ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം; ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കാനെത്തിയ ഉന്നത ഉദ്യോഗസ്ഥസംഘത്തിന് പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യങ്ങളടങ്ങിയ നിവേദനം നല്കുന്നു.
അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പ്
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം ആവശ്യപ്പെട്ട് റെയില്‍വേ വികസനസമിതിയുടെയും പാസഞ്ചേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ സമരം ശക്തമായതോടെ റെയില്‍വേയുടെ ഉന്നതതല ഉദ്യോഗസ്ഥസംഘം സ്റ്റേഷനിലെത്തി വിശദപരിശോധന നടത്തി. ഡിആര്‍എം ഡോ. മനീഷ് താപ്യാല്‍, സിസിഐ അരുണ്‍, എന്‍ജിനീയര്‍ സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിലെത്തിയത്.
സ്റ്റേഷന്മാസ്റ്റര് രാജേഷ്, റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷൈജു ജോസഫ്, സെക്രട്ടറി പി.സി. സുഭാഷ് എന്നിവര്‍ സംഘത്തെ സ്വീകരിച്ചു. റെയില്‍വേക്കും എംപിക്കും നല്കിയ നിവേദനത്തിന്റെ കോപ്പി അസോസിയേഷന് ഭാരവാഹികള്‍ ഡിആര്‍എമ്മിന് കൈമാറി. റെയില്‍വേ സ്റ്റേഷനെ അടുത്തപ്രാവശ്യം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഡിആര്‍എം ഉറപ്പുനല്‍കിയതായി അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. പാര്‍ക്കിംഗ് ഉള്‍പ്പടെയുള്ള വിവിധ സ്ഥലങ്ങള്‍ ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ച് വിലയിരുത്തി.
കാടുപിടിച്ചുകിടക്കുന്ന ഭാഗം വാഹനങ്ങളുടെ പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്തണമെന്നും റെയില്‍വേ സ്റ്റേഷന് കവാടം വേണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണം, രണ്ടാമത്തെ പ്ലാറ്റ്ഫോമിനോടുചേര്ന്ന് പണിതതുപോലെയുള്ള ആധുനിക പാര്‍ക്കിംഗ് സൗകര്യം ഒന്നാം പ്ലാറ്റ്ഫോമിലും ഒരുക്കണം, 50 വര്‍ഷം പഴക്കമുള്ള ശൗചാലയങ്ങള്‍ പുതുക്കിപ്പണിയണം, കാത്തിരിപ്പുമുറി നവീകരിക്കണം, രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ ടീ സ്റ്റാള്‍ തുറക്കണം എന്നീ ആവശ്യങ്ങളും അസോസിയേഷന് ഭാരവാഹികള്‍ ഡിആര്‍എമ്മിനെ ധരിപ്പിച്ചു.
