ജീവിതം തിരിച്ചുപിടിച്ചവരുടെ സംഗമം ‘സമാഗമം 2023’ ശ്രദ്ധേയം
ഇരിങ്ങാലക്കുട: ആകസ്മികമായ അപകടങ്ങളിലൂടെ കിടപ്പുരോഗികളാവുകയും തുടര്ന്ന് ചികിത്സയിലൂടെയും പരിചരണത്തിലൂടെയും ജീവിതത്തിലേക്ക് തിരിച്ചുവരുകയും ചെയ്തവരുടെ സംഗമം ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല് മെഡിസിന് ആന്ഡ് റീഹാബിലിറ്റേഷനില് (നിപ്മര്) സംഘടിപ്പിച്ച ‘സമാഗമം 2023’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. നട്ടെല്ലിന് ക്ഷതം, തലച്ചോറിന് ക്ഷതം, പക്ഷാഘാതം എന്നിവ ബാധിച്ച നിപ്മറിലെ സ്പൈനല് കോഡ് ഇന്ജ്വറി യൂണിറ്റില് നിന്ന് പരിചരണം ലഭിച്ച 56 പേരും അവരുടെ കുടുംബാംഗങ്ങളുമാണ് സംഗമത്തില് പങ്കെടുത്തത്. മൂന്നു വര്ഷത്തിനുള്ളില് 76 പേരാണ് നിപ്മറിലെ പരിചരണത്തിലൂടെ ജീവിതം തിരിച്ചുപിടിച്ചത്. പരിചരണത്തിനു ശേഷം ഓരോരുത്തരുടെയും ജീവിതരീതി, നിലവിലെ സ്ഥിതി എന്നിവ പരസ്പരം അറിയുന്നതിനും പങ്കുവയ്ക്കുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചതെന്ന് നിപ്മര് എക്സിക്യുട്ടീവ് ഡയറക്ടര് സി. ചന്ദ്രബാബു പറഞ്ഞു. ആളൂര് പഞ്ചായത്തംഗം മേരി ഐസക് അധ്യക്ഷത വഹിച്ചു. ഡിലിജെന്റ് ബിഒപിഒ മോഡല് നിഷാന് നിസാര്, ഗായികയും മോട്ടിവേഷണല് സ്പീക്കറുമായ സിയാ ശ്രുതി എന്നിവര് മുഖ്യാതിഥികളായിരുന്നു. നിപ്മര് കണ്സള്ട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ.എം.ആര്. സന്തോഷ് ബാബു, തൃശൂര് എഐഎംഎസ് ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാര്, കണ്സള്ട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ. നീന എന്നിവര് പ്രസംഗിച്ചു.