വര്‍ണ്ണാഭമായി ക്രൈസ്റ്റ് കോളജിന്റെ ചിലമ്പ് വിളംബര ജാഥ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കലോത്സവമായ ചിലമ്പ് 2025 ന് അരങ്ങുണര്‍ന്നു. കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ വര്‍ണാഭമായ വിളംബരജാഥ ശ്രദ്ധേയമായി. വിവിധ കലാരൂപങ്ങളുടെ സാന്നിധ്യം ഘോഷയാത്രയ്ക്ക് നിറച്ചാര്‍ത്തേകി. കടും നിറങ്ങളില്‍ ആറാടിയ തെയ്യം രൂപങ്ങളും താളത്തില്‍ ചുവടുവെച്ച് നീങ്ങിയ നൃത്തരൂപങ്ങളും കഥകളി, കൂത്ത്, കളരിപ്പയറ്റ് തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ സാന്നിദ്ധ്യവും ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടേയും അകമ്പടിയും തിടമ്പേറ്റിയ യന്ത്രവല്‍കൃത ഗജവീരനും ഘോഷയാത്രയുടെ മാറ്റ് കൂട്ടി. ജനുവരി മൂന്ന്, നാല്, ആറ് തീയതികളിലായാണ് കലാമേള അരങ്ങേറുന്നത്.
സര്‍വ്വകലാശാല ഇന്റര്‍സോണ്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി വിവിധ പഠന വകുപ്പുകള്‍ മാറ്റുരയ്ക്കുന്ന ചിലമ്പ് കലാമേള കോളജ് യൂണിയന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. കലാരൂപങ്ങളിലെ വൈവിധ്യം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമാകുന്ന ഈ കലാമേള വിദ്യാര്‍ഥികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു എന്ന് വിളംബരജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പറഞ്ഞു. ആഴ്ചകളായുള്ള പരിശീലനത്തിന് ശേഷമാണ് ഓരോ കലാരൂപവും സ്റ്റേജില്‍ അവതരിപ്പിക്കപ്പെടുന്നത്. കോളജ് വൈസ് പ്രിന്‍സിപ്പല്‍മരായ ഡോ. സേവ്യര്‍ ജോസഫ്, പ്രഫ. മേരി പത്രോസ്, അധ്യാപകര്‍, യൂണിയന് ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.