കൂടല്‍മാണിക്യം ക്ഷേത്രോത്സവം; ഇന്നു വലിയ വിളക്ക്, നാളെ പള്ളിവേട്ട

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നടന്ന തീര്‍ഥക്കര പ്രദക്ഷിണം.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തെ അരിത്തിരിയുടെ പ്രഭയില്‍ മുക്കുന്ന വലിയ വിളക്ക് ഇന്ന് വൈകീട്ട് നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള എട്ട് വിളക്കുകളുടെ സമാപനം കുറിക്കുന്നതാണ് വലിയ വിളക്ക്. ക്ഷേത്രകവാടങ്ങളും ഗോപുര ദ്വാരങ്ങളും ചുറ്റമ്പലവും നാലമ്പലവും കുലീപിനി തീര്ഥക്കരയും കുട്ടംകുളം പരിസരവും മണ്ചെരാതുകളില് എരിയുന്ന ദീപങ്ങളുടെ ആവലിയാല് നിറയും. ആല്‍ത്തറയും വിളക്കുമാടവും ദീപസ്തംഭങ്ങളും വലിയ വിളക്കിന് സ്വാഗതമരുളും. ശ്രീകോവിലിനകത്തെയും വിളക്കുമാടത്തിലെയും മുഴുവന്‍ വിളക്കുകളും ജ്വലിക്കും.
തീര്‍ത്ഥകുളത്തിന്റെ ഓളങ്ങളില്‍ വാഴപോളയില് വച്ചു കത്തിച്ച ചിരാതുകള്‍ ഓഴുകി നടക്കുന്നതും വലിയവിളക്കു ദിവസത്തിലെ നയനമനോഹരമായ കാഴ്ചയാണ്. ക്ഷേത്രം മുഴുവന്‍ ദീപാലകൃതമാകും എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. രാത്രി 8.30 ന് ഭഗവത് ചൈതന്യമാവാഹിച്ച തിടമ്പ് പുറത്തേക്കെഴുന്നള്ളിച്ച് ശ്രീകോവിലിന് തെക്ക് സപ്തമാതൃക്കള്‍ക്ക് ബലിതൂകി തിടമ്പ് കോലത്തിലേറ്റും. ലക്ഷദീപങ്ങളുടെ പ്രഭയില്‍ ഈ വര്‍ഷത്തെ ഉത്സവത്തിന്റെ അവസാന വിളക്കെഴുന്നള്ളിപ്പിന് സംഗമേശ്വരന് പതിനാറ് ആനകളുടെ അകമ്പടിയോടെ കിഴക്കേ നടപ്പുരയില്‍ എഴുന്നള്ളി നില്ക്കും.
പഞ്ചാരിയുടെ കാലങ്ങള്‍ രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് കിഴക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ പെരുമ്പറ മുഴക്കമാവും. തുടര്‍ന്ന് അവസാന പ്രദക്ഷിണവും പൂര്‍ത്തിയാക്കി ഭഗവത് ചൈതന്യം ആവാഹിച്ച തിടമ്പ് ക്ഷേത്രത്തിനകത്തേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് കോലം പുറത്തേക്കെഴുന്നള്ളിച്ച് ഗജവീരന്റെ പുറത്തേറ്റി രണ്ട് ഗജവീരന്മാരുടെ കൂടി അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കും. അഞ്ചാമത്തെ പ്രദക്ഷിണത്തില്‍ കൂത്തമ്പലത്തിന് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വിളക്കാചാരം നടക്കും. ആറാമത്തെ പ്രദക്ഷിണം 17 ഗജവീരന്മാരോടൊപ്പമുള്ള ഭഗവാന്റെ എഴുന്നള്ളിപ്പായിരിക്കും.
ഏഴാമത്തെ പ്രദക്ഷിണം ഇടയ്ക്കാ പ്രദക്ഷിണവും എട്ട്, ഒമ്പത് പ്രദക്ഷിണങ്ങള്‍ നാഗസ്വരത്തോടെയുമായിരിക്കും. തുടര്‍ന്ന് അകത്തേക്ക് എഴുന്നള്ളിപ്പ്. 250 ഓളം കലാകാരന്മാര് പങ്കെടുക്കുന്ന വലിയ വിളക്കിലെ പഞ്ചാരിമേളത്തിന് പത്മശ്രീ പെരുവനം കുട്ടന്മാരാര് പ്രമാണം വഹിക്കും. ഇന്നു നടക്കുന്ന വലിയവിളക്കിനും നാളെ നടക്കുന്ന പള്ളിവേട്ടയ്ക്കും ആല്‍ത്തറ മുതല്‍ ഉത്സവനഗരി വരെ പുരുഷാരം നിറഞ്ഞൊഴുകും. കരിവീരന്മാരെ, മാപഞ്ചാരിയെ, കളിയരങ്ങിനെ കണ്ടും കേട്ടും മനം നിറയ്ക്കാന്‍.
