കൂടല്‍മാണിക്യം ഉത്സവം; ആനയെഴുന്നള്ളിപ്പിന് സജ്ജീകരണങ്ങള്‍ വിപുലവും നിയന്ത്രണങ്ങള്‍ ശക്തവും

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുന്ന ആനകളെ ഉദ്യോഗസ്ഥസംഘം പരിശോധിക്കുന്നു.
ഫിറ്റ്നസ് കടമ്പ കടന്ന് കൊമ്പന്മാര്, ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും …
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവ ആനയെഴുന്നള്ളിപ്പിന് സജ്ജീകരണങ്ങള്‍ വിപുലമാക്കി. നിയന്ത്രണങ്ങള്‍ ശക്തവുമാക്കി. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയംഗം ചുമതലയുള്ള കമ്മിറ്റി രൂപീകരിച്ച് മേല്‍നോട്ടം വഹിക്കുന്നുണ്ട്. നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും എഴുന്നള്ളിപ്പ്. ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളും കോടതി നിര്‍ദേശങ്ങളും കമ്മിറ്റി കര്‍ശനമായി പാലിക്കും. മദപാടുള്ളതോ, നീരുള്ളതോ, വികൃതികളോ, മുന്‍ കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ളതോ ആയ ആനകളെ ഒഴിവാക്കുന്നുണ്ട്. ഉത്സവത്തിന് അണിനിരക്കുന്ന ആനകളുടെ ശരീര പരിശോധന നടത്തി. ദേവസ്വം കൊട്ടിലാക്കല്‍ പറമ്പിലാണ് ആനകളുടെ പരിശോധന നടത്തുന്നത്. മൃഗഡോക്ടര്‍മാരും ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുമാണ് പരിശോധനാ സംഘത്തിലുള്ളത്.
മദപ്പാട് കാലം, ശരീരത്തിലെ ഒലിക്കുന്ന വ്രണങ്ങള്‍, മുറിവുകള്‍, പൊതുആരോഗ്യം, അനുസരണ എന്നിവ പ്രധാനമായും ഉറപ്പുവരുത്തും. പാപ്പാന്മാരുടെ ലൈസന്‍സ്, ആനയുടെ ഇന്‍ഷുറന്‍സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും. ആനകളുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുന്നളളിപ്പ് വിവരങ്ങള്‍, മദകാലം, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് എന്നിവ വനം വകുപ്പ് തേടിയ ശേഷം റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പിന് കൈമാറും. തുടര്‍ന്ന് ആനകളുടെ ലക്ഷണങ്ങള്‍, മദ ഗ്രന്ഥി, ശരീരത്തിലെ വ്രണങ്ങള്‍, എന്നിവ വിലയിരുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഫിറ്റ്നെസ് നല്‍കുന്നത്. പാപ്പാന്മാരുടെ വിവരങ്ങളും ആനകളുമായുള്ള സമ്പര്‍ക്കവും വിലയിരുത്തും. തൃശൂര്‍ പൂരം ചടങ്ങുകളില്‍ പങ്കെടുത്തവയാണ് അധികം ആനകളും.
ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.എസ്. സുനിലാല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ബി. സോബിന്‍ ബാബു, സീനിയര്‍ വെറ്ററിനറി സര്ജന്മാരായ എന്‍.കെ. സന്തോഷ്, ഡോ. കെ.വി. ഷിബു, ഡോ. എന്‍.ജി. സജേഷ്, ഡോ. പി.ആര്. പ്രശാന്ത്, ഡോ. സിജോ ജോസഫ് കൊടിയേന്‍, ഡോ. ടിക്സന് പിന്‍ഹീറോ, ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാരായ മധു, കെ.കെ. വിദ്യാധരന്, പി.ബി. മനോജ്കുമാര്‍ എന്നിവരുടെ നേതൃതവത്തിലായിരുന്നു പരിശോധന. ആനകളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോഴോ പോകുമ്പോഴോ ആളുകള്‍ ആനകളുടെ അടുത്തേക്ക് പോകുവാനോ, സ്പര്‍ശിക്കുവാനോ സാധിക്കാത്തവിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സമയം പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദങ്ങള്‍ക്കുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ആനകള്‍ക്ക് കുളിക്കുന്നതിനും വേനല്‍ ചൂടില്‍നിന്നും രക്ഷപ്പെടുന്നതിനുമായി ഷവര്‍ ബാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 17 ആനകളെയാണു എഴുന്നള്ളിക്കുന്നതെങ്കിലും 25 ആനകളെയാണു ക്ഷേത്രപറമ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനായാണ് കൂടുതല്‍ ആനകളെ കൊണ്ടുവന്നിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ആനകളെ പരിശോധനയ്ക്ക് വിധേയമാക്കും. ആനകളുടെ പൂര്‍വ്വ ചരിത്രവും അച്ചടക്കവും പ്രധാന മാനദണ്ഡങ്ങള്‍ ആക്കിയാണ് എഴുന്നള്ളിപ്പിനായി ആനകളെ തെരഞ്ഞെടുത്തിരിക്കുന്നത്. എഴുന്നള്ളിപ്പു സമയത്തും അല്ലാതെയും പാപ്പാന്മാരുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകും. ആനകളുടെ സമീപത്തു നിന്നും നിശ്ചിത അകലം പാലിച്ച് മാത്രമേ ഭക്തജനങ്ങളെ നിര്‍ത്തൂ. എലിഫന്റ് സ്ക്വാഡ് പ്രവര്‍ത്തനം 24 മണിക്കൂറും ക്ഷേത്രത്തിനു സമീപത്തുണ്ട്.
