ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുന്നാളിന് കൊടികയറി, തിരുനാള്‍ 10, 11 തീയതികളില്‍

ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ ഔസെപ്പിതാവിന്റെയും സംയുക്ത തിരുന്നാളിന്റെ കൊടിയേറ്റം ഇരിഞ്ഞാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോസ് മാളിയേക്കല്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ ഔസെപ്പിതാവിന്റെയും സംയുക്ത തിരുന്നാളിനു കൊടി കയറി. മെയ് 10,11 തീയതികളിലായി നടക്കുന്ന തിരുന്നാളിന്റെ കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോസ് മാളിയേക്കല്‍ നിര്‍വ്വഹിച്ചു. അമ്പ് തിരുനാള്‍ ദിനമായ 10 ന് രാവിലെ 6.30 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. തുടര്‍ന്ന് കൂടു തുറക്കല്‍, രൂപം എഴുന്നള്ളിപ്പ് പന്തലിലേക്ക് അമ്പ്, വള വെഞ്ചിരിപ്പ്, തിരുനാള്‍ പ്രസുദേന്തി വാഴ്ച എന്നിവ നടക്കും.
വൈകീട്ട് മൂന്ന് മണിക്ക് വീടുകളിലേക്ക് അമ്പ് എഴുന്നളിപ്പ്. രാത്രി 9.30 ന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് ബാന്റ് കലാകാരന്മാര് ഒരുക്കുന്ന ബാന്റ് വാദ്യം. തിരുനാള്‍ ദിനമായ 11 ന് രാവിലെ 6.30 ന് ദിവ്യബലി. 9.30 ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് അവിട്ടത്തൂര്‍ പള്ളി വികാരി ഫാ. റെനില്‍ കാരാത്ര കാര്‍മികത്വം വഹിക്കും. ഫാ. ജോസ് കേളംപറമ്പില്‍ സിഎംഐ സന്ദേശം നല്‍കും. വൈകീട്ട് നാലിന് ദിവ്യബലിക്കു ശേഷം തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. രാത്രി ഏഴിന് പ്രദക്ഷിണം സമാപിക്കും. പുല്ലൂര്‍ വാദ്യകലാകേന്ദ്രം അവതരിപ്പിക്കുന്ന തിരുമുറ്റമേളം, തുടര്‍ന്ന് വര്‍ണ്ണമഴയും നടക്കും.