മെയ് എട്ടിന് കൊടിയേറിയതോടെ മേളത്തിന്റെ സംഗീതത്തിന്റെ ലയത്തിലലിഞ്ഞ് ഉത്സവക്കാഴ്ചകള്‍ക്ക് ആയിരങ്ങളാണ് വന്നുപോയത്. പള്ളിവേട്ടക്കും ആറാട്ടിനും ആല്‍ത്തറ മുതല്‍ കുട്ടംകുളം വരെ പഞ്ചവാദ്യവും പിന്നെ ക്ഷേത്രംവരെ പാണ്ടിമേളവും. വിളക്കിനുശേഷം ശ്രീരാമപട്ടാഭിഷേകം കഥകളി അവതരിപ്പിക്കും. ഇവിടെ കഥകളി ഏറെ ജനകീയമാകുന്നു. ഭരതന്റെ പ്രതിജ്ഞാപാലനവും ശ്രീരാമഭക്തിയും നിറഞ്ഞുതുളുമ്പുന്ന കളി കാണാന്‍ രാജധാനിയില്‍ തിരിച്ചെത്തുന്ന ശ്രീരാമനെയും സീതാദേവിയെയും സ്വീകരിച്ചാനയിക്കാന്‍ ആയിരങ്ങളാണ് എത്തുക.
കണ്ണുകള്‍ക്ക് ആനന്ദമായി തീര്‍ഥക്കര പ്രദക്ഷിണം
ഇരിങ്ങാലക്കുട: ഭക്തരുടെ കണ്ണുകള്‍ക്ക് ആനന്ദമായി തീര്‍ത്ഥക്കര പ്രദക്ഷിണം. കുലീപിനീ തീര്ഥക്കരയിലൂടെ ചെമ്പട കൊട്ടി മേളത്തോടൊപ്പം വരിവരിയായി ആനകള്‍ നടന്നുപോകുന്നത് കലാസ്വാദകരുടെ കണ്ണിന് കുളിര്മയേകുന്ന കാഴ്ചയാണ്. കൂടല്‍മാണിക്യം ക്ഷേത്രോത്സവം രൂപകല്പന ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന കൊച്ചിരാജാവ് ശക്തന്തമ്പുരാന് തീര്‍ത്ഥക്കര പ്രദക്ഷിണം കാണുവാന്‍ വലിയ തമ്പുരാന് കോവിലകത്തിന്റെ പടിഞ്ഞാറേ ഇറയത്ത് നില്ക്കാറുള്ളതയും പറയപ്പെടുന്നു.
വിശാലമായ തീര്‍ഥക്കുളത്തിന്റെ തൊട്ടടുത്തുകൂടി ചെമ്പടമേളം കൊട്ടി പ്രദക്ഷിണം കടന്നുപോകുമ്പോള്‍ ഈ മേളത്തിന്റെ മാധുര്യമാര്‍ന്ന പ്രതിധ്വനി ദേശത്തെവിടെയും അലയടിക്കുന്നു. സ്വര്ണനെറ്റിപട്ടങ്ങളും വെള്ളി ചമയങ്ങളുമണിഞ്ഞ 17 ഗജവീരന്മാര് തീര്ഥക്കരയിലൂടെ വരിവരിയായി കിഴക്കേ നടയിലേക്ക് എഴുന്നള്ളിക്കുന്ന ഇത്രയും ശോഭയേറിയ രംഗം കേരളക്കരയില്‍ മറ്റൊരിടത്തും ഉണ്ടാകാറില്ല എന്നാണ് പറയുന്നത്. ഇന്നു രാവിലെ 8.30 ന് നടക്കുന്ന ശീവേലിയുടെ ഭാഗമായുള്ള പഞ്ചാരിമേളത്തിനും രാത്രി 9.30 നുള്ള വിളക്കെഴുന്നള്ളിപ്പിന്റെ ഭാഗമായുള്ള പഞ്ചാരിമേളത്തിനും പത്മശ്രീ പെരുവനം കുട്ടന്മാരാര് പ്രമാണം വഹിക്കും.