സവിശേഷതകളാല്‍ നിറഞ്ഞതാണ് കൂടല്‍മാണിക്യ ക്ഷേത്രവും ക്ഷേത്രോത്സവവും, പ്രദക്ഷിണങ്ങളുടെ എണ്ണം 157

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന വിളക്കെഴുന്നള്ളിപ്പ്.
ഇരിങ്ങാലക്കുട: ഏറെ സവിശേഷതകളാല്‍ നിറഞ്ഞതാണ് കൂടല്‍മാണിക്യ ക്ഷേത്രവും ക്ഷേത്രോത്സവവും. ഉത്സവത്തോടനുബന്ധിച്ച് തിടമ്പില്‍ ദേവചൈതന്യം ആവാഹിച്ച് നടക്കുന്ന പ്രദക്ഷിണങ്ങളുടെ എണ്ണം 157. പത്തു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവചടങ്ങുകളുടെ ഭാഗമായാണ് ആനപ്പുറത്ത് ഭഗവാന് ക്ഷേത്രത്തിന് 157 തവണ വലം വയ്ക്കുന്നത്. കൊടിപ്പുറത്തു വിളക്കുമുതല്‍ കൊടിയിറക്കം വരെ നീളുന്ന പ്രദക്ഷിണങ്ങളില്‍ നൂറുകണക്കിന് ഭക്തരും ചേരും. ഇത്രയധികം പ്രദക്ഷിണങ്ങള്‍ നടക്കുന്ന ക്ഷേത്രം കേരളത്തില്‍ മറ്റൊന്നുമില്ലെന്നാണ് ക്ഷേത്ര പഠിതാക്കള്‍ പറയുന്നത്.
ഇതുപോലെ തന്നെ ഏറ്റവും കൂടുതല്‍ ഹൈന്ദവഭക്തര്‍ പ്രദക്ഷിണം വെക്കുന്ന ക്ഷേത്രമാണ് കൂടല്‍മാണിക്യ ക്ഷേത്രം. ക്ഷേത്രത്തിന്റെ ചുറ്റും ഏറ്റവും അടിയില്‍ അതിനെ താങ്ങിനിര്‍ത്തുന്ന പീഠത്തണ്ടുണ്ട്. അതില്‍ ഒന്നര അടി അകല വ്യത്യാസത്തില്‍ പ്രത്യേക ആകൃതിയില്‍ രാമായണകഥ സമ്പൂര്‍ണമായി കൊത്തിവെച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ള വലിയ വിളക്കിനടുത്ത് നിന്ന് ദര്‍ശനം നടത്തി പ്രദക്ഷിണവഴിയിലൂടെ ഇടത്തോട്ട് നടന്നു നീങ്ങുമ്പോള്‍ രാമായണ കഥ ആരംഭിക്കും.
തെക്കും പടിഞ്ഞാറും വടക്കുഭാഗവും കഴിഞ്ഞ് വീണ്ടും കിഴക്കുഭാഗത്ത് എത്തിച്ചേര്‍ന്ന് ദര്‍ശനം ചെയ്യുമ്പോള്‍ രാമായണ കഥ ഇവിടെ സമ്പൂര്‍ണമായി കഴിഞ്ഞിരിക്കും. ഭക്തജനങ്ങള്‍ പ്രദക്ഷിണം വെക്കുന്നത് ഭഗവാനെ ഉദ്ദേശിച്ചുകൊണ്ടാണെങ്കിലും ഒരു പ്രാവശ്യം രാമായണത്തിനെ പ്രദക്ഷിണം വെക്കുന്ന ഫലവും ഭക്തജനങ്ങള്‍ക്ക് സിദ്ധിക്കാറുണ്ട്. ഈ ഫലസിദ്ധിയാണ് ഭക്തജനങ്ങള്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പ്രദക്ഷിണം വെക്കുന്നതിന് കാരണമായിട്ടുള്ളത്. വളരെ ശ്രദ്ധേയമായതും ആരെയും ആകര്‍ഷിക്കുന്നതുമായ രാമായണ കഥയിലെ ഈ കൊത്തുപണികള്‍ മറ്റൊരിടത്തും കാണാന്‍ സാധ്യമല്ല.