രാസ ലഹരിക്കെതിരെ ഗസലുകളും മെലഡികളുമായി എന്‍എസ്എസ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടന നോവ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ നോവ കോളജില്‍ പുതിയതായി പണികഴിപ്പിച്ച ആംഫി തിയറ്ററില്‍ സംഘടിപ്പിച്ച പാട്ടുരാവ്.
ഇരിങ്ങാലക്കുട: രാസലഹരിക്കെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ നോവ കോളജില്‍ പുതിയതായി പണികഴിപ്പിച്ച ആംഫി തിയറ്ററില്‍ സംഘടിപ്പിച്ച പാട്ടുരാവ് ശ്രദ്ധേയമായി. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്
ഗാനം ആലപിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കലാലയങ്ങളില്‍ നിന്നും വര്‍ഷംതോറും സാമൂഹിക സേവന പ്രതിബദ്ധതയുമായി പുറത്തിറങ്ങുന്ന ലക്ഷക്കണക്കിന് എന്‍എസ്എസ് വളണ്ടിയര്‍മാരുടെ പൂര്‍വ വിദ്യാര്‍ഥി സംഘടന സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ചത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലാണ്.
20 വര്‍ഷം മുമ്പ് ആരംഭിച്ച നോവ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പാട്ടുരാവില്‍ ഇരുപതോളം എന്‍എസ്എസ് പൂര്‍വ്വ വിദ്യാര്‍ഥി വളണ്ടിയര്‍മാരായ ഗായകര്‍ ഗസലുകളും മെലഡികളും ആലപിച്ചു. യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രിന്‍സിപ്പല്‍ പ്രസംഗത്തിന് പകരം ഈശ്വരനെത്തേടി ഞാനലഞ്ഞു എന്ന പ്രശസ്തമായ പാട്ടുപാടിക്കൊണ്ടാണ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ പരിശുദ്ധാത്മാവേ എന്ന ഗാനം ആലപിച്ചപ്പോള്‍ പ്രയോര്‍ ഫാ. ജോണ്‍ പാലിയേക്കര അല്ലിയാമ്പല്‍ക്കടവില്‍ അന്നരയ്ക്കു വെള്ളം എന്ന ഗാനമാലപിച്ച് പാട്ടുരാവിന് മിഴിവേകി.
നോവ ഭാരവാഹിയായ അഭി തുമ്പൂര്‍ രചിച്ച പണ്ടത്തെ നാരങ്ങാ മിഠായി നുണയുമ്പോള്‍ എന്ന കവിതാ സമാഹാരം മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലും നോവ രക്ഷാധികാരി പ്രഫ. കെ.ജെ. ജോസഫും ചേര്‍ന്ന് പ്രകാശനം ചെയ്തു. വോയിസ് ഓഫ് ദ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ നോവ രക്ഷാധികാരി ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള ജില്ലാതല അവാര്‍ഡ് നേടിയ വിജീഷ് ലാല്‍ എന്നിവരെയും ആദരിച്ചു. നോവ ചെയര്‍പേഴ്സണ്‍ എ.വി. പ്രിയദര്‍ശിനി, ലാലു അയ്യപ്പന്‍കാവ്, പ്രഫ. വി.പി. ആന്റോ, പി.എഫ്. വിന്‍സെന്റ്, പ്രഫ. സിന്റോ കോങ്കോത്ത് എന്നിവര്‍ സംസാരിച്ചു.