കൂടല്‍മാണിക്യം തിരുവുത്സവം; ദീപാലകൃത പന്തലുകള്‍ ഉയര്‍ന്നു, ആവേശം വാനോളം

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുട്ടുംകുളം ജംഗ്ഷനില്‍ ഉയര്‍ത്തിയ പന്തല്‍.
നിര്‍മ്മിച്ചിരിക്കുന്നത് നൂറ് അടി ഉയരമുള്ള അഞ്ച് നിലപന്തല്‍
ഇരിങ്ങാലക്കുട: ഉയരത്തിലും വര്‍ണ്ണ വെളിച്ചത്തിലും തലയിടുപ്പത്തിന്റെ പെരുമയുമാണ് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഉയര്‍ന്ന പന്തലിനുള്ളത്. ബഹുനില പന്തലും ക്ഷേത്ര ഗോപുരത്തിലെയും ബസ് സ്റ്റാന്‍ഡ് മുതല്‍ ക്ഷേത്രംവരെയുള്ള റോഡിലെയും ദീപാലാങ്കാരങ്ങള്‍ മിഴി തുറന്നതോടെ ഉത്സവത്തിന് പകിട്ടേകി. ഈ വര്‍ഷവും കുട്ടംകുളം ജംഗ്ഷനില്‍ നൂറ് അടിഉയരമുള്ള അഞ്ച് നിലകളില്‍ ആയിട്ടുള്ള പന്തലാണ് ഉയര്‍ന്നിരിക്കുന്നത്.
കുട്ടംകുളം ജംഗ്ഷന് മുതല്‍ എക്സിബിഷന് കവാടം വരെ ഇരുപത് അടി ഉയരത്തിലും എട്ട് അടി വീതിയിലുമുള്ള ശ്രീരാമന്, ഗണപതി, ശ്രീകൃഷ്ണന് തുടങ്ങി ദേവീദേവന്മാരുടെ കട്ടൗട്ടുകളും ഇത്തവണത്തെ തിരുവുത്സവത്തിന്റെ പ്രത്യേകതയാണ്. ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഗ്രൂപ്പിന്റെ സ്പോണ്സര്ഷിപ്പിലാണ് ഇത്തവണയും ദീപാലങ്കാരങ്ങളും പന്തലും നിര്‍മ്മിച്ചിരിക്കുന്നത്. ചെറുത്തുരുത്തി യുസഫ് ആണ് പന്തല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇത് മൂന്നാം തവണയാണ് യൂസഫ് പന്തല്‍ ഒരുക്കുന്നത്. തൃശൂര്‍ പൂരം, ഇരിങ്ങാലക്കുട കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാള്, നെന്മാറ വല്ലങ്ങി വേല, ചേലൂര്‍ പള്ളി തിരുനാള്‍, കൂര്‍ക്കാഞ്ചേരി, ഉത്രാളിക്കാവ് പൂയങ്ങള് തുടങ്ങി നിരവധി പെരുനാളുകള്‍ക്കും ഉത്സവങ്ങള്‍ക്കും പന്തല്‍ ഒരുക്കിയിട്ടുണ്ട്. പ്രധാന മന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, മന്മോഹന് സിംഗ് ഇവരുടെ കേരള സന്ദര്‍ശനത്തിനും 2006 മുതല്‍ എട്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന കലോത്സവത്തിനും ഇവര്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്. മകന് കബീറും ഇപ്പോള്‍ സഹായത്തിന് ഉണ്ട്.
കിഴക്കേ നയില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അലങ്കാര പന്തലിന്റെയും ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ഐസിഎല്‍ ഫിന്‍കോര്‍പ്പ് എംഡി കെ.ജി. അനില്‍കുമാര്‍, കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ്, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ജി. അജയ്കുമാര്‍, രാഘവന് മുളങ്ങാടന്‍, കെ.കെ. ബിന്ദു ദേവസ്വം അംഗം വി.സി. പ്രഭാകരന്, അഡ്മിനിസ്ട്രേറ്റര്‍ ഉഷ നന്ദിനി എന്നിവര്‍ പ്രസംഗിച്ചു.
