കഥകളി ഏറെ ശ്രദ്ധേയം; ഇന്ന് ശ്രീരാമ പട്ടാഭിഷേക കഥകളി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ സര്‍വതോഭദ്രം കലാകേന്ദ്രം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കഥകളി.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴു ദിവസങ്ങളിലായി അവതരിപ്പിക്കുന്ന കഥകളി ഏറെ ശ്രദ്ധേയമാകുന്നു. ദിവസവും രാത്രി 12 മണി മുതല്‍ അരങ്ങേറുന്ന കഥകളി കാണാന്‍ ആസ്വാദകരുടെ തിരക്ക് പതിവായിട്ടുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ തികച്ചും സാധാരണമായ ഒരാട്ടക്കഥയാണ ശ്രീരാമപട്ടാഭിഷേകം. സാഹിത്യഭംഗി കൊണ്ടും സംഗീത രസികത്വം കൊണ്ടും ആട്ടത്തിലെ ചിട്ടയിലുള്ള മികവുകൊണ്ടും മേന്മയുള്ള ധാരാളം ആട്ടക്കഥകള്‍ കോട്ടയം കഥകളെന്ന പേരിലും അല്ലാതെയും കഥകളി രംഗത്ത് അവതരിപ്പിച്ചുവരുന്നുണ്ട്.
എന്നാല്‍ കോട്ടയം കഥകളുടെയോ കുചേലവൃത്തം, നളചരിതം മുതലായ സംഗീത ഭാവ രസികത്വം അധികമുള്ള മറ്റ് കഥകളുടെയോ മേന്മകള് ഒന്നും തന്നെ അവകാശപ്പെടാന്‍ കഴിയാത്ത കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ശ്രീരാമപട്ടാഭിഷേകം കഥകളി ലോകത്തിന് മാത്രമല്ല മറ്റ് ഇതര പൊതുജനസമ്മതിയുള്ള കലാരൂപങ്ങളുടെ അവതരണത്തിനും കൂടി അത്ഭുതജനകമായ പ്രേക്ഷക സദസ്സും അവതരണാനുഭൂതികളുമാണ് സര്‍വതോഭദ്രം കലാകേന്ദ്രം വഴി അവതരിപ്പിക്കുന്നത്.
ആറ് ദിവസക്കാലത്തെ കഥകളിയില്‍ നിന്നും വ്യത്യസ്തമായി വലിയ വിളക്ക് ദിവസത്തെ ശ്രീരാമപട്ടാഭിഷേകം ശാസ്ത്രീയ അടിസ്ഥാനമുള്ള കലാസ്വാദകരുടെ കാര്യത്തില്‍ ഏതൊരു ലോകറെക്കോര്ഡിനെയും വെല്ലുവിളിക്കുന്നതാണ്. വിശാലമായ കൂടല്‍മാണിക്യം ക്ഷേത്രാങ്കണത്തില്‍ അതുണ്ടാക്കുന്ന ആസ്വാദക പ്രളയം മറക്കാനാവാത്ത അനുഭവമായി മാറാറുണ്ട്. അവസാനരംഗമാവുമ്പോഴേക്കും സീതാസമേതനായി ശ്രീരാമലക്ഷ്ണന്മാരെ ആനയിച്ചുകൊണ്ടുവരുന്ന രംഗം പലപ്പോഴും കഥകളി എന്ന നില വി്ട് മതപരമായ ചടങ്ങായി മാറുകയാണ് ഇവിടെ.
പതിനായിരക്കണക്കാനാളുകള് ആര്‍പ്പുവിളിയും വായ്ക്കുരവയിട്ടും ശ്രീരാമചന്ദ്രനെ സ്വീകരിക്കുന്നതും പട്ടാഭിഷേകത്തിന്റെ പ്രസാദം വാങ്ങാന്‍ തള്ളിത്തിരക്കി സ്റ്റേജിലെത്തുന്നതും ഒരു അസാധാരണക്കാഴ്ചയാണ്. പട്ടാഭിഷേകത്തിന്റെ ഇന്നത്തെ അവതരണ രീതിയും അരങ്ങൊരുക്കങ്ങളും ആദ്യത്തെ കലാനിലയം പ്രിന്‍സിപ്പലായിരുന്ന യശഃശരീരനായ പള്ളിപ്പുറം ഗോപാലന് നായരാശാന്റെയും ഒപ്പം സ്ഥാപക പ്രസിഡന്റായിരുന്ന ദിവംഗതനായ പുത്തൂര്‍ അച്ചുതമേനോന്റെയും ഭാവനാവിലാസത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്നു.
ശ്രീരാമ ഭക്തിയില്‍ കൂടല്‍മാണിക്യം ക്ഷേത്രാങ്കണം അയോധ്യപുരിയാക്കി മാറ്റുന്ന തരത്തിലാണ് കഥകളിയിലെ ഈ രംഗാവതരണം നടക്കുക. ക്ഷേത്രോത്സവത്തിലെ വലിയ വിളക്ക് ദിവസമായ നാളെയാണ് ക്ഷേത്രാങ്കണത്തില്‍ ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറുന്നത്. 125 ല്‍ പരം കലാകാരന്മാരാണ് ഓരോ കഥകളി വേദിയെയും അവിസ്മര ണീയമാക്കാന് കൈകോര്‍ത്ത് സംഗമേശന്റെ മണ്ണിലേക്ക് എത്തിയിരിക്കുന്നത്.