അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ കുലപതി സ്ഥാനം വേണുജി രാജിവെച്ചു
ഇരിങ്ങാലക്കുട: കൂടിയാട്ടം അഭ്യസിച്ച വിജാതിയര്‍ക്കും കൂത്തമ്പലങ്ങളില്‍ പ്രവേശനം നല്‍കണമെന്ന വിവാദത്തിന്റെ തുടര്‍ച്ചയായി ഇരിങ്ങാലക്കുട അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ കുലപതിയും ഡയറക്ടറുമായിരുന്ന വേണുജി പ്രസ്തുത സ്ഥാനമാനങ്ങളും ഗുരുകുലത്തിലെ അംഗത്വവും രാജിവെച്ചു. 1982 ല്‍ ഗുരു അമ്മന്നൂര്‍ മാധവചാക്യാരുമൊന്നിച്ച് ഗുരുകുലത്തിന്റെ മുഖ്യസ്ഥാപകരില്‍ അവശേഷിക്കുന്ന ഏകവ്യക്തിയായ വേണുജിയെ ആജീവനാന്ത സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. 2011 ല്‍ 29 വര്‍ഷം വേതനമില്ലാതെ സേവനമനുഷ്ഠിച്ച് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ വേണുജി ഗുരുകുലകലാകാരന്മാരുടെ ഒരു ജനറല്‍ കൗണ്‍സിലിന് അധികാരം കൈമാറുകയായിരുന്നു. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ ജോലി രാജിവെച്ച് ഗുരുകുലം സെക്രട്ടറിയായി പ്രവര്‍ത്തിച്ച വേണുജി കൂടിയാട്ടത്തിനു ദേശീയ അന്തര്‍ദേശീയ ഖ്യാതി നേടുന്നതിന് അനവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയുണ്ടായി. കലാപരമായ മേല്‍നോട്ടം മാത്രം ചുമതലയുള്ള കുലപതി സ്ഥാനം നല്കി ഗുരുകുലത്തിലെ കലാകാരന്മാര് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. പ്രശസ്ത കൂടിയാട്ടം കലാകാരിയും വേണുജിയുടെ പുത്രിയുമായ കപില വേണുവും ഗുരുകുലത്തില്‍ നിന്നും അംഗത്വം രാജിവെച്ചു.