ചുണ്ണാമ്പ് കേസില്‍ പ്രതികളുടെ അപ്പീല്‍ തള്ളി കൊലക്കുറ്റത്തിനുള്ള ശിക്ഷ ഹൈക്കോടതി ശരി വെച്ചു

രഞ്ജിത്ത്, ജിജോ, നിധീഷ്, അഭിനന്ദ്, മെജോ, അഭിഷേക്.
ഇരിങ്ങാലക്കുട: വെറ്റില മുറുക്കുന്നതിനിടെ ദേഹത്തേക്കു ചുണ്ണാമ്പ് തെറിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അപ്പീല്‍ തള്ളി കൊലക്കുറ്റത്തിനുള്ള ശിക്ഷ ഹൈക്കോടതി ശരി വെച്ചു. ഇരിങ്ങാലക്കുട ജോളി ബാറിന് സമീപം മുറുക്കാന്‍ കടയില്‍ വെച്ച് തര്‍ക്കത്തിന്റെ പേരില്‍ കനാല്ബേസിലുള്ള മോന്തച്ചാലില്‍ വിജയനെയാണ് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. 2018 മെയ് 27 നു രാത്രി 11.15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളായ കാറളം കിഴുത്താണി ഐനിയില്‍ രഞ്ജിത്ത് (രജ്ഞു, 32), നെല്ലായി ആലപ്പാട്ട് മാടാനി ജിജോ (33), കാറളം പുല്ലത്തറ പെരിങ്ങാട്ടില്‍ നിധീഷ് (പ്രക്രു, 30), മൂര്‍ക്കനാട് കറപ്പുറമ്പില് അഭിനന്ദ് (മാന്റു, 25), കോമ്പാറ കുന്നത്താന്‍ മെജോ (28), ഗാന്ധിഗ്രാം വേലത്തിക്കുളം തൈവളപ്പില്‍ അഭിഷേക് (ടുട്ടു, 25) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എസ്. രാജീവ് ആണ് 2021 ജൂലൈ അഞ്ചിന് കൊലക്കുറ്റത്തിനും ജീപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചത്.
ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഇരിങ്ങാലക്കുട, അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ശരിവെച്ചത്. പ്രതികളില്‍ അഭിനന്ദ്, മെജോ, അഭിഷേക് എന്നിവര്‍ ചുണ്ണാമ്പ് കേസില്‍ അപ്പീല്‍ ജാമ്യത്തിലിറങ്ങിയാണ് മൂര്‍ക്കനാട് ഇരട്ടക്കൊലപാതകം നടത്തിയത്. അന്നത്തെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ പി.സി. സുനില്‍, കെ. ബാബു, അനീഷ് കുമാര്‍, എഎസ്ഐ പി.എസ്. സുജിത്ത് കുമാര്‍, എസ്സിപിഒ എ.കെ. മനോജ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി ആണ് ഹാജരായിരുന്നത്.