മുരിയാട് പഞ്ചായത്ത് ഗ്രാമവണ്ടിയുടെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു

മുകുന്ദപുരം താലൂക്കില്‍ ആദ്യത്തെയും ജില്ലയിലെ രണ്ടാമത്തേതുമായ മുരിയാട് പഞ്ചായത്തിന്റെ ഗ്രാമവണ്ടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യുന്നു.
മുരിയാട്: മുകുന്ദപുരം താലൂക്കില്‍ ആദ്യത്തെയും ജില്ലയിലെ രണ്ടാമത്തേതുമായ മുരിയാട് പഞ്ചായത്തിന്റെ ഗ്രാമവണ്ടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമവണ്ടിയുടെ താക്കോല്‍ മന്ത്രി ഡ്രൈവര്‍ക്ക് കൈമാറി. ഇരിങ്ങാലക്കുട മുതല്‍ നെല്ലായി വരെ സര്‍വീസ് നടത്തുന്ന ഗ്രാമവണ്ടി ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്, ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, താലൂക്ക് ആശുപത്രി, മാര്‍ക്കറ്റ്, പഞ്ചായത്തുകളുടെ ഘടകസ്ഥാപനങ്ങള്‍, ബഹു ഭൂരിപക്ഷം വാര്‍ഡുകളും ബന്ധിപ്പിച്ചു കൊണ്ടാണ് സര്‍വീസില്‍ നടത്തുന്നത്.

മുരിയാട് പഞ്ചായത്ത് മേഖലയില്‍ ആഴ്ചയില്‍ ആറു ദിവസവും രാവിലെ 6.30 മുതല്‍ വൈകീട്ട് ആറു വരെയാണ് ഗ്രാമവണ്ടി സര്‍വീസ് ഉണ്ടായിരിക്കുക. തിങ്കളാഴ്ച ഗ്രാമവണ്ടി സര്‍വീസ് ആരംഭിക്കും. ഒരു ട്രിപ്പ് മുരിയാട് പഞ്ചായത്തില്‍ നിന്ന് തൃശൂരിലേക്കും യാഥാര്‍ത്ഥ്യമാക്കും. പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ഗ്രാമവണ്ടിക്ക് സ്വീകരണം നല്കി. ആനന്ദപുരം എടയാറ്റുമുറി പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് തുടങ്ങിയവര്‍ മുഖ്യാതിഥിയായി. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന രാജന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി. പ്രശാന്ത്, സരിത സുരേഷ്, കെ.യു. വിജയന്, ഭരണസമിതി അംഗങ്ങളായ നിജി വത്സന്, എ.എസ്. സുനില്‍കുമാര്‍, കെ. വൃന്ദകുമാരി, ജിനി സതീശന്, നിഖിത അനൂപ്, റോസ്മി ജയേഷ്, മണി സജയന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി, സെക്രട്ടറി പി.ബി. ജോഷി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗ്രാമവണ്ടിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്
ഇന്‍ഷുറന്‍സ് തീര്‍ന്നിട്ട് അഞ്ചുവര്‍ഷം; ഫിറ്റ്നെസ് കാലാവധി അടുത്ത മാസം 27ന് അവസാനിക്കും
മുരിയാട്: പതിനായിരങ്ങള്‍ ചെലവിഴിച്ച് പ്രചരണം നടത്തി സര്‍വീസ് ആരംഭിച്ച മുരിയാട് പഞ്ചായത്തിന്റെ ഗ്രാമവണ്ടിയുടെ ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നിട്ട് അഞ്ചുവര്‍ഷമായെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2020 ഏപ്രില്‍ ഏഴിനാണ് ഇന്‍ഷുറന്‍സ് അവസാനിച്ചത്. 15 വര്‍ഷത്തോളം പഴക്കമുള്ള ഈ വാഹനത്തിന്റെ ഫിറ്റ്നസ് കാലാവധ അടുത്ത മാസം 27 ന് അവസാനിക്കും. 2016 മേയ് ഒന്നുവരെ മാത്രം പൊതുഗതാഗതം നടത്താന്‍ പെര്‍മിറ്റുള്ള വാഹനമാണ് ഗ്രാമവണ്ടിയെന്ന പേരില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിനുള്ള പണം പോലും ഇല്ലാത്ത പഞ്ചായത്തിന് വന്‍ സാമ്പത്തിക ബാധ്യതയാണ് ഗ്രാമവണ്ടിയിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപിള്ളി, ഗംഗാദേവി സുനില്‍, ജോമി ജോണ്‍, വിബിന് വെള്ളയത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിന് ജോണ്‍, മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്,മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്, മണ്ഡലം പ്രസിഡന്റ് തുഷം സൈമണ്‍ എന്നിവര്‍ സംസാരിച്ചു.