നാലാം ഉത്സവം, കൂടല്‍മാണിക്യത്തില്‍ ഇന്ന്
(സ്പെഷ്യല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.0വരെ തിരുവാതിരക്കളി, 4.35 മുതല്‍ 5.15 വരെ ചാലക്കുടി സ്വാതി മ്യൂസിക് ടീമിന്റെ ഭക്തിഗാനസന്ധ്യ, 5.20 മുതല്‍ ആറ് വരെ ആര്‍എല്‍വി കീര്‍ത്തന പവിത്രന്റെ ഭരതനാട്യം, 6.05 മുതല്‍ 6.50 വരെ കാലടി ശ്രീശങ്കര സ്കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തനൃത്യങ്ങള്‍, 6.55 മുതല്‍ 7.35 വരെ പനങ്ങാട് ബിന്ദു ആര്‍ട്സ് ഭവന്റെ നൃത്തനൃത്യങ്ങള്‍, 7.40 മുതല്‍ 8.05 വരെ ഇരിങ്ങാലക്കുട മാണിക്യശ്രീ ഭജന്‍സിന്റെ ഭക്തിഗാനസുധ, 8.10 മുതല്‍ 8.30 വരെ കലാനിലയം ഗായത്രി പത്മനാഭന്റെ ഭരതനാട്യം, 8.40 മുതല്‍ 9.10 വരെ തൃശൂര്‍ അംഗഹാരയുടെ ഭരതനാട്യം, 9.15 മുതല്‍ 10.15 വരെ ബാംഗ്ലൂര്‍ ഡോ. രൂപ രവീന്ദ്രന്റെ ശാസ്ത്രീയനൃത്തം.
(സംഗമം വേദിയില്‍)
രാവിലെ 8.30മുതല്‍ ശീവേലിക്കും രാത്രി 9.30 മുതല്‍ വിളക്കിനും പെരുവനം പ്രകാശന്‍മാരാര്‍ പ്രമാണം വഹിക്കും. ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 2.35വരെ തിരുവാതിരക്കളി, 2.40 മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട ശ്രുതിലയ മ്യൂസിക് അക്കാദമിയുടെ ഭക്തിഗാനമഞ്ജരി, 3.35 മുതല്‍4.35 വരെ ഗൗതം നാരായണന്, ഭരത് നാരായണന്, ദേവ നാരായണന് എന്നിവരുടെ വയലിന്‍ത്രയം, 4.40 മുതല്‍ 5.40 വരെ എറണാകുളം ആര്‍എല്‍വി തന്വി സുരേഷിന്റെ ഭരതനാട്യം, 5.45 മുതല്‍ 6.15 വെ താളലയം ഡാന്‍സ് ആന്‍ഡ് മ്യൂസിക്കല്‍ അക്കാദമിയുടെ നൃത്തനൃത്യങ്ങള്‍, 6.20 മുതല്‍ 7.20 വരെ ഗുരുവായൂര്‍ കലാക്ഷേത്ര ഗായത്രിയുടെ ഭരതനാട്യ കച്ചേരി, 7.25 മുതല്‍ 8.25 വരെ ചെന്നൈ ദിവ്യ വേണുഗോപാലിന്റെ ഭരതനാട്യം, 8.30 മുതല്‍ 10 വരെ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കലൈമാമണി കലാശ്രീ ഗോപികാവര്‍മയുടെ മോഹിനിയാട്ടം, രാത്രി 12ന് സര്‍വതോഭദ്രം കലാകേന്ദ്രത്തിന്റെ കഥകളി നളചരിതം ഒന്നാം ദിവസം, ബകവധം.
