38 മത് കൂടിയാട്ട മഹോത്സവത്തിന് മാധവനാട്യഭൂമിയില്‍ തുടക്കമായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിന്റെ 38 മത് കൂടിയാട്ട മഹോത്സവത്തിന് ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയില്‍ തുടക്കമായി. ഗുരുകുലത്തിലെ ആചാര്യനായിരുന്ന ഗുരു അമ്മന്നൂര്‍ പരമേശ്വര ചാക്യാരുടെ ചിത്രത്തിന് മുന്പില് കൂടിയാട്ട ആചാര്യന് അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ ദീപം തെളിയിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ കൂടിയാട്ട ആചാര്യന് വേണുജി മഹോത്സവം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട കഥകളി ക്ലബ് പ്രസിഡന്റ് അനിയന് മംഗലശേരി പരമേശ്വര ചാക്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം നാരായണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ച യോഗത്തിന് ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം ട്രഷറര്‍ സരിത കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ഷേമീശ്വരന്റെ നൈഷധാനന്ദം നാടകത്തിലെ അനലഗര്ഭാങ്കം കൂടിയാട്ടം അരങ്ങേറി. സൂരജ് നമ്പ്യാര്‍ സംവിധാനം ചെയ്ത അനലഗര്ഭാങ്കത്തില് നളനായി സൂരജ് നമ്പ്യാര്‍ രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം വിജയ് ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, താളത്തില്‍ ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര ചമയത്തില്‍ കലാമണ്ഡലം വൈശാഖ് എന്നിവര്‍ പങ്കെടുത്തു.