ആവേശം നിറച്ച് കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിയേറി, ഇന്ന് കൊടിപ്പുറത്ത് വിളക്ക്

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തന്ത്രി നകരമണ്ണ് നാരായണന് നമ്പൂതിരി കൊടിയേറ്റുന്നു. തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
ഇരിങ്ങാലക്കുട: സംഗമേശ നഗരിയെ ഉത്സവാവേശത്തിലാഴ്ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു കൊടിയേറി. വൈഷ്ണവ മന്ത്രധ്വനികളാല് ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ താന്ത്രിക ചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ പാണിയും തിമിലയും ചേങ്ങിലയും ചേര്‍ന്ന് സൃഷ്ടിച്ച നാദലയത്തില് മന്ത്രങ്ങള്‍ ആവാഹിച്ച് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിൽ നാരായണന് നമ്പൂതിരിയാണു കൊടിയേറ്റം നിര്‍വഹിച്ചത്. കൊടിയേറ്റത്തിനു മുന്നോടിയായുള്ള ആചാര്യവരണം ചടങ്ങ് കുളമണ്‍ ഇല്ലത്തെ രാമചന്ദ്രന് മൂസ് നിര്‍വഹിച്ചു. ശ്രീകോവിലില്‍നിന്ന് പൂജിച്ചു കൊണ്ടുവന്ന കൊടിക്കൂറയും മണിയും മാലയും കൊടിമരച്ചുവട്ടില്‍വെച്ച് കൊടിമരത്തിനു പൂജ ചെയ്താണ് കൊടിയേറ്റം നിര്‍വഹിച്ചത്.
പഞ്ചാരിമേളത്തിന്റെയും ആനകളുടെയും കലകളുടെയും പത്തു ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന് ഇതോടെ തുടക്കമായി. കിഴക്കേനടയില്‍ വലിയ ബലിക്കല്ലിനോട് ചേര്‍ന്നുള്ള കൊടിമരത്തില്‍ കൊടിയേറിയതോടെ ക്ഷേത്രകലകള്‍ക്ക് തുടക്കമിട്ട് കൂത്തമ്പലത്തില്‍ മിഴാവിന്റെ നാദം ഉയര്‍ന്നു. അമ്മന്നൂര്‍ കുടുംബത്തില്‍നിന്നുള്ള അംഗം സൂത്രധാര കൂത്ത് നടത്തി. വില്വവട്ടത്ത് നങ്ങ്യാര്‍ മഠം കുടുംബാംഗം നങ്ങ്യാര്‍കൂത്ത് നടത്തി. തുടര്‍ന്ന് കൊരമ്പ് മൃദംഗകളരിയിലെ കുട്ടികളുടെ മൃദംഗമേളയും അരങ്ങേറി.
നൂറിലധികം വര്‍ഷങ്ങളായി നടന്നുവരുന്ന ആചാരത്തിന്റെ അണുതെറ്റാതെയുള്ള നിഷ്ഠയുടെ ഭാഗമാണു കൊടിയേറ്റ് ദിവസം കൂത്തമ്പലത്തില്‍ തുടങ്ങുന്ന കൂത്തുപറച്ചില്‍. ശ്രീകോവിലില്‍ നിന്ന് ഭഗവാന് ആദ്യമായി പുറത്തേയ്ക്കെഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ഇന്ന് ആഘോഷിക്കും. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവനെ ശ്രീകോവിലില്‍ നിന്ന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് മാതൃക്കല്‍ ദര്‍ശനത്തിനായി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് സപ്തമാതൃക്കള്‍ക്കരികെ ഇരുത്തും.
ഈ സമയത്ത് ഭക്തര്‍ക്ക് ഭഗവാനെ വണങ്ങാന്‍ അവസരം ലഭിക്കും. തുടര്‍ന്ന് ഭഗവത് തിടമ്പ് കോലത്തില്‍ ഉറപ്പിച്ച് ആനയുടെ പുറത്തേറ്റി എഴുന്നള്ളിക്കും. രണ്ടാനകളുടെ അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കും. അഞ്ചാം പ്രദക്ഷിണത്തില്‍ വിളക്കാചാരം ചടങ്ങ് നടക്കും. കൊടിപ്പുറത്ത് വിളക്കും വലിയ വിളക്കുമടക്കം എട്ടു വിളക്കുകളും എട്ടു ശീവേലിയും നാലുമണിക്കൂര്‍ വീതം നീണ്ടുനില്‍ക്കുന്ന 16 പഞ്ചാരിമേളങ്ങളും വിളക്കിനും ശീേലിക്കും ഒരുപോലെ എഴുന്നള്ളിക്കുന്ന 17 ഗജവീരന്മാരും കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.

മാണിക്യശ്രീ പുരസ്കാരം ഇന്ന് സമ്മാനിക്കും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം 2025 ലെ മാണിക്യശ്രീ പുരസ്കാരം കലാനിലയം രാഘവന് ഇന്ന് സമ്മാനിക്കും. രാത്രി ഏഴിന് സ്പെഷ്യല്‍ പന്തലില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനചടങ്ങില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന് പുരസ്കാരം സമ്മാനിക്കും. ദേവസ്വം മന്ത്രി വി.എന്‍ വാസവന് സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആര്. ബിന്ദു ചടങ്ങില്‍ മുഖ്യാഥിഥി ആയിരിക്കും. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിക്കും.
ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി പഠിക്കുവാന്‍ ചേര്‍ന്ന കലാനിലയം രാഘവന് കലാനിലയത്തില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായി. പത്തനംതിട്ട ജില്ലയിലെ ആനിക്കാട് (മല്ലപ്പിള്ളി) ആണ് ജന്മദേശം. കാവുംമുക്കില് നാരായണന് നായരുടെയും മണ്ണൂര്‍ പുരയിടത്തില്‍ ജാനകിഅമ്മയുടെയും ഏകമകനാണ്. കലാമണ്ഡലം കരുണാകരന് ആശാനായിരുന്നു ആദ്യഗുരു. പിന്നീട് കലാമണ്ഡലം മുരളീധരന് ആശാന്റെ കീഴിലും പഠിച്ചു.
കലാനിലയത്തിലെ ആദ്യബാച്ച് വിദ്യാരഥിയായിരുന്നു. പഠനം കഴിഞ്ഞ ഉടനെ കഥകളി വേഷം അധ്യാപകനായി ജോലി ലഭിച്ചു. 1992 മുതല്‍ 1995 വരെ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പ്രിന്‍സിപ്പലായാണ് വിരമിച്ചത്. കഥകളിയില്‍ ഹംസം, ശ്രീകൃഷ്ണന്, ബ്രാഹ്മണന്, ഹനുമാന് എന്നിങ്ങനെ വിവിധ വേഷങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച കലാകാരനാണ്.
ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു എന്നിവര്‍ അടക്കമുള്ള കലാകാരന്മാരുടെയും കലാനിലയം ഗോപാലകൃഷ്ണന്, കലാനിലയം ബാലകൃഷ്ണന്, കലാനിലയം ഗോപി തുടങ്ങിയ കഥകളി നടന്മാരുടെയും ഗുരു കൂടിയാണ്. ഭാര്യതിരുവല്ല സരസ്വതിയമ്മ. മക്കളായ വാസന്തി, ജയശ്രീ, ജയന്തി, രാജീവ് എന്നിവരും കലാരംഗത്തുണ്ട്.