക്കുന്ന മഹാഭാഗ്യം കൂടിയാണ് ഭരതന്റെ വേഷമെന്ന് രാഘവനാശാന് പറയുന്നു. പാദുകം സിംഹാസനത്തില്‍ വെച്ച് ജ്യേഷ്ഠനായ ശ്രീരാമചന്ദ്രന്റെ പ്രതിപുരുഷനായി ഭരണം നടത്തുന്ന ഭരതന് 14 വര്‍ഷത്തെ വനവാസത്തിനുശേഷം ജ്യേഷ്ഠന് തിരിച്ചെത്തുമ്പോള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ച് സ്വീകരിക്കുന്ന രംഗം കഥകളി പ്രേമികളുടെ മനസിലെ മായാത്ത ഏടാണ്. ഇതിനെയാണ് കലാനിലയം രാഘവന് സാര്‍ഥകമാക്കുന്നത്. കലാമണ്ഡലം കരുണാകരന് ആയിരുന്നു ഈ വേഷം ഇതിനുമുമ്പ് ചെയ്തിരുന്നത്. കഴിഞ്ഞ 50 വര്‍ഷമായി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കഥകളിയില്‍ വിവിധ വേഷങ്ങളില്‍ രാഘവനുണ്ട്. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലെ ആദ്യ വിദ്യാര്‍ഥി, പിന്നീട് പ്രധാന അധ്യാപകന്, പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ച കലാനിലയം രാഘവന് ഇരിങ്ങാലക്കുട കഥകളി പാരമ്പര്യത്തിന്റെ മുതിര്‍ന്ന കണ്ണിയാണ്. കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ തെക്കേനടയിലാണ് താമസം.