ഇരിങ്ങാലക്കുടയില്‍ സ്നേഹക്കൂടിന്റെ തണലിലേക്ക് ആറാമത്തെ കുടുംബവും

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ സ്നേഹക്കൂട് ഭവനനിര്‍മ്മാണ പദ്ധതിയിലെ ആറാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റം ആളൂരിലെ ഭവനരഹിതയായ റസിയ സുല്ത്താനക്കു നല്കി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിക്കുന്നു
ജീവകാരുണ്യപരമായ കടമ നിര്‍വഹിച്ചതിന്റെ സന്തോഷനിമിഷമെന്ന് മന്ത്രി ഡോ. ആര് ബിന്ദു
ഇരിങ്ങാലക്കുട: കൂട്ടായ്മയുടെയും സഹജീവിസ്നേഹത്തിന്റെയും ഉദാത്തമാതൃക തീര്‍ത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ സ്നേഹക്കൂട് ഭവനനിര്‍മ്മാണ പദ്ധതിയിലെ ആറാമത്തെ വീടും യാഥാര്‍ത്ഥ്യമായി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ വിവിധ യൂണിറ്റുകളുടെയും സുമനസ്സുകളുടെയും സഹായത്താല്‍ ഉയര്‍ന്ന ആറാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു. ആളൂരിലെ ഭവനരഹിതയായ റസിയ സുല്‍ത്താനയാണ് സ്വപ്നഭവനത്തിന്റെ താക്കോല്‍ മന്ത്രിയില്‍നിന്നും സ്വീകരിച്ചത്.
സാങ്കേതിക കാരണങ്ങളാല്‍ സംസ്ഥാനത്തെ മറ്റു ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയവര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മന്ത്രി ബിന്ദുവിന്റെ ഭാവനയില്‍ വിരിഞ്ഞ പദ്ധതിയാണിത്. ഇക്കാലയളവില്‍ ബഹുജന പിന്തുണയോടെ ആറു വീടുകള്‍ സാക്ഷാത്കരിക്കാനായതിന്റെ ആനന്ദനിമിഷമാണിതെന്ന് താക്കോല്‍ സമര്‍പ്പണത്തിനുശേഷം മന്ത്രി ഡോ. ബിന്ദു പറഞ്ഞു. സ്വന്തമായി വീടില്ലാതിരുന്ന റസിയ സുല്‍ത്താനയ്ക്ക് സുമനസ്സുകളുടെ സഹായത്തോടെ മൂന്നു സെന്റ് സ്ഥലം വാങ്ങിയതിന്റെ ആധാരകൈമാറ്റം 2023 നവംബറിലാണ് മന്ത്രി ഡോ. ബിന്ദു നിര്‍വ്വഹിച്ചത്.
വീടുവെച്ചു നല്കുന്ന ഉദ്യമം എപിജെ അബ്ദുള്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എന്‍എസ്എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍, പാലക്കാട് മേഖലയിലെ യൂണിറ്റുകള്‍ ഏറ്റെടുത്തു. സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സഹൃദയ എന്‍ജിനീയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റിനെ നിര്‍വ്വഹണച്ചുമതല ഏല്‍പ്പിച്ചു. സഹൃദയ കോളജിലെ വോളണ്ടിയര്‍മാര്‍ ആദ്യഘട്ടത്തില്‍ സമാഹരിച്ച തുകയുപയോഗിച്ച് വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാ കുറിച്ചു. 2024 ഫെബ്രുവരി 10ന് മന്ത്രി ഡോ. ബിന്ദു തറക്കല്ലിടല്‍ നിര്‍വ്വഹിക്കുകയും ചെയ്തു.
തുടര്‍ന്ന് തൃശൂര്‍, പാലക്കാട് മേഖലയിലെ വിവിധ കോളജുകള്‍ ചേര്‍ന്ന് ധനസമാഹരണത്തിന് നേതൃത്വം നല്‍കുകയും സാങ്കേതിക സര്‍വ്വകലാശാലയിലെ എല്ലാ മേഖലയിലെയും എന്‍എസ്എസ് യൂണിറ്റുകള്‍ അതില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു. അതോടെ റസിയ സുല്‍ത്താനയുടെ വീടെന്ന സ്വപ്നവും സ്നേഹക്കൂട് പദ്ധതിയിലെ ആറാമത്തെ സംരംഭവു യാഥാര്‍ത്ഥ്യമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോര്‍ജോ അധ്യക്ഷത വഹിച്ചു. സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സര്‍, എന്‍എസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റര്‍മാരായ ഡോ. എം അരുണ്‍, ഡോ. പി.യു. സുനീഷ്, പ്രോഗ്രാം ഓഫീസര്‍ സി.യു. വിജയ് ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മാസ്റ്റര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അഡ്വ. എം.എസ്. വിനയന്, രതി ഗോപി, ദിപിന് പാപ്പച്ചന്, ഷൈനി തിലകന്, ജുമൈല ഷഹീര്‍, യു.കെ. പ്രഭാകരന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.