കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും16 ന് വലിയ വിളക്ക്, 17 ന് പള്ളിവേട്ട, 18 ന് ആറാട്ട്

കൂടല്‍മാണിക്യം ഉത്സവത്തിന്റെ കലവറനിറയ്ക്കലിന്റെ ആദ്യ സമര്‍പ്പണം പ്രവാസി ബാലന് കണ്ണോളി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. തൃശൂര്‍ പൂരത്തിന്റെ കൊടിയിറക്കം വടക്കുംനാഥനില്‍ അരങ്ങേറുമ്പോള്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് പൂരപിറ്റേന്ന് മേടമാസത്തിലെ ഉത്രം നാളിലാണ് നടക്കുക. നാളെ രാവിലെ 8.30 മുതല്‍ 12 വരെ ശ്രീരാമപഞ്ചശതി പാരായണം. വൈകീട്ട് 6.30 ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം നടക്കും. തുടര്‍ന്ന് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിക്കും. 7.30ന് ആചാര്യവരണം. തുടര്‍ന്ന് രാത്രി 8.10നും 8.40നും മധ്യേ ഉത്സവം കൊടിയേറും. 8.45 ന് മിഴാവ് ഒച്ചപ്പെടുത്തല്‍. 8.50 ന് നങ്ങ്യാര്‍കൂത്ത്. രാത്രി 9.15ന് കിഴക്കേ നടയില്‍ കൊരമ്പ് മൃദംഗകളരിയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന മൃദംഗമേള. കൊടിപ്പുറത്ത് വിളക്ക് ദിവസം മുതല്‍ പള്ളിവേട്ട ദിവസം വരെ എല്ലാ ദിവസവും ക്ഷേത്രം സോപാനത്തില്‍ കൊട്ടിപ്പാടി സേവ നടക്കും.
ശീവേലിക്കു ശേഷം കിഴക്കേ നടപ്പുരയില്‍ രാജീവ് വെങ്കിടങ്ങിന്റെ ഓട്ടന്തുള്ളല്, വൈകീട്ട് കുലീപിനീ തീര്ഥമണ്ഡപത്തില് നാരായണന് നമ്പ്യാരിന്റെ പാഠകം. 6.30 ന് പടിഞ്ഞാറെ നടപ്പുരയില്‍ രാജീവ് വെങ്കിടങ്ങിന്റെ കുറത്തിയാട്ടം. വൈകീട്ട് 4.30ന് സന്ധ്യവേലപ്പന്തലില് സോപാനസംഗീതം. 6.30ന് നാദസ്വരം, 7.30ന് കേളി, മദ്ദളപ്പറ്റ്, കൊമ്പ്പറ്റ്, കുഴല്‍പറ്റ്. കൊടിപ്പുറത്ത് വിളക്ക് ദിവസമായ വെള്ളിയാഴ്ച രാത്രി ഏഴിന് സാംസ്കാരിക പൊതുസമ്മേളനം നടക്കും. 10 മുതല്‍ 17 വരെ എല്ലാ ദിവസവും രാവിലെ 8.30ന് ശീവേലി എഴുന്നള്ളിപ്പും രാത്രി 9.30 ന് വിളക്കെഴുന്നള്ളിപ്പും നടക്കും. സംഗമം വേദിയില്‍ ദിവസവും കഥകളി. വലിയവിളക്കു ദിവസം രാത്രി 12 ന് ശ്രീരാമപട്ടാഭിഷേകം കഥകളി. 17 ന് പള്ളിവേട്ട. 18ന് രാപ്പാള്‍ ആറാട്ടുകടവില്‍ ആറാട്ടോടെ ഉല്‍സവം സമാപിക്കും.
ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനായുള്ള കലവറനിറയ്ക്കല്‍ നടന്നു. 10 ദിവസമായി നടക്കുന്ന ഉത്സവത്തില്‍ കൊടിയേറ്റ ദിവസവും ആറാട്ടുദിവസവും ഒഴികെയുള്ള ദിവസങ്ങളില്‍ അന്നദാനം നടക്കും. കിഴക്കേ നടപ്പുരയില്‍ രാവിലെ നടന്ന ചടങ്ങില്‍ ഭക്തജനങ്ങള്‍ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, എണ്ണ, നെയ്യ്, നാളികേരം, ശര്‍ക്കര എന്നിവ സമര്‍പ്പിച്ചു. പ്രവാസി വ്യവസായി ബാലന് കണ്ണോളി ആദയ സമര്‍പ്പണം നിര്‍വഹിച്ചു.
ദേവസ്വം ചെയര്മാന് ടി.എ. ഗോപി ചടങ്ങില്‍ അധ്യക്ഷനായി. ഭരണസമിതിയംഗം അഡ്വ. കെ.ജി. അജയകുമാര്‍ സ്വാഗതവും മുരളി ഹരിതം നന്ദിയും പറഞ്ഞു. കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിച്ചു. രാവിലെ കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തില്‍ മഹാഗണപതിഹവനം നടന്നു. വൈകീട്ട് ക്ഷേത്രത്തിനകത്ത് പ്രാസാദശുദ്ധി, രക്ഷോഘ്നഹോമം, വാസ്തുകലശപൂജ, അസ്ത്രകലശപൂജ എന്നിവ നടന്നു. ഇന്ന് രാവിലെ എതൃത്തുപൂജ, പഞ്ചകം എന്നിവ നടക്കും. ക്ഷേത്രം തന്ത്രിമാരുടെ നേതൃത്വത്തിലാണ് താന്ത്രികകര്മങ്ങളും ശുദ്ധികര്‍മങ്ങളും നടക്കുന്നത്.