കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിപ്പുറത്ത് വിളക്കിന് മേഘാര്ജുനന് ഭഗവാന്റെ തിടമ്പേറ്റും

മേഘാര്ജുനന്.
ഇരിങ്ങാലക്കുട: ശ്രീകോവിലില്‍നിന്ന് ഭഗവാന് ആദ്യമായി പുറത്തേക്കെഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി രാവിലെ മണ്ഡപനമസ്കാരം ചെയ്ത് ശുദ്ധീകരിച്ച സ്ഥലത്ത് പദ്മമിട്ട് ബ്രഹ്മകലശപൂജ, പരികലശപൂജകള്‍, കുംഭേശകര്‍ക്കരി പൂജ, അധിവാസഹോമം എന്നിവ നടക്കും. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ദേവനെ ശ്രീകോവിലില്‍ നിന്നു പുറത്തേയ്ക്ക് എഴുന്നള്ളിച്ച് മാതൃക്കല്‍ ദര്‍ശനത്തിനായി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് സപ്തമാതൃക്കള്‍ക്കരികെ ഇരുത്തും. ഈ സമയത്ത് ഭഗവാനെ വണങ്ങാം.
തുടര്‍ന്ന് ഭഗവത് തിടമ്പ് കോലത്തില്‍ ഉറപ്പിച്ച് പുറത്തേക്കു വന്ന് സ്വന്തം ആനയായ മേഘാര്ജുനന്റെ പുറത്തേറ്റി എഴുന്നള്ളിക്കും. മേഘാര്ജുനന് മറ്റ് ഉത്സങ്ങള്ക്കും എഴുന്നള്ളിപ്പിന് പങ്കെടുക്കാറുണ്ട്. ഈ വര്‍ഷം തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് പനമുക്ക് ദേശത്തിന് വേണ്ടി എഴുന്നള്ളിപ്പില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ 27 വയസാണ്. 2006 ലാണ് ചിറക്കല്‍ മധുവിന്റെ പക്കല്‍ നിന്നും വാങ്ങി ഇരിങ്ങാലക്കുട സ്വദേശി തെക്കേമഠം സുരേഷ് ഈ ആനയെ ഇരിങ്ങാലക്കുട ഭരതസ്വാമിക്ക് വേണ്ടി നടയിരുത്തിയത്.
നല്ല തലയെടുപ്പും ഒത്ത ഭംഗിയും ഉള്ള ആനയാണ് മേഘാര്ജുനന്. പാലക്കാട് സ്വദേശി മേലേടത്തു പള്ളിയാന്പറമ്പില് സുനിലാണ് ഇപ്പോള്‍ ഒരു വര്‍ഷമായി മേഘാര്ജുനന്റെ പാപ്പാന്. തിടമ്പെറ്റിയ ആനയ്ക്ക് ഇരുവശവും കുട്ടിയാനകള്‍ എഴുന്നള്ളിവരും. രണ്ടാനകളുടെ അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കും. അഞ്ചാം പ്രദക്ഷിണത്തിലാണ് വിളക്കാചാരച്ചടങ്ങ്. തുടര്‍ന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തുന്നതോടെ ആദ്യ വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും. കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവയ്ക്ക് ശേഷം ആദ്യ പഞ്ചാരിക്ക് കോലുയരും. പതിനേഴ് ആനകള്‍ വിളക്കെഴുന്നള്ളിപ്പില്‍ അണിനിരക്കും. രാത്രി 9.30 മുതല്‍ നടക്കുന്ന വിളക്കാഘോഷത്തിന്റെ ഭാഗമായുള്ള പഞ്ചാരിമേളത്തിന് മൂര്‍ക്കനാട് ദിനോശന്‍ വാരിയര്‍ നേതൃത്വം നല്‍കും.
