സംഗമേശന്റെ 12 അടി ശില്പവുമായി ദീപു കളരിക്കല്‍

മാപ്രാണം സ്വദേശി ദീപു കളരിക്കല്‍ സമര്‍പ്പിച്ച കൂടല്‍മാണിക്യ ഭരത സ്വാമിയുടെ 12 അടി വലുപ്പമുള്ള തെര്‍മോകോള്‍ ശില്പം.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ഭരത സ്വാമിയുടെ 12 അടി വലുപ്പമുള്ള തെര്‍മോകോള്‍ ശില്പവുമായി മാപ്രാണം സ്വദേശി ദീപു കളരിക്കല്‍. സംഗമേശന്റെ തിരുവുത്സവം ആഘോഷിക്കുന്ന വേളയില്‍ ഭക്തജനങ്ങള്‍ക്ക് കാഴ്ചവിരുന്നായി സമര്‍പ്പിച്ചത്. കലാകാരനായ അദ്ദേഹം അന്‍പതിനായിരം രൂപയോളം ചിലവാക്കിയാണ് ശില്പം നിര്‍മിച്ചെടുത്തത്. ഫെവിക്കോളും തെര്‍മോക്കോളും ചേര്‍ത്ത് ഒരഴ്ച കൊണ്ടാണ് വളരെ മനോഹരമായ രീതിയില്‍ ഭക്തിതുളുമ്പുന്ന പ്രസരിപ്പുള്ള സംഗമേശന്റെ ശില്പം പൂര്‍ത്തീകരിച്ചത്.
ക്ഷേത്രത്തിനായി എന്തെങ്കിലും നിര്‍മിച്ചു സമര്‍പ്പിക്കണമെന്ന് താനും ഭാര്യയും ആഗ്രഹിച്ചിരുന്നതായും ഒടുവില്‍ ഭഗവാന്റെ തന്നെ രൂപം സമര്‍പ്പണം ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും ദീപു പറഞ്ഞു. ചേലുകാവില് ദീപാര്ട്സ് എന്ന ഒരു സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം. 23 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതീയവിദ്യാഭവനില്‍ മൂന്നുവര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബുദ്ധന്റെ ഉള്‍പ്പടെ നിരവധി ശില്പങ്ങള് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ദീപു സമര്‍പ്പിച്ച ശില്പം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൂടല്‍മാണിക്യം ദേവസ്വം പറ്റിയ ഒരിടത്തു സ്ഥിരമായി പ്രദര്ശിപ്പിക്കാമെന്നു ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി പറഞ്ഞു. മനോഹരമായ ശില്പം നിര്‍മിച്ച ശില്പിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

കൂടല്‍മാണിക്യം ഉത്സവം; ഇനി കലകള്‍ പൂക്കും കാലം
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൃത്തയിനങ്ങള്‍ പത്തുദിവസത്തെ ഉത്സവ കലാപരിപാടികളിലുണ്ട്. പ്രശസ്ത കലാകാരന്മാരുടെ പരിപാടികള്‍ക്കു പുറമെ പ്രാദേശിക കലാകാരന്മാരും കലാകാരികളും പരിപാടികള്‍ അവതരിപ്പിക്കും.
കൂടല്‍മാണിക്യത്തില്‍ ഇന്ന്
(സ്പെഷ്യല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് 1 മുതല്‍ 4.45വരെ തിരുവാതിരക്കളി, 4.45 മുതല്‍ 5.30 വരെ ഷൊര്‍ണൂര്‍ അമൃതവര്‍ഷിണി സംഗീതവിദ്യാലയത്തിന്റെ സംഗീതാര്‍ച്ചന, 5.35 മുതല്‍ 6.10 വരെ നൃത്തനൃത്യങ്ങള്‍, 6.15 മുതല്‍ 6.55 വരെ ഭരതനാട്യം, 7 മുതല്‍ 7.55വരെ സാംസ്കാരികസമ്മേളനം, 8 മുതല്‍ 8.25വരെ കോണത്തുകുന്ന് അമ്പാടി നൃത്തവിദ്യാലയത്തിന്റെ ക്ലാസിക്കല്‍ ഡാന്‍സ്, 8.30 മുതല്‍ 9വരെ ഭരതനാട്യം, 9.05 മുതല്‍ 9.45വരെ തൃശൂര്‍ പഞ്ചമി ഭവദാസന്റെ ഭരതനാട്യം. കിഴക്കേ നടപ്പുരയില്‍ രാവിലെ ഒമ്പതിന് മഞ്ഞപ്ര മോഹന്‍ ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന നാമസങ്കീര്‍ത്തനം.
(സംഗമം വേദിയില്‍)
ഉച്ചതിരിഞ്ഞ് 1 മുതല്‍ 2.35വരെ തിരുവാതിരക്കളി, 2.40 മുതല്‍ 3.10 വരെ ചേലൂര്‍ സലീഷ് നനദുര്ഗയുടെ സോപാനസംഗീതം, 3.15 മുതല്‍ 3.45 രെ കീര്‍ത്തനാലാപനം, 3.50 മുതല്‍ 4.20 വരെ സി. ജ്യോതിലക്ഷ്മിയുടെ മോഹിനിയാട്ടം, 4.25 മുതല്‍ 5.10 വരെ ഇരിങ്ങാലക്കുട ശിവസന്നിധി ഡാന്‍സ് സ്കൂളിലെ ഗിരിജ വേണുഗോപാലിന്റെ ശാസ്ത്രീയനൃത്തം, 5.15 മുതല്‍ 6.15 വരെ രാജീവ് സപര്യയുടെ സംഗീതസപര്യ, 6.20 മുതല്‍ 7.20 വരെ മോഹിനിയാട്ടം, 7.25 മുതല്‍ 8.25 വരെ ഡോ. സ്വരൂപ് മേനോന്റെ ഭരതനാട്യം, 8.30 മുതല്‍ 10 വരെ തുടി ഇരിങ്ങാലക്കുടയുടെ സ്വരലയസംഗമം.