ഫ്രാന്‍സീസ് പാപ്പയുടെ വിയോഗം; അനുസ്മരണ ദിവ്യബലിക്കും റാലിക്കും ആയിരങ്ങള്‍

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഫ്രാന്‍സീസ് പാപ്പായുടെ അനുസ്മരണ ദിവ്യബലിക്കു ശേഷം നടന്ന ഒപ്പീസിന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മൈസൂര്‍ രൂപത മുന്‍ ബിഷപ് റവ.ഡോ. തോമസ് വാഴപ്പിള്ളി എന്നിവര്‍ നേതൃത്വം നല്കുന്നു.
‘ഹൃദയത്തില്‍ നന്മയുള്ളവര്‍ക്കേ സന്തോഷം കൈവരികയുള്ളൂവെന്നും ആ സന്തോഷം മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കണമെന്നും പഠിപ്പിച്ച വ്യക്തിയാണ് ഫ്രാന്‍സീസ് പാപ്പ’ മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ഹൃദയത്തില്‍ നന്മയുള്ളവര്‍ക്കേ സന്തോഷം കൈവരികയുള്ളൂവെന്നും ആ സന്തോഷം മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കണമെന്നും നമ്മെ പഠിപ്പിച്ച വ്യക്തിയാണ് ഫ്രാന്‍സീസ് പാപ്പയെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. കാലം ചെയ്ത ഫ്രാന്‍സീസ് പാപ്പായോടുള്ള ആദരസൂചകമായി ഇരിങ്ങാലക്കുട രൂപതയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണ സന്ധ്യയില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ഹൃദയത്തില്‍ ആഴമേറിയ വിശ്വാസവും പ്രകൃതിയോടുള്ള വലിയ ആദരവും സഹോദരങ്ങളോടുള്ള സൗഹാര്‍ദവും ഏവരിലും നന്മ കൈവരിക്കുവാന്‍ സഹായിക്കുമെന്ന് ഫ്രാന്‍സീസ് പാപ്പ നമ്മെ ഉദ്ബോധിപ്പിച്ചു. സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ വലിയ മാതൃക നമുക്കു കാണിച്ചുതരികയും നിര്‍വചിക്കാനാകാത്ത കാരുണ്യത്തിന്റെ ചൈതന്യം പകര്‍ന്നു തരികയും ആ ചൈതന്യം ഉള്‍കൊണ്ടുകൊണ്ടു പ്രത്യാശയിലേക്കു നയിക്കണമെന്നും നമ്മെ ഉദ്ബോധിപ്പിച്ച പാപ്പയാണ് ഫ്രാന്‍സീസ് പാപ്പയെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു.
കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന അനുസ്മരണ ദിവ്യബലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അനുസ്മരണ ദിവ്യബലിക്കു ശേഷം നടന്ന ഒപ്പീസിന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മൈസൂര്‍ രൂപത മുന്‍ ബിഷപ് റവ.ഡോ. തോമസ് വാഴപ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി. കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച അനുസ്മരണറാലി ഠാണാ ജംഗ്ഷന്, ബസ് സ്റ്റാന്‍ഡ് വഴി ടൗണ്‍ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പായുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനത്തില്‍ ചാലക്കുടി എംഎല്‍എ സനീഷ്കുമാര് ജോസഫ്, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ.സി.കെ. ഗോപി, ഠാണാ ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി, എക്സ് ചീ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, മുന്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്മാന് എം.പി. ജാക്സണ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് അഡ്വ.കെ.ആര്. വിജയ, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ഡി. ലത, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി, എസ്എന്‍ബിഎസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. ശങ്കരന്‍കുട്ടി, ഹിന്ദു ഐക്യവേദി പ്രസിഡന്റ് നന്ദന്, സിപിഎം പ്രതിനിധി വി.എ. മനോജ്കുമാര്‍, സിപിഐ പ്രതിനിധി കെ. ശ്രീകുമാര്‍, ബിജെപി പ്രതിനിധി കൃപേഷ് ചെമ്മണ്ട, മുകുന്ദപുരം തഹസില്‍ദാര്‍ സിമേഷ് സാഹു, മുനിസിപ്പല്‍ സെക്രട്ടറി എ.എച്ച്. ഷാജിക്ക്, കത്തീഡ്രല്‍ ട്രസ്റ്റി ജോമോന് തട്ടില്‍ മണ്ടി എന്നിവര്‍ അനുസ്മരണപ്രഭാഷണങ്ങള്‍ നടത്തി. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍ നന്ദിയും പറഞ്ഞു.