ആന പോലൊരു റോബോട്ടിക് ആന; സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റും, ഒരിക്കലും മദം പൊട്ടില്ല
![](https://irinjalakuda.news/wp-content/uploads/2025/02/ROBOTIC-ANA-1024x759.jpg)
ഇരിങ്ങാലക്കുട കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ റോബോട്ടിക് ആനയായ കോമ്പാറ കണ്ണനെ സമര്‍പ്പിച്ച ശേഷം ക്ഷേത്രം ചുറ്റിയുള്ള എഴുന്നള്ളിപ്പ്.
ഇരിങ്ങാലക്കുട കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ റോബോട്ടിക് ആന കോമ്പാറ കണ്ണനെ സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: കണ്ടാല്‍ ആരായാലും ഒന്ന് നോക്കിനിന്നുപോകും, അത്രയ്ക്ക് തലയെടുപ്പ്, വിടര്‍ന്ന ചെവികള്‍, പതിനെട്ടു നഖങ്ങള്‍, നീണ്ടരോമങ്ങള്‍ നിറഞ്ഞ വാല്. ലക്ഷണമൊത്ത ഈ ഗജവീരന് ഉയരം പത്തര അടി, തൂക്കം എണ്ണൂറ് കിലോ, നാലുപേരെ പുറത്തേറ്റും. കണ്ടാല്‍ ജീവനുള്ളതെന്ന് തോന്നിപ്പിക്കുന്ന ആന പക്ഷേ റോബോട്ടിക് ആനയാണ്. പേര് കോമ്പാറ കണ്ണന്.
ഇരിങ്ങാലക്കുട കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് ആവശ്യങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചതാണ് ഈ റോബോട്ടിക് ആനയെ. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് ഇന്ത്യ (പെറ്റ) സംഘടനയും സിത്താറിസ്റ്റ് അനുഷ്ക ശങ്കറും ചേര്‍ന്നാണ് കോമ്പാറ കണ്ണനെ സമര്‍പ്പിച്ചത്. ഗജരാജന്റെ അഴക് കണ്ടുതന്നെ അറിയണം. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ ആന അല്ലെന്ന് ആരും പറയില്ല.
അത്രയും മനോഹരമായിട്ടാണ് ഒറിജിനലിനെ വെല്ലുന്ന ആനയെ നിര്‍മിച്ചത്. കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇനി മുതല്‍ ഉത്സവ എഴുന്നെള്ളിപ്പിന് കോലം കയറ്റുന്നത് കോമ്പാറ കണ്ണന് ആയിരിക്കും. സമര്‍പ്പണ ചടങ്ങ് ഉണ്ണായിവാരിയര്‍ കലാനിലയം സെക്രട്ടറി സതീഷ് വിമലന് ഉദ്ഘാടനം ചെയ്തു.
കാവനാട്മനയുടെ കീഴില്‍ വരുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ 2015 വരെ ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആനയെ ഒഴിവാക്കി തേര് തയാറാക്കിയാണ് എഴുന്നള്ളിപ്പ് നടത്താറുള്ളത്. ക്ഷേത്രത്തിലെ സ്ഥലപരിമിതിയും ആന ഏക്കം, ചമയം, മറ്റു സാമ്പത്തിക ചെലവുകളും ആന വിരണ്ടോടി ഉണ്ടാകുന്ന പ്രശ്നങ്ങളും ഒഴിവാക്കാനാണ് ആന എഴുന്നള്ളിപ്പ് വേണ്ട എന്ന തീരുമാനം എടുത്തത്.
ക്ഷേത്രാചാരങ്ങള്‍ മുറതെറ്റാതെ നടക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തിന് വെടിക്കെട്ട് പോലുള്ള പരിപാടികള്‍ നടത്താറില്ല. തേരില്‍ എഴുന്നള്ളിപ്പ് ആരംഭിച്ചതോടെ ഭക്തരും അത് ഏറ്റെടുത്തു. ഉത്സവത്തിന് തേരില്‍ എഴുന്നള്ളിപ്പ് നടക്കുന്നതിനെപറ്റിയുള്ള വിവരങ്ങള്‍ അറിഞ്ഞാണ് പെറ്റ ഇന്ത്യ ക്ഷേത്രം അധികൃതരെ സമീപിച്ചത്.
പിന്നീട് യന്ത്ര ആനയെ നല്‍കാം എന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. നാലുപേര്‍ക്ക് ഇരിക്കാവുന്ന ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വീശാനും ആളുണ്ടാകും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന് ആനയുടെ തല, ചെവികള്‍, കണ്ണ്, വായ, വാല് എന്നിവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആനയുടെ സഞ്ചാരം ട്രോളിയിലാണ്.
അഞ്ചുലക്ഷം രൂപ ചെലവഴിച്ച് രണ്ടുമാസം പണിയെടുത്താണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. അഞ്ചു മോട്ടോറുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ ചലനം. റബര്‍, ഫൈബര്‍, മെറ്റല്‍, മെഷ്, ഫോം ഷീറ്റ്, സ്റ്റീല്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
നടി പാര്‍വ്വതി തിരുവോത്തിന്റെ സഹായത്തോടെ കേരളത്തിലെ തൃശൂര്‍ ജില്ലയിലെ കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി ക്ഷേത്രത്തിലേക്ക് റോബോട്ടിക് ആനയെ സംഭാവന ചെയ്തുകൊണ്ട് 2023 ന്റെ തുടക്കത്തില്‍ ക്ഷേത്രത്തില്‍ ജീവനുള്ള ആനകള്‍ക്കു പകരം റോബോട്ടിക് ആനകളെ സ്ഥാപിക്കാനുള്ള അനുഭാവപൂര്‍ണ്ണമായ സംരംഭത്തിന് പെറ്റ സംഘടന തുടക്കം കുറിക്കുകയായിരുന്നു. പെറ്റ ഇന്ത്യ സഹകരണത്തോടെ കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് നല്കുന്ന അഞ്ചാമത്തേതും തൃശൂര്‍ ജില്ലയിലെ രണ്ടാമത്തെയും റോബോട്ടിക് ആനയാണ് കോമ്പാറ കണ്ണന്.
![](https://irinjalakuda.news/wp-content/uploads/2025/02/ROBORTIC-ELEFENT-1024x778.jpg)