മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യന് കലാനിലയം രാഘവനാശാന് സമര്‍പ്പിച്ചു

2025 ലെ മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യന് കലാനിലയം രാഘവനാശാന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: 2025 ലെ മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യന് കലാനിലയം രാഘവനാശാന് സമര്‍പ്പിച്ചു. ഒരു പവന്റെ സ്വര്‍ണ്ണപ്പതക്കവും കീര്‍ത്തിപത്രവും അടങ്ങുന്ന പുരസ്കാരം കൂടല്‍ മാണിക്യം തിരുവുല്‍സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സമര്‍പ്പിച്ചു. സ്പെഷ്യല്‍ പന്തലില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.
പ്രഫ വി.കെ. ലക്ഷ്മണന് നായര്‍ രചിച്ച കൂടല്‍ മാണിക്യം ക്ഷേത്ര ചരിത്രവും ശ്രീരാമപട്ടാഭിഷേകം കഥകളിയും എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, അഡ്വ. കെ.ആര്. വിജയ നളിന്‍ മേനോന്, ദേവസ്വം ഭരണ സമിതി അംഗങ്ങളായ രാഘവന് മുളങ്ങാടന്‍, ഡോ. മുരളി ഹരിതം, കെ. ബിന്ദു, അഡ്മിനിസ്ട്രേറ്റര്‍ കെ. ഉഷാനന്ദിനി തുടങ്ങിയവര്‍ സംസാരിച്ചു. ഭരണ സമിതി അംഗം അഡ്വ. കെ.ജി. അജയ് കുമാര്‍ സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ കെ. ഉഷാനന്ദിനി നന്ദിയും പറഞ്ഞു.